26 May Sunday

റാമോസ‌് ഗോളിൽ സ‌്പെയ‌്ൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019


മാഡ്രിഡ‌്
പ്രതിരോധക്കാരൻ സെർജിയോ റാമോസിന്റെ പെനൽറ്റി ഗോ‌ളിൽ സ‌്പെയ‌്നിന‌് നോർവെയ‌്ക്കെതിരെ ജയം. യൂറോ കപ്പ‌് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട‌ു ഗോളിന‌ാണ‌് സ‌്പെയ‌്ൻ നോർവെയെ മറികടന്നത‌്. മറ്റൊരു മത്സരത്തിൽ ഇറ്റലി ഫിൻലൻഡിനെ രണ്ട‌ു ഗോളിന‌് തോൽപ്പിച്ചു.നോർവെയ‌്ക്കെതിരെ കളിയിലുടനീളം നിയന്ത്രണം നേടിയിട്ടും ഗോൾ തൊടുക്കാൻ സ‌്പെയ‌്ൻ വിഷമിച്ചു. 75 ശതമാനമായിരുന്നു പന്തിന്മേലുള്ള നിയന്ത്രണം. 26 ഷോട്ടുകൾ പായിച്ചു. റോഡ്രിഗോയാണ‌് സ‌്പെയ‌്നിന്റെ ആദ്യഗോൾ നേടിയത‌്. തുടർന്ന‌് അൽവാരോ മൊറാട്ടയ‌്ക്ക‌് നല്ല അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല.  നോർവെയുടെ പ്രതിരോധം മികച്ചുനിന്നു. മൊറാട്ടയുടെ ഷോട്ട‌് ഗോൾകീപ്പർ റൂൺ യാറെസ‌്റ്റെയ‌്ൻ തട്ടിയകറ്റി.

ഇടവേളയ‌്ക്കുശേഷം നോർവെ ഒപ്പമെത്തി. ബ്യോൺ ജോൺസണെ സ‌്പെയ‌്ൻ പ്രതിരോധക്കാരൻ ഇനിഗോ മാർട്ടിനെസ‌് വീഴ‌്ത്തിയതിന‌് നോർവെയ‌്ക്ക‌് പെനൽറ്റി. ജോഷ്വ കിങ്ങിന്റെ കിക്ക‌് സ‌്പാനിഷ‌് ഗോൾകീപ്പർ ഡേവിഡ‌് ഡെഗയയെ മറികടന്നു.സ‌്പെയ‌്ൻ പരുങ്ങിനിൽക്കുമ്പോഴാണ‌് ക്യാപ്റ്റൻ റാമോസ‌് രക്ഷയ‌്ക്കെത്തുന്നത‌്. മൊറാട്ടയെ ബോക‌്സിൽവച്ച‌് ഗോൾകീപ്പർ യാറെസ‌്റ്റെയ‌്ൻ ഫൗൾചെയ‌്തു. സ‌്പെയ‌്നിന‌് പെനൽറ്റി. റാമോസ‌് കിക്കെടുത്തു. പനേങ്ക കിക്കിലൂടെ റാമോസ‌് നോർവെ ഗോൾ കീപ്പറെ കീഴടക്കി.
ഈ സീസണിൽ റാമോസിന്റെ അഞ്ചാമത്തെ പനേങ്ക കിക്കാണിത‌്. ആകെ 10 തവണ പെനൽറ്റിയിലൂടെ ഈ റയൽ മാഡ്രിഡ‌് താരം ഗോൾ നേടി. കളിജീവിതത്തിൽ ആകെ 90 ഗോളും തികച്ചു ഈ പ്രതിരോധക്കാരൻ.

ചൊവ്വാഴ‌്ച മാൾട്ടയ‌്ക്കെതിരെയാണ‌് സ‌്പെയ‌്നിന്റെ അടുത്ത കളി.കൗമാരക്കാരൻ മോയ‌്സ‌് കീനാണ‌് ഫിൻലൻഡിനെതിരെ ഇറ്റലിക്കുവേണ്ടി തകർത്തുകളിച്ചത‌്. ഇറ്റലിക്കുവേണ്ടി രണ്ടാമത്തെ മത്സരം മാത്രം കളിക്കുന്ന ഈ പത്തൊമ്പതുകാരൻ ഒരു ഗോളും നേടി. നിക്കോളോ  ബറെല്ലായാണ‌് ഇറ്റലിയുടെ ആദ്യഗോളടിച്ചത‌്. 2018 ലോകകപ്പിന‌് യോഗ്യത കിട്ടാതെ മടങ്ങിയ ഇറ്റലി പുതിയ പരിശീലകൻ റോബർട്ടോ മാഞ്ചീനിക്കു കീഴിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ‌്. ലോകകപ്പിനുശേഷമുള്ള മത്സരങ്ങളിലും വലിയ വിജയമുണ്ടായില്ല. കഴിഞ്ഞ 18 കളികളിൽ ഒരു ഗോളിനെക്കാൾ കൂടുതൽ നേടിയത‌് രണ്ട‌ുതവണ മാത്രമാണ‌്. കീനിനെ മുൻനിർത്തിയായിരുന്നു മാഞ്ചീനിയുടെ പരീക്ഷണം. ഈ സീസണിൽ യുവന്റസിനായി നാല‌ു ഗോൾ നേടിയ കീൻ ദേശീയകുപ്പായത്തിലും തിളങ്ങി‌. സിറോ ഇമ്മൊബീലിന്റെ പാസിൽനിന്നായിരുന്നു മൊൾഡോവയ‌്ക്കെതിരെ കീൻ ഗോളടിച്ചത‌്.

അവസാനഘട്ടത്തിൽ ഫെഡറികോ ബെർണാഡേഷിക്ക‌ു കിട്ടിയ അവസരം പാഴായി. മറ്റ‌ു മത്സരങ്ങളിൽ ഗ്രീസ‌് രണ്ട‌ു ഗോളിന‌് ലിച്ചെൻസ‌്റ്റെയ‌്നെയും ബോസ‌്നിയ ആൻഡ‌് ഹെർസെഗൊവിന അർമേനിയയെ 2–-1നും തോൽപ്പിച്ചു.


പ്രധാന വാർത്തകൾ
 Top