20 September Sunday

ഗോൾ നിറച്ച്‌ ആഘോഷം ; ലിവർപൂൾ കിരീടത്തിൽ മുത്തമിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020


ലണ്ടൻ
മുപ്പതാണ്ടിനുശേഷം ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിൽ മുത്തമിട്ടു. കിരീടം മുമ്പു‌തന്നെ ഉറപ്പിച്ചിരുന്നു ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെൽസിയെ 5–-3ന്‌ തകർത്തായിരുന്നു കിരീടം ഏറ്റുവാങ്ങിയത്‌. ലിവർപൂൾ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാൽഗ്ലിഷിൽനിന്ന്‌ ക്യാപ്‌റ്റൻ ജോർദാൻ ഹെൻഡേഴ്‌സൺ കിരീടം ഏറ്റുവാങ്ങി. 1990ൽ ലിവർപൂൾ ചാമ്പ്യൻമാരായപ്പോൾ ഡാൽഗ്ലിഷായിരുന്നു പരിശീലകൻ.


 

ആൻഫീൽഡിൽ എല്ലാംകൊണ്ടും ആഘോഷരാത്രിയായിരുന്നു. ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിൽ ആദ്യപകുതിയിൽ മൂന്ന്‌ ഗോളടിച്ച്‌ ലിവർപൂൾ തുടങ്ങി. രണ്ടാംപകുതിയിൽ രണ്ടെണ്ണംകൂടി തൊടുത്തു. നാബി കീറ്റ, ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌, ജോർജിനോ വൈനാൽദം, റോബർട്ട്‌ ഫിർമിനോ, അലെക്‌സ്‌ ഒക്‌സ്‌ലെയ്‌ഡ്‌ ചെംബെർലെയ്‌ൻ എന്നിവരാണ്‌ ഗോളടിച്ചത്‌. മറുവശത്ത്‌ ചെൽസി തിരിച്ചടിക്കാൻ ആഞ്ഞ്‌ ശ്രമിച്ചു. ഒളിവർ ജിറൂ, ടാമ്മി അബ്രഹാം, ക്രിസ്‌റ്റ്യൻ പുലിസിച്ച്‌ എന്നിവരാണ്‌ ചെൽസിക്കായി ഗോൾ നേടിയത്‌.

കോവിഡ്‌ ഇടവേളയ്‌ക്കുമുമ്പുതന്നെ കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു ലിവർപൂൾ. രണ്ടരമാസത്തെ ഇടവേളയ്‌ക്കുശേഷമുള്ള ആദ്യ ആഴ്‌ചയിൽത്തന്നെ കിരീടം ഉറപ്പാക്കി. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്‌റ്റർ സിറ്റി തോറ്റതോടെ ലിവർപൂൾ ചാമ്പ്യൻമാരാകുകയായിരുന്നു. ചെൽസിയുമായുള്ള കളിക്കുശേഷം കിരീടം ഏറ്റുവാങ്ങുകയും ചെയ്‌തു. ലീഗിൽ ഇനി ഒരു കളികൂടി ബാക്കിയുണ്ട്‌.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top