20 October Tuesday

‘സുവാരസ്‌, നിങ്ങൾ ഇതിലേറെ അർഹിച്ചിരുന്നു’ ബാഴ്‌സ മാനേജ്‌മെന്റിനെതിരെ വീണ്ടും മെസി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

ലൂയിസ്‌ സുവാരസും ലയണൽ മെസിയും (ഫയൽ ചിത്രം)


നൗകാമ്പ്‌
ലൂയിസ്‌ സുവാരസിന്‌ ബാഴ്‌സലോണ മാനേജ്‌മെന്റ്‌ നല്ല രീതിയിൽ യാത്രയയപ്പ്‌ നൽകിയില്ലെന്ന്‌ ലയണൽ മെസി. ഇതിലും എത്രയോ അർഹിച്ചിരുന്ന കളിക്കാരനാണ്‌ സുവാരസ്‌. എന്നാൽ, ക്ലബ് മാനേജ്‌മെന്റ്‌ അത്‌ നൽകിയില്ല. ഇക്കാര്യത്തിൽ ക്ലബ്ബിന്റെ രീതി അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി തുറന്നടിച്ചു.

ഈ സീസണിൽ അത്‌ലറ്റികോ മാഡ്രിഡിനായി സുവാരസ്‌ ബൂട്ടുകെട്ടും.സാമൂഹ്യമാധ്യമമായ ഇൻസ്‌റ്റഗ്രാമിലായിരുന്നു മെസിയുടെ കുറിപ്പ്‌.

‘നിങ്ങൾ വളരെയേറെ അർഹിച്ചിരുന്നു. ക്ലബ് ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരിലൊരാൾ. എത്രയോ നേട്ടങ്ങൾ നൽകിയ കളിക്കാരൻ. ഇതുപോലെ വലിച്ചെറിയേണ്ട ഒരാളായിരുന്നില്ല നിങ്ങൾ. പക്ഷേ, ക്ലബ്ബിന്റ ഈ രീതി എന്നെ അത്ഭുതപ്പെടുത്തുന്നില്ല. അതാണ്‌ സത്യം. ഡ്രസിങ്‌ റൂമിൽ നിങ്ങളുടെ അസാന്നിധ്യം എന്നെ വേദനിപ്പിക്കുന്നു. കളത്തിലും പുറത്തും ഇനി നമ്മൾ ഒന്നിച്ചല്ല എന്ന യാഥാർഥ്യം ഉള്ളുപൊള്ളിക്കുന്നു. ഓർമകളിൽ ഒരുപാട്‌ മുഹൂർത്തങ്ങൾ നിറയുന്നു. മറ്റൊരു കുപ്പായത്തിൽ, അതിലേറെ എതിരാളിയായി കാണേണ്ടിവരുമെന്ന അവസ്ഥ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്‌. എങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആശംസകൾ നേരുന്നു. ഒരുപാട്‌ സ്‌നേഹം, ഉടനെ കാണാം പ്രിയകൂട്ടുകാരാ’–- മെസി കുറിച്ചു.

ഒരുവർഷത്തെ കരാർ ബാക്കിനിൽക്കെയാണ്‌ സുവാരസിന്റെ മടക്കം. പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാൻ സുവാരസിന്‌‌ അവസരമുണ്ടാകില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു ഈ ഉറുഗ്വേക്കാരൻ ടീം വിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top