18 October Friday

കൊളംബോയിൽ രണ്ടാംദിനവും മഴ വില്ലൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ഡിക്‌വെല്ലയെ പുറത്താക്കിയ ബോൾട്ടിനെ അഭിനന്ദിക്കുന്ന ഹെൻറി നിക്കോൾസ്‌


കൊളംബോ
നിർത്താതെ പെയ്‌ത മഴ രണ്ടാം ദിനവും ശ്രീലങ്ക–-ന്യൂസിലൻഡ്‌ രണ്ടാം ടെസ്റ്റ്‌ ക്രിക്കറ്റിന്റെ രസംകെടുത്തി. മഴ കാരണം കളി നടന്നത്‌ വെറും 29.3 ഓവർ മാത്രം. ലങ്ക ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 144 റണ്ണെന്ന നിലയിലാണ്‌. ധനഞ്ജയ ഡി സിൽവയും (32) ദിൽറുവാൻ പെരേരയുമാണ്‌ (5) ക്രീസിൽ. ക്യാപ്‌റ്റൻ ദിമുത്‌ കരുണരത്‌നെ 65 റണ്ണെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം ഒറ്റ പന്ത്‌ പോലുമെറിയാതെയാണ്‌ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്‌.

രണ്ടിന്‌ 85 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ്‌ തുടങ്ങിയ ലങ്ക ന്യൂസിലൻഡ്‌ ബൗളിങ്‌ നിരയ്‌ക്കു മുന്നിൽ പതറി. ഏഞ്ചലോ മാത്യൂസിനെയും (2) കുശാൽ പെരേരയേയും (0) മടക്കി പേസർ ട്രന്റ്‌ ബോൾട്ട്‌ കിവികൾക്ക്‌ ഉശിരൻ തുടക്കം നൽകി. ധനഞ്ജയക്കൊപ്പം ലങ്കയെ മുന്നോട്ടുനയിച്ച കരുണരത്‌നെയെ മടക്കി ടിം സൗത്തി ഈ കൂട്ടുകെട്ട്‌ പൊളിച്ചു. ആറ്‌ ബൗണ്ടറികൾ സഹിതമാണ്‌ കരുണരത്‌നെ 65 റൺ നേടിയത്‌. വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ നിറോഷൺ ഡിക്‌വെല്ലയ്‌ക്കും പിടിച്ചുനിൽക്കാനായില്ല. റണ്ണെടുക്കുംമുമ്പേ സൗത്തി ഇടംകൈയനെ പറഞ്ഞയച്ചു.

ന്യൂസിലൻഡിനായി ബോൾട്ടും സൗത്തിയും രണ്ട്‌ വിക്കറ്റുകൾ നേടി. മഴ ശക്തമായപ്പോൾ ഉച്ചഭക്ഷണത്തിനു ശേഷം കളി മുടങ്ങി. ആദ്യ ടെസ്റ്റിൽ ആറ്‌ വിക്കറ്റിന്‌ ജയിച്ച ശ്രീലങ്കയ്‌ക്ക്‌ സമനില മതി പരമ്പര സ്വന്തമാക്കാൻ.


പ്രധാന വാർത്തകൾ
 Top