17 November Sunday

അകത്താര‌് പുറത്താര‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


ലണ്ടൻ
ഗ്രൂപ്പ‌് ഘട്ടത്തിൽ ഇനി 14 മത്സരം ബാക്കി. 31 എണ്ണം അവസാനിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്ന ടീമുകൾതന്നെയാണ‌് സെമി സാധ്യതയിൽ ഇപ്പോഴും മുന്നിൽ. ന്യൂസിലൻഡ‌്, ഓസ‌്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട‌് ടീമുകളാണ‌് യഥാക്രമം ആദ്യ നാല‌് സ്ഥാനങ്ങളിൽ.ഇംഗ്ലണ്ടിനെ തോൽപ്പിച്ച‌് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയെ മടക്കി പാകിസ്ഥാനും സാധ്യത സജീവമാക്കി. വെസ‌്റ്റിൻഡീസിനെ തോൽപ്പിച്ച‌് ബംഗ്ലാദേശും സാധ്യത നിലനിർത്തി. വിൻഡീസിന‌് ഇനി കടുപ്പമാണ‌്. ദക്ഷിണാഫ്രിക്കയും അഫ‌്ഗാനിസ്ഥാനും പുറത്തായി.

ടീമുകളുടെ സാധ്യതകൾ

ന്യൂസിലൻഡ‌് (6 ക‌ളി, 11 പോയിന്റ‌്)
ന്യൂസിലൻഡും ഇന്ത്യയും മാത്രമാണ‌് ടൂർണമെന്റിലെ അപരാജിത സംഘങ്ങൾ. ന്യൂസിലൻഡിന‌് ഇനി മൂന്ന‌് കളി ബാക്കി. ഒരു ജയം മതി കിവികൾക്ക‌് സെമി ഉറപ്പിക്കാൻ. ദക്ഷിണാഫ്രിക്ക, ഓസ‌്ട്രേലിയ, ഇംഗ്ലണ്ട‌് ടീമുകളുമായാണ‌് ഇനിയുള്ള മത്സരങ്ങൾ. മൂന്ന‌് കളി തോറ്റാലും സാധ്യത ഇല്ലാതാകില്ല. മറ്റ‌് ടീമുകളുടെ പ്രകടനം പോലിരിക്കും സാധ്യതകൾ.

ഓസ‌്ട്രേലിയ (6 കളി, 10 പോയിന്റ‌്)
ഒരു ജയം മതി ഓസീസിന‌്. ഒരു കളി മാത്രമാണ‌് തോറ്റത‌്. ഇന്ത്യയോടായിരുന്നു തോൽവി. ഇംഗ്ലണ്ട‌്, ന്യൂസിലൻഡ‌്, ദക്ഷിണാഫ്രിക്ക ടീമുകളുമായാണ‌് ശേഷിക്കുന്ന മത്സരങ്ങൾ. ശേഷിക്കുന്ന കളി തോറ്റാലും ഓസീസിന്റെ സാധ്യത നിലനിൽക്കും. ശ്രീലങ്ക രണ്ട‌് കളി തോൽക്കുകയോ, ബംഗ്ലാദേശ‌്, പാകിസ്ഥാൻ ടീമുകൾ ഓരോ കളി തോൽക്കുകയോ ചെയ‌്താൽ 10 പോയിന്റ‌്തന്നെ മതിയാകും ഓസീസിന‌് സെമിയിൽ കടക്കാൻ.

ഇന്ത്യ (5 കളി, 9 പോയിന്റ‌്)
ന്യൂസിലൻഡുമായുള്ള  കളി മഴകാരണം ഉപേക്ഷിച്ചതിനാൽ ഒരു പോയിന്റ‌് നഷ്ടമായി. നാല‌് ക‌ളി ജയിച്ചു.  നാല‌് കളി ബാക്കി. രണ്ട‌് ജയമാണ‌് ഇന്ത്യക്ക‌് സെമി ഉറപ്പിക്കാൻ വേണ്ടത‌്. വെസ‌്റ്റിൻഡീസ‌്, ഇംഗ്ലണ്ട‌്, ശ്രീലങ്ക ബംഗ്ലാദേശ‌് ടീമുകളെയാണ‌് നേരിടേണ്ടത‌്. ഒരു കളി ജയിച്ചാലും സെമി സാധ്യതയുണ്ട‌്. മറ്റു ടീമുകളുടെ ജയപരാജയങ്ങൾകൂടി കണക്കിലെടുക്കേണ്ടിവരും.

ഇംഗ്ലണ്ട‌് (6 കളി, 8 പോയിന്റ‌്)
ശ്രീലങ്കയോട‌് തോറ്റതാണ‌് ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാക്കിയത‌്. പാകിസ്ഥാനോടും തോറ്റിരുന്നു. ഇന്ത്യ, ന്യൂസിലൻഡ‌്, ഓസീസ‌് ടീമുക‌ളുമായാണ‌് അടുത്ത മത്സരങ്ങൾ. എല്ലാ കളിയും തോറ്റാൽ ഇംഗ്ലണ്ട‌ിന‌് ഗ്രൂപ്പ‌് ഘട്ടത്തിൽതന്നെ മടങ്ങേണ്ടിവന്നേക്കും. ഒരു മത്സരം ജയിച്ചാലും സെമി ഉറപ്പില്ല. കാരണം ലങ്ക ശേഷിക്കുന്ന എല്ലാ കളിയും ജയിച്ചാൽ ഇംഗ്ലണ്ടിനെ മറികടക്കും.

എട്ട‌് പോയിന്റുമായി ഇംഗ്ലണ്ട‌് സെമിയിൽ കടക്കണമെങ്കിൽ,–- ലങ്ക ശേഷിക്കുന്ന എല്ലാ കളിയും തോൽക്കണം–- പാകിസ്ഥാനും ബംഗ്ലാദേശും രണ്ട‌് കളി തോൽക്കണം –- വിൻഡീസ‌് ഒരു കളി തോൽക്കണം

ശേഷിക്കുന്ന ടീമുകളിൽ ആറ‌് കളിയിൽ ആറ‌് പോയിന്റുള്ള ലങ്കയാണ‌് സാധ്യതയിൽ മുന്നിലുള്ളത‌്. അഞ്ചാം സ്ഥാനത്താണ‌് ലങ്ക. മൂന്ന‌് കളി ബാക്കി. ദക്ഷിണാഫ്രിക്ക, വിൻഡീസ‌്, ഇന്ത്യ ടീമുകളാണ‌് എതിരാളികൾ. ഒരു കളി തോറ്റാൽ പുറത്ത‌്. മൂന്നിലും ജയിച്ചാൽ 12 പോയിന്റ‌്. റൺനിരക്ക‌്, മറ്റ‌് ടീമുകളുടെ പ്രകടനങ്ങൾ എന്നിവകൂടി ഘടകമാകും.

ബംഗ്ലാദേശിന‌് ശേഷിക്കുന്ന രണ്ട‌് കളി ജയിച്ചാൽ 11 പോയിന്റ‌്. നിലവിൽ രണ്ട‌് ജയമുൾപ്പെടെ ആറ‌് കളിയിൽ അഞ്ച‌് പോയിന്റ‌്. പാകിസ്ഥാൻ, ഇന്ത്യ ടീമുകളുമായാണ‌് ബംഗ്ലാദേശിന്റെ മത്സരങ്ങൾ. 11 പോയിന്റുമായി യോഗ്യത നേടണമെങ്കിൽ,–- ലങ്ക എല്ലാ കളിയും തോൽക്കണം –- ഇംഗ്ലണ്ട‌് ഒന്നിൽക്കൂടുതൽ കളി ജയിക്കരുത‌്.

ആറ‌് കളിയിൽ അഞ്ച‌് പോയിന്റുള്ള പാകിസ്ഥാന‌് ശേഷിക്കുന്ന മൂന്ന‌് കളി നിർണായകം. ന്യൂസിലൻഡ‌്, ബംഗ്ലാദേശ‌്, അഫ‌്ഗാനിസ്ഥാൻ ടീമുകളാണ‌് എതിരാളികൾ. മൂന്ന‌് കളിയും ജയിച്ചാൽ 11 പോയിന്റ‌്.സെമിയിൽ എത്തണമെങ്കിൽ ,–-ഇംഗ്ലണ്ട‌് ഒന്നിൽക്കൂടുതൽ കളി ജയിക്കരുത‌്–-ബംഗ്ലാദേശും ലങ്കയും ഒരു കളിയെങ്കിലും തോൽക്കണം

വിൻഡീസ‌ിന‌് ആറ‌് കളിയിൽ മൂന്ന‌് പോയിന്റ‌് മാത്രമാണ‌്. ഇന്ത്യ, ലങ്ക, അഫ‌്ഗാൻ ടീമുകളുമായാണ‌് കളി. മൂന്നിലും ജയിച്ചാൽ ആകെ ഒമ്പത‌് പോയിന്റ‌്. സാധ്യത കുറവാണ‌്. ഇംഗ്ലണ്ട‌് എല്ലാ കളിയും തോൽക്കണം, ലങ്കയും ബംഗ്ലാദേശും ഒന്നിൽക്കൂടുതൽ ജയിക്കരുത‌്, പാകിസ്ഥാൻ രണ്ട‌് കളിയെങ്കിലും തോൽക്കണം. എങ്കിൽ വിൻഡീസിന‌് സാധ്യതയുണ്ട‌്.


പ്രധാന വാർത്തകൾ
 Top