25 August Sunday
അടുത്തവർഷം ഇന്നേദിവസം ടോക്യോയിൽ ഒളിമ്പിക‌്സ‌്

കാത്തിരിക്കൂ 1, 2, 3........365

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ഒളിമ്പിക്‌സ്‌ പ്രധാനവേദിയായ ന്യൂ നാഷണൽ സ്‌റ്റേഡിയം

ടോക്യോ
ലോക കായിക മാമാങ്കത്തിന്‌ കൗണ്ട‌്ഡൗൺ തുടങ്ങി. ഇന്നുമുതൽ 365 ദിവസം, അതായത‌് കൃത്യം ഒരുവർഷം കഴിഞ്ഞാൽ ടോക്യോ ഒളിമ്പിക‌്സ‌്.  2020 ജൂലൈ 24ന്‌ ടോക്യോയിലെ ന്യൂ നാഷണൽ സ്‌റ്റേഡിയത്തിൽ ഒളിമ്പിക‌്സ‌് ദീപം തെളിയും. ആഗസത്‌ ഒമ്പതിനാണ്‌ സമാപനം. 206 രാജ്യങ്ങളിൽ നിന്നായി 11,091 അത്‌ലീറ്റുകൾ ടോക്യോ ഒളിമ്പിക്‌സിൽ പങ്കാളികളാകുമെന്നാണ്‌ പ്രാഥമിക വിവരം. മുപ്പത്തിമൂന്ന‌് വിഭാഗങ്ങളിലായി 339 ഇനങ്ങളിലാകും പോരാട്ടം. ബ്രസീലിലെ റിയോയിലായിരുന്നു കഴിഞ്ഞ ഒളിമ്പിക്‌സ്‌.

1964ന്‌ ശേഷം ആദ്യമായാണ്‌ ജപ്പാൻ ഒളിമ്പിക്‌സിന്‌ വേദിയാകുന്നത്‌. 2013ലാണ്‌ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) ഏഷ്യൻ രാജ്യത്തെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ കായികോത്സവത്തിന്‌ ആതിഥേയരായി തെരഞ്ഞെടുക്കുന്നത്‌. തുർക്കിയിലെ ഇസ്‌താംബുളിനെ മറികടന്നായിരുന്നു ടോക്യോയുടെ നേട്ടം.   ഒളിമ്പിക്‌സിന്‌ ഒരു വർഷം ബാക്കിനിൽക്കേ അവസാനവട്ട ഒരുക്കത്തിലാണ്‌ ജപ്പാൻ. സ‌്റ്റേഡിയം നിർമാണം 90 ശതമാനവും പൂർത്തിയായി. നവംബർ അവസാനത്തോടെ സ‌്റ്റേഡിയം തുറക്കാനാകും. ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തി. ടോക്യോയിലേക്കായി വിമാനത്താവളങ്ങളിൽനിന്ന്‌ പ്രത്യേക റെയിൽവേ സംവിധാനം  ഏർപ്പാടാക്കി.

1964 ഒളിമ്പിക്‌ വേദിയായ നാഷണൽ സ്‌റ്റേഡിയമാണ്‌ നവീകരിച്ച്‌ ന്യൂ നാഷണൽ സ്‌റ്റേഡിയമാകുന്നത്‌. ഉദ്‌ഘാടനവും സമാപനവും ഇവിടെയാണ്‌. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾക്ക്‌ പുറമേ ഫുട്‌ബോൾ മത്സരങ്ങൾക്കും പ്രധാനവേദി സാക്ഷ്യം വഹിക്കും. സെപ്‌തംബറിൽ നടക്കുന്ന റഗ്‌ബി ലോകകപ്പിനും വേദിയാകുന്നുണ്ട്‌ 80,000 പേരെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയം. 28 ഇനങ്ങളുടെ വേദികളും ഒളിമ്പിക്‌സ്‌ വില്ലേജിന്‌ നാല്‌ കിലോമീറ്റർ ദൂരപരിധിയിലാണ്‌.

ആകെ 41 വേദികളിലാണ്‌ വിവിധ മത്സരങ്ങൾ. അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ്‌ ഒളിമ്പിക്‌സിനായി ഒരുക്കിയിരിക്കുന്നത്‌. നിർമിതബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളും സുരക്ഷ നിർവഹിക്കും. പൂർണമായും നിർമിതബുദ്ധി ഉപയോഗിച്ചാണ്‌ മറ്റ്‌ സംവിധാനങ്ങളും.  ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട്‌ ജപ്പാനിൽ അഴിമതി ആരോപണങ്ങളുയർന്നുകഴിഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌. 

റിയോയിൽ 46 സ്വർണമുൾപ്പെടെ 121 മെഡലുകൾ സ്വന്തമാക്കി അമേരിക്കയായിരുന്നു ചാമ്പ്യൻമാരായത‌്. ബ്രിട്ടൻ രണ്ടാമതും ചൈന മൂന്നാമതുമായി. രണ്ട‌് മെഡലായിരുന്നു ഇന്ത്യ നേടിയത‌്. ബാഡ‌്മിന്റണിൽ പി വി സിന്ധു വെള്ളിയും ഗുസ‌്തിയിൽ സാക്ഷി മാലിക‌് വെങ്കലവും നേടി.


പ്രധാന വാർത്തകൾ
 Top