29 February Saturday

കിവീസിൽ ശ്രേയസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

വിജയശേഷം ശ്രേയസ്‌ അയ്യരെ പുണരുന്ന മനീഷ്‌ പാണ്ഡെ


ഓക്‌ലൻഡ്‌
തെളിയിക്കാനുള്ളതെല്ലാം ഒരിക്കൽക്കൂടി ശ്രേയസ്‌ അയ്യർ തെളിയിച്ചു. നാലാം നമ്പറിൽ നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണെന്ന്‌ ഏദെൻ പാർക്കിൽ ബാറ്റ്‌ ഉയർത്തി ശ്രേയസ്‌ വ്യക്തമാക്കി. ന്യൂസിലൻഡ്‌ ഉയർത്തിയ 204 റൺ ലക്ഷ്യം ശ്രേയസിന്റെ ബാറ്റിലൂടെയാണ്‌ ഇന്ത്യ മറികടന്നത്‌.

ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി–-20യിൽ ആറ്‌ വിക്കറ്റിനായിരുന്നു ജയം. 29 പന്തിൽ 58 റണ്ണുമായി പുറത്താകാതെനിന്ന ശ്രേയസാണ്‌ വിജയശിൽപ്പി. ഓപ്പണർ ലോകേഷ്‌ രാഹുൽ (27 പന്തിൽ 56), ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (32 പന്തിൽ 45) എന്നിവരും തകർപ്പൻ കളി പുറത്തെടുത്തു. രോഹിത്‌ ശർമ ഏഴു റണ്ണെടുത്ത്‌ പുറത്തായി. 19–-ാം ഓവറിന്റെ അവസാന പന്തിൽ ടിം സൗത്തിയെ സിക്‌സർ പറത്തിയായിരുന്നു ശ്രേയസ്‌ ജയമാഘോഷിച്ചത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ അഞ്ചിന്‌ 203 റണ്ണെടുത്തു.കൂറ്റൻ ലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യക്ക്‌ രോഹിതിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും രാഹുൽ ഏദെൻ പാർക്കിലെ ചെറുമൈതാനത്ത്‌ സിക്‌സറുകളുമായി കുതിച്ചു. ഒമ്പതോവർ കഴിയുമ്പോഴേക്കും ഇന്ത്യ 100 കടന്നിരുന്നു. മൂന്ന്‌ സിക്‌സറും നാല്‌ ബൗണ്ടറികളുമായി കളംഭരിച്ച രാഹുലിനെ ഇഷ്‌ സോധിയാണ്‌ മടക്കിയത്‌. പത്തോവറിൽ 2–-115 എന്ന നിലയിൽ ശ്രേയസ്‌ കളത്തിലെത്തി.

വിദേശമണ്ണിലെ ആദ്യ ട്വന്റി–-20യായിരുന്നു ഈ ഇരുപത്തഞ്ചുകാരന്‌. നാലാം നമ്പറിൽ നല്ല പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ നിഴലിലായിരുന്നു ശ്രേയസ്‌. ഏദെൻ പാർക്കിൽ അതൊക്കെ മാറ്റിയെടുത്തു ഈ വലംകൈയൻ. കിവി ബൗളർമാരായ ടിം സൗത്തിയും ഹമീഷ്‌ ബെന്നെറ്റും ശ്രേയസിന്റെ തല ലക്ഷ്യമാക്കി പന്ത്‌ തൊടുത്തു. കീഴടങ്ങിയില്ല. ഇതിനിടെ കോഹ്‌ലി പുറത്തായി. ഇന്ത്യ 12 ഓവറിൽ 129.

കിവികൾ ജയം മണത്തു. 14–-ാം ഓവറിൽ ശിവം ദുബെയും (9 പന്തിൽ 13) മടങ്ങി. ശ്രേയസ്‌ ഒരറ്റത്ത്‌ ആരംഭിക്കുകയായിരുന്നു. 25 പന്തിൽ അരസെഞ്ചുറി പൂർത്തിയാക്കി. ബെന്നെറ്റിനെ തുടർച്ചയായ രണ്ട്‌ ബൗണ്ടറികൾ പായിച്ച്‌ ലക്ഷ്യം ചെറുതാക്കി. രണ്ടോവറിൽ 18 റൺ വേണ്ടിയിരിക്കെ സൗത്തിയെ രണ്ട്‌ സിക്‌സറിനും ഒരു ബൗണ്ടറിക്കും ശിക്ഷിച്ച്‌ ഇന്ത്യക്ക്‌ അനായാസ ജയവുമൊരുക്കി. മൂന്ന്‌ സിക്‌സറും അഞ്ച്‌ ബൗണ്ടറികളുമായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സിൽ. 12 പന്തിൽ 14 റണ്ണുമായി മനീഷ്‌ പാണ്ഡെയും ജയത്തിൽ പങ്കാളിയായി.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡിന്‌ മുൻനിര ബാറ്റ്‌സ്‌മാൻമാർവൻ സ്‌കോറൊരുക്കി. കോളിൻ മൺറോയും (42 പന്തിൽ 59) മാർടിൻ ഗുപ്‌റ്റിലും (19 പന്തിൽ 30) ഒന്നാന്തരം തുടക്കം നൽകി. കെയ്‌ൻ വില്യംസണും (26 പന്തിൽ 51) റോസ്‌ ടെയ്‌ലറും (27 പന്തിൽ 54*) ചേർന്നാണ്‌ 200 കടത്തിയത്‌.

ഇന്ത്യൻ ടീമിൽ ഋഷഭ്‌ പന്തിനു പകരം രാഹുലാണ്‌ വിക്കറ്റ്‌ കീപ്പറായത്‌. മലയാളിതാരം സഞ്‌ജു സാംസണെയും പരിഗണിച്ചില്ല. അഞ്ചുമത്സര പരമ്പരയിലെ രണ്ടാമത്തേത്‌ ഞായറാഴ്‌ച നടക്കും.


പ്രധാന വാർത്തകൾ
 Top