23 January Wednesday
ലാ ലിഗ വേൾഡ്‌: ബ്ലാസ്‌റ്റേഴ്‌സ്‌ 0‐ മെൽബൺ സിറ്റി 6

ഗോൾമഴ; ബ്ലാസ്‌റ്റേഴ്‌സ്‌ തകർന്നു

നിഖിൽ രവീന്ദ്രൻUpdated: Wednesday Jul 25, 2018


കൊച്ചി > ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഓസ്ട്രേലിയൻ ലീഗ് ടീം മെൽബൺ സിറ്റി ഗോൾമഴയിൽ മുക്കി (0‐6). കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കനത്ത മഴയ്ക്കിടെയായിരുന്നു മെൽബൺ സിറ്റിയുടെ ഗോളടിമേളം. ഇരട്ടഗോൾ നേടിയ യുവതാരം റിലെ മഗ്രീയാണ് സിറ്റിയുടെ ജയത്തിന് നേതൃത്വംനൽകിയത്. എ ലീഗിലെ മിടുക്കന്മാരായ മെൽബൺ സിറ്റിക്കു മുന്നിൽ ബ്ലാസ്റ്റേഴ്സിന് നിലയുറപ്പിക്കാനായില്ല. തുടക്കംമുതൽ സിറ്റി ആക്രമണം അഴിച്ചുവിട്ടു. ആദ്യപകുതിയിൽ  രണ്ടുഗോളിന് മുന്നിലെത്തി. രണ്ടാംപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വലനിറച്ചു.

മൈക്കൽ ഹാല്ലോറണിന്റെ നേതൃത്വത്തിൽ ഇടതുപാർശ്വത്തിലൂടെയായിരുന്നു സിറ്റിയുടെ ആക്രമണം കൂടുതലും. പ്രതിരോധക്കാരൻ സിറിൾ കാലിയുടെ മികച്ചപ്രകടനവും ഗോളി ധീരജ് സിങ്ങിന്റെ ഇടപെടലുകളുമാണ് ആദ്യഘട്ടത്തിൽ സിറ്റിയെ തടഞ്ഞത്. ബ്ലാസ്റ്റേഴ്സിന് ആക്രമിച്ചുകളിക്കാനായില്ല. മധ്യനിരക്കാരൻ പ്രശാന്തും സ്ലവീസ സ്റ്റൊയാനോവിച്ചും ഇടയ്ക്ക് സിറ്റി ഗോൾമുഖത്തേക്ക് കയറിയെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. തുടക്കത്തിലെ പാളിച്ചയ്ക്കുശേഷം ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരാൻ ശ്രമിച്ചു. മാറ്റിച്ച് പൊപ്ലാട്നിക്കിന്റെ കോർണർ കിക്ക് ഗോൾമുഖത്ത് തട്ടിത്തെറിച്ച് വലയിലെത്തി. പക്ഷേ സ്റ്റൊയാനോവിച്ചിന്റെ  കൈയിൽ തട്ടിയതിനാൽ റഫറി ഫൗൾ വിളിച്ചു.

30‐ാംമിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച മികച്ച ക്രോസ് ഹെഡറിലൂടെ ലക്ഷ്യത്തിച്ച് ഡാരിയോ വിദോസിച്ച് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. നിമിഷങ്ങൾക്കുള്ളിൽ സിറ്റി ഗോൾ നേട്ടം രണ്ടാക്കി. ആന്തണി കസെറസിൽനിന്ന് പന്ത് സ്വീകരിച്ച് പത്തൊമ്പതുകാരൻ റിലെ മഗ്രീ മിന്നുന്ന ഷോട്ട് പായിച്ചു. ഇടവേളയ്ക്കുശേഷം കനത്തമഴ പെയ്തു. സിറ്റിയുടെ ആക്രമണങ്ങളുടെ തീവ്രത കൂടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ വരുത്തി. മധ്യനിരയിൽ ഘാനക്കാരൻ കറേജ് പെക്കൂസണും സക്കീറും റാക്കിപ്പുമെത്തി. പക്ഷേ ഇതൊന്നും ബ്ലാസ്റ്റേഴ്സിനെ ഉണർത്തിയില്ല.

ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിറയ്ക്കാൻ തുടങ്ങി. അനസ് എടത്തോടികയുടെ ശ്രമത്തെ മറികടന്ന് മൈക്കൾ ഹാലോറൺ തൊടുത്ത ഷോട്ട് ബ്ലാസ്റ്റഴേ്സ് ഗോളി ധീരജ് സിങ് തട്ടിയകറ്റി. എന്നാൽ പന്ത് പിടിച്ചെടുത്ത ലാച്ച്ലൻ വെയ്ൽസ് അനായാസം ഗോൾവല കുലുക്കി. തൊട്ടുപിന്നാലെ റിലെ മഗ്രീ ഇരട്ടഗോൾ സ്വന്തമാക്കി. ബ്രൂണോ ഫൊർണാറോ നൽകിയ ക്രോസിൽ നിന്നായിരുന്നു ഗോൾ. തകർത്തുപെയ്ത മഴയിലും തളരാതെ സിറ്റി ഗോളടിമേളം തുടർന്നു. കന്നോർ മെറ്റ്കാൾഫ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് തൊടുത്തുവിട്ട ഷോട്ട് അടിച്ചകറ്റുന്നതിൽ ജിങ്കന് പിഴച്ചു. അവസരം മുതലാക്കിയ  റാമി നജ്ജാറിൻ പന്ത് അനായാസം വലയിലാക്കി. തൊട്ടുപിന്നാലെ ബോക്സിലേക്ക് ഒറ്റയ്ക്ക് കുതിച്ച ബ്രൂണോ െഫാർണാറോ സിറ്റിജയം പൂർത്തിയാക്കി.27ന്‌ ജിറോണ എഫ്‌സിയും മെൽബൺ സിറ്റിയും തമ്മിലാണ്‌ അടുത്ത കളി. ബ്ലാസ്‌്റ്റേഴ്‌സ്‌ 28ന്‌ ജിറോണയെ നേരിടും.

പ്രധാന വാർത്തകൾ
 Top