20 August Tuesday

അർജന്റീന ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ഖത്തറിനെതിരെ അർജന്റീനയുടെ രണ്ടാംഗോൾ നേടിയ സെർജിയോ അഗ്വേറോയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ


പോർട്ടോ അലെഗ്ര
കോപ അമേരിക്കയിൽ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളിന‌് തോൽപ്പിച്ച‌് അർജന്റീന ക്വാർട്ടറിൽ കടന്നു. ലൗതാരോ മാർട്ടിനസും സെർജിയോ അഗ്വേറോയുമാണ‌് അർജന്റീനയ‌്ക്കായി ഗോൾ നേടിയത‌്. വെള്ളിയാഴ‌്ച രാത്രി 12.30ന‌് ക്വാർട്ടറിൽ വെനസ്വേലയാണ‌് എതിരാളി.

ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്താകുകയെന്ന നാണക്കേട‌്  ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ‌് അർജന്റീന ഇറങ്ങിയത‌്. മൂന്നാം മിനിറ്റിൽ ഏഷ്യയിൽനിന്നെത്തിയ അതിഥികൾക്കുമേൽ അർജന്റീന ആധിപത്യം ഉറപ്പിച്ചു. ഖത്തർ പ്രതിരോധതാരം ബാസം അൽറാവിയുടെ പിഴവിൽനിന്നായിരുന്നു ഇന്റർ മിലാൻ താരം മാർട്ടിനസിന്റെ ഗോൾ. അൽറാവിയുടെ പാസ‌് ലക്ഷ്യം തെറ്റി എത്തിയത്‌  ഇരുപത്തൊന്നുകാരനായ മാർട്ടിനസിന്റെ കാലുകളിലേക്കായിരുന്നു. മാർട്ടിനസിന്‌ ലക്ഷ്യം തെറ്റിയില്ല. ആദ്യപകുതിയിൽ പിന്നീട‌് മാർട്ടിനസിനും സെർജിയോ അഗ്വേറോയ‌്ക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല‌. ഖത്തറിനായി ബസം അൽറാവി  ഫ്രീകിക്ക‌് എടുത്തെങ്കിലും പാഴായി.

രണ്ടാം പകുതിയിലാണ‌് അർജന്റീനയ‌്ക്ക‌് ക്വാർട്ടർ ഉറപ്പാക്കാനായത‌്. രണ്ടാം പകുതിയുടെ പാതിക്കുശേഷം അർജന്റീൻ നിരയിൽ എത്തിയ പൗലോ ഡിബാല കളിയുടെ വേഗം വർധിപ്പിച്ചു. കളി തീരാൻ എട്ടു മിനിറ്റുള്ളപ്പോഴായിരുന്നു രണ്ടാം ഗോൾ. ഡിബാലയുടെ പാസിൽ പന്ത‌് ലഭിച്ച അഗ്വേറോ മികച്ച മുന്നേറ്റത്തിനൊടുവിൽ 15 വാര അകലെനിന്ന‌് പന്ത‌് വലയിലെത്തിക്കുകയായിരുന്നു. സൂപ്പർതാരം ലയണൽ മെസി കഴിഞ്ഞ മത്സരങ്ങളേക്കാൾ മങ്ങിപ്പോയി.

മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വേയെ തോൽപ്പിച്ചു (1‐0). ഗുസ്‌താവോ ക്വയല്ലറാണ്‌ ഗോളടിച്ചത്‌. കൊളംബിയയോട‌് തോൽക്കുകയും‌ പരാഗ്വേയോട‌് സമനില വഴങ്ങുകയും ചെയ‌്ത അർജന്റീന ഈ ജയത്തോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ‌് ക്വാർട്ടർ യോഗ്യത നേടിയത‌്. കൊളംബിയയാണ‌് ഒന്നാമത‌്. രണ്ടു പോയിന്റുമായി പരാഗ്വേയാണ‌് മൂന്നാമത‌്. അവസാനക്കാരായാണ‌് അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ‌ഖത്തർ മടങ്ങിയത‌്. വെള്ളിയാഴ‌്ച ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top