12 November Tuesday

മെഡലുകൾ വേദന മാറ്റില്ല, എനിക്ക്‌ മതിയായി, ബൈ ബൈ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

മാരിയേക്‌ വെർവുർട്ട്‌ പ്രിയപ്പെട്ട വളർത്തുനായക്കൊപ്പം


ബ്രസൽസ്‌
പാരാലിമ്പിക്‌സ്‌ ചാമ്പ്യനായ മാരിയേക്‌ വെർവുർട്ട്‌ രണ്ട്‌ വർഷം മുമ്പ്‌ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘മെഡലുകൾ വേദന മാറ്റില്ല കൂട്ടുകാരേ. ഞാനെത്രകാലമായി വേദന സഹിച്ച്‌ ജീവിക്കുന്നു. നിങ്ങൾ കാണുന്ന ഞാൻ സന്തോഷവതിയാണ്‌. മെഡലുകളുടെ കൂമ്പാരം, പ്രശസ്‌തിയുടെ തിളക്കം, ആവശ്യത്തിലേറെ പണം. പക്ഷേ, നിങ്ങളറിയാത്ത ഒരു ഞാനുണ്ട്‌. പത്ത്‌ മിനിറ്റിൽ കൂടുതൽ ഞാനുറങ്ങിയിട്ട്‌ എത്ര വർഷങ്ങൾ ആയെന്നറിയാമോ?’

വെർവുർട്ട്‌ വേദന നിറഞ്ഞ ജീവിതം ദയാവധത്തിലൂടെ അവസാനിപ്പിച്ചു. നാൽപ്പതുകാരിയായ പാരാലിമ്പിക്‌സ്‌ അത്‌ലീറ്റിനെ പതിനാലാം വയസ്സിലാണ്‌ ഗുരുതരമായ രോഗം പിടികൂടിയത്‌. മസിലുകൾ ദ്രവിച്ചുകൊണ്ടേയിരിക്കുന്നു. കൊടിയ വേദന. ഒരു ചികിത്സയുമില്ല. എന്നിട്ടും പിടിച്ചുനിന്നു. അത്ഭുതകരമായ നേട്ടങ്ങൾ എത്തിപ്പിടിച്ചു. ഒടുവിൽ ബെൽജിയം സർക്കാരിന്‌ എഴുതി ‘എനിക്ക്‌ മതിയായി.’ ബെൽജിയത്തിൽ ദയാവധം അനുവദനീയമാണ്‌. 2016 റിയോ പാരാലിമ്പിക്‌സിനുശേഷമാണ്‌ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌. ചൊവ്വാഴ്‌ചയായിരുന്നു മരണം.

വെർവുർട്ടിന്റെ ജീവിതം വീൽചെയറിലായിരുന്നു. ബാസ്‌കറ്റ്‌ബോൾ കളിച്ചു. നീന്തുകയും ഓടുകയും ചെയ്‌തു. നാല്‌ പാരാലിമ്പിക്‌സ്‌ മെഡലുകളാണ്‌ സ്വന്തമാക്കിയത്‌. 2012ലും 2016ലും രണ്ടുവീതം. 2012ൽ ലണ്ടനിൽ 100 മീറ്ററിൽ സ്വർണം നേടി. മൂന്ന്‌ ലോക ചാമ്പ്യൻഷിപ് മെഡലുകളുമുണ്ട്‌. മരിച്ചെന്ന്‌ കേൾക്കുമ്പോൾ കരയുന്നവരോട്‌ ‘ ഇത്രകാലം ജീവിച്ചതിന്‌ നന്ദിയുണ്ട്‌. വേദന സഹിക്കാനാകുന്നില്ല. ഞാനിപ്പോൾ സന്തോഷവതിയാണ്‌. പക്ഷേ, നല്ല ദിവസങ്ങളേക്കാൾ ചീത്ത ദിവസങ്ങൾ കൂടിവരുന്നു. ഇനി വയ്യ, പൊയ്‌ക്കോട്ടെ.’ വെർവുർട്ട്‌ കുറിച്ചു.


പ്രധാന വാർത്തകൾ
 Top