15 October Tuesday

വമ്പൻമാർ കൊമ്പുകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ചപ്പോൾ പാകിസ്ഥാൻ താരങ്ങളുടെ ആഹ്ലാദം


ലോർഡ‌്സ‌്
ആഷസിലെ ചിരവൈരികളായ ഓസ‌്ട്രേലിയയും ഇംഗ്ലണ്ട‌ും ഇന്ന‌് ലോർഡ‌്സിൽ മുഖാമുഖം. പകൽ മൂന്നിനാണ‌് കളി. ഇവിടെ പരസ‌്പരം ഏറ്റുമുട്ടിയപ്പോൾ എട്ടുവട്ടം ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു‌.   അഞ്ച‌് തവണ ഓസ‌്ട്രേലിയ ജയിച്ചു. 

ഈ ലോകകപ്പിൽ  ആറ‌് കളിയിൽ ഇന്ത്യക്കെതിരെ മാത്രമാണ‌് ഓസീസ‌് തോറ്റത‌്.  പട്ടികയിൽ രണ്ടാമതാണ‌്. സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ 12 റണ്ണിന‌് തോൽപ്പിച്ചാണ‌് ഓസീസ‌് എത്തുന്നത‌്‌‌. അന്ന‌് മികച്ച പ്രകടനം പുറത്തെടുത്ത നതാൻ ല്യോണും ജാസൻ ബെഹറൻഡോർഫും ആദം സാമ്പയ‌്ക്കും നഥാൻ കൂൾട്ടർനൈലിനും പകരം ടീമിൽ ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണ‌്. ല്യോൺ ലോകകപ്പിൽ കളിച്ചിട്ടില്ല. ബെഹറൻഡോർഫ‌് ഒരു കള‌ിയിൽ ഇറങ്ങിയിരുന്നു. 

ഓൾ റൗണ്ട‌് പ്രകടനം പുറത്തെടുക്കുന്ന മാർകസ‌് സ‌്റ്റോയിനിസാണ‌് ഓസ‌ീസ‌് നിരയിൽ ശ്രദ്ധിക്കേണ്ട താരം‌. ഇംഗ്ലണ്ടിനെതിരെ സ്‌റ്റോയിനിസ്‌ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്‌. മധ്യനിരയിൽ റണ്ണുയർത്താനും നിർണായകസമയത്ത‌് വിക്കറ്റ‌് വീഴ‌്ത്താനും സ‌്റ്റോയിനിസിന‌് കഴിയും‌. ക്യാപ‌്റ്റൻ ആരോൺ ഫിഞ്ചും ഡേവിഡ‌് വാർണറും ചേർന്ന ഓപ്പണിങ‌് കൂട്ടുകെട്ട‌് അപകടം വിതയ‌്ക്കുന്നതാണ‌്. വാർണർറൺവേട്ടക്കാരിൽ 447 റണ്ണുമായി രണ്ടാമതുണ്ട്‌. 394 റണ്ണുമായി ഫിഞ്ച്‌ നാലാമതാണ്‌.
കിരീ‌ടപ്രതീക്ഷയുള്ള ഇംഗ്ലണ്ടാകട്ടെ ഇതിനകം പാകിസ‌്ഥാനോടും ശ്രീലങ്കയോടും തോറ്റു. അവർ നാലാമതാണ‌്. പരിക്കേറ്റ ജാസൺ റോയ‌് ഇംഗ്ലീഷ‌് നിരയിൽ കളിക്കില്ല. റോയിക്ക‌് പകരം ജെയിംസ‌് വിൻസെയായിരിക്കും ഓപ്പൺ ചെയ്യുക.  ഇടംകൈയൻ പേസ‌് ബൗളിങ്ങാണ‌് ഇംഗ്ലീഷ‌് ബാറ്റ‌്സ‌്മാൻമാർ ഭയക്കുന്നത‌്. പാക്കിസ‌്ഥാനും ശ്രീലങ്കയ‌്ക്കുമെതിരായ മത്സരങ്ങളിൽ ഇത‌് പ്രകടമായിരുന്നു. 

ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ പാകിസ‌്ഥാൻ ജയിച്ച ലോർഡ‌്സിലെ പിച്ച‌് ആരെയും തുണയ‌്ക്കുമെന്ന‌് വ്യക‌്തമായതാണ‌്.  തെളിഞ്ഞ കാലവസ‌്ഥയാണ‌് ലോർഡ‌്സിൽ. എന്നാലും ചെറിയ മഴ‌യ‌്ക്കും സാധ്യതയുണ്ട‌്.


പ്രധാന വാർത്തകൾ
 Top