27 September Sunday

ഇതാ കോകോ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


മെൽബൺ
അറുപത്തേഴു മിനിറ്റ്‌. പതിനഞ്ചുകാരി കോറി കോകോ ഗൗഫിന്റെ റാക്കറ്റ്‌ മെൽബൺ പാർക്കിലെ റോഡ്‌ ലാവെർ അരീനയെ വിസ്‌മയിപ്പിച്ചു. കളത്തിൽ പ്രായത്തിനെ തോൽപ്പിച്ച്‌ കോകോ നിറഞ്ഞാടിയപ്പോൾ വീണത്‌ നിലവിലെ ചാമ്പ്യൻ നവോമി ഒസാക. ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഒസാകയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ മടക്കി അത്ഭുത ബാലിക കോകോ ടെന്നീസ്‌ ലോകത്തിലേക്കുള്ള വരവ്‌ വിളംബരം ചെയ്‌തു. സ്‌കോർ: 6–-3, 6–-4.

കോർട്ടിൽ കോകോയുടെ റാക്കറ്റിനു മുമ്പിൽ മറുപടികളൊന്നും ഉണ്ടായില്ല ഒസാകയ്‌ക്ക്‌. ആഗസ്‌തിൽ യുഎസ്‌ ഓപ്പൺ മൂന്നാം റൗണ്ടിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന്‌ ജപ്പാൻകാരി കോകോയെ തകർത്തുവിട്ടു. നാല്‌ മാസങ്ങൾക്കുശേഷം മെൽബണിൽ കഥ മാറി. സർവുകൾക്ക്‌ മൂർച്ചകൂട്ടി, എതിരാളിയുടെ പിഴവ്‌ മനസ്സിലാക്കി, പുതിയ ഊർജവുമായി കോകോയെത്തി. 

കൃത്യതയായിരുന്നു അമേരിക്കക്കാരിയുടെ മുതൽക്കൂട്ട്‌. ഇരുസെറ്റുകളുടെയും തുടക്കത്തിൽ മാത്രമായിരുന്നു നിലവിലെ ചാമ്പ്യൻ കോകോയ്‌ക്ക്‌ വെല്ലുവിളി ഉയർത്തിയത്‌. പിന്നാലെ കീഴടങ്ങി. മത്സരത്തിലാകെ മൂന്നുവട്ടം മാത്രമാണ്‌ ഒസാക മുന്നിലെത്തിയത്‌. ലോക നാലാം നമ്പറുകാരിയാണ്‌ ഒസാക. കോകോയാകട്ടെ 67–ാമതും.

രണ്ടുവർഷം മുമ്പ്‌ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയറിൽ ഒന്നാം റൗണ്ടിൽ പടിയിറങ്ങിയിരുന്നു കോകോ. ഇത്തവണ ഒന്നാം റൗണ്ടിൽ വീനസ്‌ വില്യംസിനെ കീഴടക്കിയായിരുന്നു തുടക്കം. ‘വിശ്വസിക്കാനാകുന്നില്ല. ഈ ഊർജം എവിടെനിന്നു വന്നതെന്ന്‌ അറിയില്ല. പോരാട്ടം തുടരും’‐ വിജയശേഷം കോകോ പറഞ്ഞു. നാലാം റൗണ്ടിൽ ചൈനയുടെ സാങ്‌ ഷായുവോ, നാട്ടുകാരിയായ സോഫിയ കെനിനോ ആകും കോകോയുടെ എതിരാളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top