18 June Tuesday

ഇന്ത്യ ഇന്ന‌് തുടങ്ങുന്നു; ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

വിരാട്‌ കോഹ്‌ലി പരിശീലനത്തിന്‌ ഇറങ്ങുന്നു

ലണ്ടൻ> ലോകകപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങ‌ളിലേക്ക‌് ഇന്ത്യ. ആദ്യ സന്നാഹ മത്സരമാണ‌് ഇന്ന‌്. ന്യൂസിലൻഡാണ‌് എതിരാളികൾ. മത്സരം കെനിങ‌്ടൺ ഓവലിൽ നടക്കും. ഇംഗ്ലണ്ടിലേക്ക‌് അവസാനം എത്തിച്ചേർന്ന സംഘങ്ങളിലൊന്ന‌ാണ‌് ഇന്ത്യ. ഐപിഎൽ കഴിഞ്ഞ‌് വിശ്രമത്തിലായിരുന്നു കളിക്കാർ. രണ്ട‌ു ദിവസംമുമ്പാണ‌് ടീം ഇംഗ്ലണ്ടിൽ എത്തിയത‌്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ മെരുക്കാനുള്ള അവസരമാണ‌് കളിക്കാർക്കിത‌്. ബാറ്റിങ്ങിന‌് അനുകൂലമാണ‌് ഇവിടുത്തെ വിക്കറ്റുകൾ. ശക്തി–-ദൗബർല്യങ്ങൾ അവസാനമായി വിലയിരുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട‌്. നാലാം നമ്പറിലെ ആശങ്ക അവസാനിപ്പിക്കണം. 28ന‌് ബംഗ്ലാദേശുമായാണ‌് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ലോകകപ്പിൽ ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയുമായിട്ടാണ‌് ഇന്ത്യയുടെ ആദ്യ കളി. 1992നുശേഷം ആദ്യമായി എല്ലാ ടീമുകളും പരസ‌്പരം മത്സരിക്കുന്ന ലോകകപ്പാണിത‌്. മികച്ച നാല‌് സ്ഥാനക്കാർ സെമിയിലേക്ക‌് കടക്കും. അതിനാൽ എല്ലാ മത്സരങ്ങളും നിർണായകമാണ‌്.

ലോക റാങ്കിങ‌് പട്ടികയിൽ ആതിഥേയരായ ഇംഗ്ലണ്ടിന‌ു പിന്നിൽ രണ്ടാം സ്ഥാനത്താണ‌് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ‌് നിരയുമായാണ‌് ഇന്ത്യ ലോകകപ്പിനെത്തിയത‌്. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി മുന്നിൽ നിൽക്കുന്നു. ഏത‌ു ബൗളറെയും ആധികാരികമായി നേരിടാൻ കോഹ‌്‌ലിക്ക‌് കഴിയും. നിലയുറപ്പിച്ച‌ുകഴിഞ്ഞാൽ വീഴ‌്ത്താൻ എതിരാളികൾ വിഷമിക്കും. കോഹ‌്‌ലി കഴിഞ്ഞാൽ രോഹിത‌് ശർമയാണ‌് ഇന്ത്യൻ ബാറ്റിങ‌് നിരയിലെ ശക്തികേന്ദ്രം. രോഹിതിന‌് അനുയോജ്യമാണ‌് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ. ചാമ്പ്യൻസ‌് ട്രോഫിയിൽ ഇംഗ്ലണ്ടിൽ റണ്ണൊഴുക്കിയ ശിഖർ ധവാനാണ‌് മറ്റൊരു പ്രധാന താരം.

ലോകേഷ‌് രാഹുൽ, ദിനേശ‌് കാർത്തിക‌്, വിജയ‌് ശങ്കർ എന്നിവർക്ക‌് നിർണായകമാണ‌് ഇന്നത്തെ ന്യൂസിലൻഡുമായുള്ള കളി. നാലാം നമ്പറിൽ ഇവരിൽ ഒരാളെ കളിപ്പിക്കാൻ സാധ്യതയുണ്ട‌്. ഹാർദി‌ക‌് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ന‌് കളിച്ചേക്കും. പേസർമാരെ ജസ‌്പ്രീത‌് ബുമ്ര നയിക്കും. ഭുവനേശ്വർ കുമാർ, മുഹമ്മദ‌് ഷമി എന്നിവരും ഇറങ്ങിയേക്കും. കൈക്കുഴ സ‌്പിന്നർമാരായ കുൽദീപ‌് യാദവും യു‌ശ‌്‌വേന്ദ്ര ചഹാലും ഇംഗ്ലണ്ടിലെ പിച്ചുകളിൽ അത്ഭുതം കാട്ടാൻ കഴിവുള്ളവരാണ‌്. ഇവരിലൊരാൾ ഇന്ന‌് ന്യൂസിലൻഡിനെതിരെ കളിച്ചേക്കും.

കെയ‌്ൻ വില്യംസനാണ‌് ന്യൂസിലൻഡിനെ നയിക്കുന്നത‌്. ഫെബ്രുവരിയിലാണ‌് അവസാനമായി ന്യൂസിലൻഡ‌് ഏകദിനം കളിച്ചത‌്. സന്നാഹ മത്സരത്തിലൂടെ ടീമിന‌് ഒത്തിണക്കം ഉണ്ടാക്കുകയാണ‌് വില്യംസന്റെ പ്രധാന ജോലി. റോസ‌് ടെ‌യ‌്‌ലറാണ‌് ഏകദിനത്തിൽ ന്യൂസിലൻഡിന്റെ പ്രധാന കളിക്കാരൻ. മികച്ച ഫോമിലാണ‌് ടെയ‌്‌ലർ. ഇന്ന്‌ നടക്കുന്ന മറ്റൊരു സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.


പ്രധാന വാർത്തകൾ
 Top