27 February Thursday
ഗോകുലം കേരള–-ചർച്ചിൽ ബ്രദേഴ്‌സ്‌

ഐ ലീഗ്‌ ഫുട്‌ബോൾ: ധനരാജന്റെ ഓർമയിൽ ഗോകുലം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020


‌കോഴിക്കോട്
കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം തിങ്ങിനിറയട്ടെ. കളത്തിൽ ശ്വാസംനിലച്ച ആർ ധനരാജന്റെ കുടുംബത്തിനായി ഗോകുലം കേരള ഇന്ന്‌ പന്തുതട്ടുന്നു.  മത്സരത്തിന്റെ ടിക്കറ്റ്‌ വരുമാനം വിടപറഞ്ഞ മുൻ സന്തോഷ്‌ ട്രോഫി താരം ധനരാജന്റെ കുടുംബത്തിനായി മാറ്റിവച്ചാണ്‌ ഗോകുലം ഇന്നിറങ്ങുന്നത്‌. ഐ ലീഗ്‌ ഫുട്‌ബോളിൽ ചർച്ചിൽ ബ്രദേഴ്‌സാണ്‌ കേരള ടീമിന്‌ മുന്നിൽ. രാത്രി ഏഴിനാണ്‌ കിക്കോഫ്‌.

കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ സെവൻസ്‌ കളിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ധനരാജന്റെ മരണം. വിവാ കേരള, ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ എന്നീ ക്ലബ്ബുകൾക്കായെല്ലാം ഏറെക്കാലം കളിച്ചിരുന്നു ഈ പ്രതിരോധക്കാരൻ. നാൽപ്പതാം വയസ്സിലായിരുന്നു  കളത്തിൽനിന്ന്‌ എന്നേക്കുമായി വിടപറഞ്ഞത്‌.

ചർച്ചിലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ്‌ വരുമാനം ധനരാജന്റെ കുടുംബത്തിന്‌ നൽകുമെന്ന്‌ രണ്ടുദിനം മുമ്പാണ്‌ ഗോകുലം പ്രഖ്യാപിച്ചത്‌. പിന്നാലെ സന്ദേശ്‌ ജിങ്കൻ, ഐ എം വിജയൻ, ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്‌റ്റൻ സുനിൽ ഛേത്രി  ഉൾപ്പെടെയുള്ളവർ ടിക്കറ്റുകൾ സ്വന്തമാക്കി മത്സരത്തിനുള്ള പിന്തുണ അറിയിച്ചു. ജിങ്കൻ ആയിരം ടിക്കറ്റുകൾ വാങ്ങി. വിജയൻ 250ഉം ഛേത്രി 220 ടിക്കറ്റുകളും സ്വന്തമാക്കി. ചെന്നൈയിൻ എഫ്‌സിയും ഈ കൂട്ടത്തിലുണ്ട്‌. ഐഎസ്‌എൽ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയും സമൂഹമാധ്യമം വഴി പിന്തുണയറിച്ച്‌ രംഗത്തെത്തി.

40,000 ടിക്കറ്റുകളാണ്‌ ആകെ വിൽപ്പനയ്‌ക്ക്‌. ടിക്കറ്റ്‌ വിൽപ്പനയ്‌ക്ക്‌ മികച്ച പ്രതികരണമാണുള്ളത്‌. കളി കാണാൻ ധനരാജന്റെ കുടുംബവും ഉണ്ടാകും. മത്സരത്തിന്റെ ഇടവേളയിൽ തുക കുടുംബത്തിന്‌ കൈമാറും.  ലീഗിൽ അഞ്ചാമതാണ്‌ ഗോകുലം. അവസാന കളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ 3–-1ന്‌ തോറ്റാണ്‌ വരവ്‌.  ഇന്ന്‌ ജയിച്ചാൽ പട്ടികയിൽ നാലാമതെത്താം. ചർച്ചിൽ നാലാം സ്ഥാനത്താണ്‌.


പ്രധാന വാർത്തകൾ
 Top