21 September Saturday

കന്നിക്കിരീടം തേടി ഗോകുലം ; ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ഗോകുലം കേരള ടീം പരിശീലനത്തിൽ


കൊൽക്കത്ത
ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ കിരീടം തേടി ഗോകുലം കേരള ഇന്നിറങ്ങുന്നു. കരുത്തരായ മോഹൻ ബഗാനാണ്‌ എതിരാളി. ജയിച്ചാൽ എഫ്‌സി കൊച്ചിനുശേഷം 129 വർഷം പഴക്കമുള്ള കപ്പിൽ മുത്തമിടുന്ന രണ്ടാമത്തെ കേരള ടീമാകും ഗോകുലം. സാൾട്ട്‌ലേക്കിൽ വൈകിട്ട്‌ അഞ്ചിനാണ്‌ മത്സരം. പതിനാറുവട്ടം ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ സെമിയിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ്‌ ഫെർണാണ്ടോ സാന്റിയാഗോ വരേലയുടെ ടീം ബഗാനെതിരെ ബൂട്ടുകെട്ടുന്നത്‌.

ആവേശകരമായ സെമി ഫൈനലിൽ ഈസ്റ്റ്‌ ബംഗാളിനെ ഷൂട്ടൗട്ടിൽ 3–-2നാണ്‌ ഗോകുലം മറികടന്നത്‌. ഗോൾകീപ്പർ സി കെ ഉബൈദാണ്‌ കേരള ടീമിനെ ജയത്തിലേക്ക്‌ നയിച്ചത്‌. ബഗാനാകട്ടെ മലയാളി താരം വി പി സുഹൈറിന്റെ അധികസമയത്തെ ഇരട്ടഗോളിൽ റിയൽ കശ്‌മീരിനെ 3–-1ന്‌ തോൽപ്പിച്ചു. കഴിഞ്ഞ സീസൺവരെ ഗോകുലം നിരയിൽ കളിച്ച സുഹൈറാകും  സൽവ ചമൊറോയ്‌ക്കൊപ്പം മുൻനിരയിൽ ബഗാന്റെ കരുത്ത്‌. കാസർകോടുകാരനായ ഗോളി കെ മിർഷാദാണ്‌ കൊൽക്കത്തൻ നിരയിലെ മലയാളി സാന്നിധ്യം. 

ഐ ലീഗ്‌ ടീമുകൾ തമ്മിലുള്ള പോര്‌ കനക്കും. സ്വന്തം തട്ടകമെന്ന ആനുകൂല്യം ബഗാനുണ്ടെങ്കിലും ടൂർണമെന്റിലെ എല്ലാ കളിയും ജയിച്ചുവരുന്ന ഗോകുലത്തെ തളയ്‌ക്കുക എളുപ്പമല്ല. ആക്രമണ ഫുട്‌ബോളാണ്‌ ഗോകുലം പിന്തുടരുന്നത്‌. മധ്യനിരയിൽ കളി മെനയും. മുന്നേറ്റത്തിലേക്ക്‌ ഇരു മൂലകളിലൂടെയും പന്തെത്തിക്കാനും  താരങ്ങളുണ്ട്‌.

മുഹമ്മദ്‌ റാഷിദും നായകൻ മാർകസ്‌ ജോസഫുമാണ്‌ മധ്യനിരയിൽ. ഒമ്പത്‌ ഗോളുകളുമായി ഗോൾവേട്ടക്കാരിൽ മുമ്പിലുള്ള മാർകസ്‌ ഹെൻറി കിസേക്കയ്‌ക്കൊപ്പം മുൻനിരയിലിറങ്ങിയാണ്‌ കളിക്കുക.  സ്‌പാനിഷ്‌ പരിശീലകൻ കിബു വികുനയുടെ ബഗാൻ പതിനേഴാം കിരീടം ലക്ഷ്യമിട്ടാണെത്തുന്നത്‌. ജയിച്ചാൽ ചിരവൈരികളായ ഈസ്റ്റ്‌ ബംഗാളിനെ മറികടന്ന്‌ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ ടീമെന്ന ഖ്യാതിയും സ്വന്തമാക്കാം.  ഫ്രാൻ മൊറാന്റെ, ഗുർജിന്തർ കുമാർ, അശുതോഷ്‌ മെഹ്‌ത എന്നിവരടങ്ങുന്ന ടീം ശക്തരാണ്‌.


പ്രധാന വാർത്തകൾ
 Top