30 November Tuesday

നൗകാമ്പിൽ റയൽ ; എൽ ക്ലാസിക്കോയിൽ ബാഴ്സയെ 2–1ന് വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

റയലിനായി ഗോളടിച്ച ഡേവിഡ് അലാബയുടെ ആഹ്ലാദം photo credit david alaba twitter


നൗകാമ്പ്‌
സീസണിലെ ആദ്യ ക്ലാസികോയിൽ ജയം കൊയ്‌ത്‌ റയൽ മാഡ്രിഡ്‌. നൗകാമ്പിൽ ബാഴ്സലോണയെ 2–-1ന്‌ കീഴടക്കി. ഡേവിഡ്‌ അലാബയും ലൂക്കാസ്‌ വാസ്‌ക്വസും റയലിനായി വലകണ്ടു. കളിയുടെ പരിക്കുസമയം സെർജിയോ അഗ്വേറോ ബാഴ്‌സയ്‌ക്കായി ഗോൾ മടക്കി. അർജന്റീനക്കാരന്റെ ബാഴ്‌സ കുപ്പായത്തിലെ ആദ്യ ഗോളാണിത്‌. ജയത്തോടെ റയൽ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ഒന്നാമതെത്തി. ബാഴ്‌സ എട്ടാമതായി. ഒമ്പത്‌ മത്സരത്തിൽ 20 പോയിന്റാണ്‌ റയലിന്‌. ഇത്രയും കളിയിൽ ബാഴ്‌സയ്‌ക്കുള്ളത്‌ 15. തോൽവിയോടെ ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ നില പരുങ്ങലിലായി.

പുതിയ തലമുറയുടെ ക്ലാസികോയായിരുന്നു ഇത്തവണ. 2004നുശേഷം സെർജിയോ റാമോസോ ലയണൽ മെസിയോ കളിക്കാത്ത ആദ്യപോരാട്ടം. നൗകാമ്പിൽ ശക്തർ റയലായിരുന്നു. മധ്യനിരയിലെ പരിചയസമ്പന്നരായ ടോണി ക്രൂസ്‌–-കാസെമിറോ–-ലൂക്കാ മോഡ്രിച്ച്‌ ത്രയം റയലിന്റെ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. മുന്നേറ്റത്തിൽ കരീം ബെൻസെമയ്‌ക്കൊപ്പം വിനീഷ്യസ്‌ ജൂനിയറും റോഡ്രിയും ചേർന്നു. പ്രതിരോധക്കാരൻ സെർജിനോ ഡെസ്റ്റിന്‌ മുന്നേറ്റത്തിൽ സ്ഥാനം നൽകിയാണ്‌ കൂമാൻ ബാഴ്‌സയെ ഒരുക്കിയത്‌. അൻസു ഫാറ്റിയും മെംഫിസ്‌ ഡിപെയും ഡെസ്റ്റിന്‌ കൂട്ടായി. ഗാവി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്‌, ഫ്രെങ്കി ഡി യോങ്‌ എന്നിവരായിരുന്നു മധ്യനിരയിൽ.

റയലിന്റെ മുന്നേറ്റങ്ങളോടെയാണ്‌ കളി തുടങ്ങിയത്‌. ഇടതുമൂലയിൽ വിനീഷ്യസിന്റെ വേഗത്തിന്‌ ഒപ്പമെത്താൻ ബാഴ്‌സ പ്രതിരോധം വിയർത്തു. ഈ ബ്രസീലുകാരൻ നിറഞ്ഞുകളിച്ചു. ഇതിനിടെ, ലീഡെടുക്കാൻ കിട്ടിയ സുവർണാവസരം ഡെസ്റ്റ്‌ ബാഴ്‌സയ്‌ക്കായി കളിഞ്ഞു. ഗോളിമാത്രം മുന്നിൽനിൽക്കവേ പന്ത്‌ പുറത്തടിച്ചു. 32–-ാം മിനിറ്റിലാണ്‌ അലാബയുടെ ഗോളെത്തിയത്‌. റോഡ്രി നൽകിയ പന്ത്‌ ഇടതുപാർശ്വത്തുനിന്ന്‌ അലാബ വലകയറ്റി. കളിയുടെ പരിക്കുസമയമായിരുന്നു വാസ്‌ക്വസിന്റെ രണ്ടാംഗോൾ. പിന്നാലെ അഗ്വേറോ ബാഴ്‌സയ്ക്ക്‌ ആശ്വാസമേകി. അടുത്തവർഷം മാർച്ച്‌ 20ന്‌ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ്‌ അടുത്ത ക്ലാസികോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top