18 August Sunday

സ്‌പാനിഷ്‌ ലീഗ്‌ : ബാഴ‌്സ അരികെ

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

അലാവെസിനെതിരെ ഗോൾ നേടിയ ബാഴ്‌സയുടെ സുവാരസും അലേന്യയും


മാഡ്രിഡ‌്
സ‌്പാനിഷ‌് ലീഗ‌് ഫുട‌്ബോൾ കിരീടത്തിലേക്ക‌് ബാഴ‌്സലോണ അടുത്തു. ഡിപൊർടീവോ അലാവെസിനെ 2–-0ന‌് തോൽപ്പിച്ചാണ‌് ബാഴ‌്സയുടെ മുന്നേറ്റം. നാല‌് കളി ശേഷിക്കെ രണ്ടാമതുള്ള അത‌്‌ലറ്റികോ മാഡ്രിഡിനെക്കാൾ 12 പോയിന്റ‌് മുന്നിലാണ‌് ബാഴ‌്സ.  അടുത്ത കളിയിൽ അത‌്‌ലറ്റികോ വലെൻസിയയോട‌് തോറ്റാൽ നാല‌് കളി ശേഷിക്കെതന്നെ ബാഴ‌്സയ‌്ക്ക‌് ചാമ്പ്യൻമാരാകാം.

34 കളിയിൽ 80 പോയിന്റാണ‌് ബാ‌ഴ‌്സയ‌്ക്ക‌്. അത‌്‌ലറ്റികോയ‌്ക്ക‌് 33 കളിയിൽ 68.33 കളിയിൽ 64 പോയിന്റുള്ള റയൽ മാഡ്രിഡാണ‌് മൂന്നാം സ്ഥാനത്ത‌്.
ലയണൽ മെസിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ‌്  പരിശീലകൻ ഏണസ‌്റ്റോ വാൽവെർദെ ബാഴ‌്സയെ ഇറക്കിയത‌്. ലൂയിസ‌് സുവാരസും കാർലെസ്‌ അലേന്യയും ബാഴ‌്സയ‌്ക്കായി ഗോളടിച്ചു. മെസി അവസാനഘട്ടത്തിൽ കളത്തിലെത്തി. ചാമ്പ്യൻസ‌് ലീഗ‌് സെമിയിൽ കടന്ന ബാഴ‌്സ കരുതലോടെയാണ‌് നീങ്ങുന്നത‌്. ലീഗിൽ വലിയ ബുദ്ധിമുട്ടില്ലാതെതന്നെ കിരീടം നേടാ‌മെന്ന കണക്കുകൂട്ടലിലായിരുന്നു ബാഴ‌്സ. അലാവെസിനെതിരായ ജയത്തോടെ കിരീടം ഏറെക്കുറെ ഉറപ്പായി. ഇനി ചാമ്പ്യൻസ‌് ലീഗിൽ മാത്രമായിരിക്കും ബാഴ‌്സയുടെ ശ്രദ്ധ. മെയ‌് ഒന്നിന‌ാണ‌് ആദ്യപാദ സെമി. ലിവർപൂളാണ‌് എതിരാളികൾ. അതിന‌് മുമ്പ‌് ലീഗിൽ ലെവന്റെയുമായി കളിക്കണം.

മെസിക്ക‌് പുറമെ ജോർഡി ആൽബ, ആർതർ എന്നിവരും അലാവെസിനെതിരെ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടില്ല. മുന്നേറ്റത്തിൽ സുവാരസ‌്–-ഉസ‌്മാൻ ഡെംബെലെ–- ഫിലിപ‌് കുടീന്യോ സഖ്യത്തെയാണ‌് വാൽവെർദെ പരീക്ഷിച്ചത‌്. മധ്യനിരയിൽ സെർജിയോ ബുസ‌്ക്വെറ്റ‌്സും അർട്യൂറോ വിദാലും കണ്ണിച്ചേർന്നു.
തുടക്കം മുതൽ ബാഴ‌്സയുടെ നിയന്ത്രണത്തിലായിരുന്നു കളി. സുവാരസ‌് അലാവെസ‌് പ്രതിരോധ നിരയെ കാര്യമായി പരീക്ഷിച്ചു. സുവാരസിന്റെയും കുടീന്യോയുടെയും ഷോട്ടുകൾ അലാവെസ‌് ഗോൾ കീപ്പർ ഫെർണാണ്ടോ പച്ചേകോ തടഞ്ഞു. ആദ്യപകുതിയിൽ കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ബാഴ‌്സയ‌്ക്ക‌് കഴിഞ്ഞില്ല. മെസിയുടെ അഭാവം ബാധിച്ചു.

ഇടവേളയ‌്ക്കുശേഷം കളി മാറി. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ അലേന്യ ബാഴ‌്സയ‌്ക്ക‌് ലീഡൊരുക്കി. വലതുബാക്ക‌് സെർജിയോ റോബെർട്ടോയാണ‌് അവസരമൊരുക്കിയത‌്. റോബെർട്ടോയുടെ കൃത്യമായ പാസ‌് അലേന്യ പിടിച്ചെടുത്തു. ഈ സ‌്പാനിഷുകാരൻ അലാവെസ‌് ഗോൾ കീപ്പറെ മറികടന്നു. ബാഴ‌്സ രണ്ടാമതും ലക്ഷ്യം കണ്ടു. ഇക്കുറി ജെറാർഡ‌് പിക്വെയുടെ അടിയായിരുന്നു. റഫറി ഓഫ‌് സൈഡ‌് വിധിച്ചു. എന്നാൽ ഇതിനിടെ പന്ത‌് അലാവെസ‌് താരം തോമസ‌് പിനയുടെ കൈയിൽ തട്ടിയതായി തെളിഞ്ഞു. വാറിൽ പെനൽറ്റി തീരുമാനിക്കപ്പെട്ടു. സുവാരസ‌് എളുപ്പത്തിൽ ഗോൾ കീപ്പറെ കീഴടക്കി.രണ്ട‌് ഗോൾ ലീഡ‌് നേടിയ ശേഷം ബാഴ‌്സ മെസിയെ കളത്തിലിറക്കി. ആർതറും ആൽബയുമെത്തി. മെസി ഒരു തവണ ഗോ‌ളിന‌് അരികെയത്തി. ഗോൾ കീപ്പർ പച്ചേകോ തടഞ്ഞു. സീസണിൽ മെസിക്ക‌് 33 ഗോളാണ‌് ലീഗിൽ.

മൂന്ന‌് കിരീടമാണ‌് ബാഴ‌്സ ലക്ഷ്യമിടുന്നത‌്. ലീഗും ചാമ്പ്യൻസ‌് ലീഗും സ‌്പാനിഷ‌് കിങ‌്സ‌് കപ്പും. കിങ‌്സ‌് കപ്പിന്റെ ഫൈനലിൽ കടന്നിട്ടുണ്ട‌്. മെയ‌് 25ന‌് വലെൻസിയയുമാണ‌് ബാഴ‌്സയുടെ കിരീടപ്പോര‌്. കിങ‌്സ‌് കപ്പിൽ കഴിഞ്ഞ നാല‌് സീസണിലും ബാഴ‌്സയ‌്ക്കായിരുന്നു കിരീടം.


പ്രധാന വാർത്തകൾ
 Top