21 July Sunday

തെളിയുന്നില്ല മധ്യനിര

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

മഹേന്ദ്രസിങ്‌ ധോണി / കേദാർ ജാദവ്‌ / വിജയ്‌ ശങ്കർ


സതാം‌പ‌്ടൺ
എഴുപത്തഞ്ചു മിനിറ്റാണ‌് മഹേന്ദ്രസിങ‌് ധോണി അഫ‌്ഗാനിസ്ഥാനെതിരെ ബാറ്റ‌് ചെയ‌്തത‌്. 52 പന്തുകൾ നേരിട്ടു. നേടിയത‌് 28 റൺ. മൂന്ന‌് ബൗണ്ടറികൾ.
കളത്തിലേക്കിറങ്ങുമ്പോൾ കൈയടിക‌ളായിരുന്നു ധോണിക്ക‌്. പുറത്തായി മടങ്ങുമ്പോൾ അവിടെനിന്ന‌് അപസ്വരങ്ങളുയർന്നു. അഫ‌്ഗാനുമായുള്ള ഇന്ത്യയുടെ ബാറ്റിങ‌് പ്രകടനത്തിന്റെ പ്രതിഫലനമായി ഇത‌്. ലോകകപ്പിന്റെ നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യൻ ടീം ആശങ്കയോടെ തിരിച്ചറിയുന്നു. മധ്യനിര ഭദ്രമല്ല.  മധ്യനിരയിലെ പ്രശ‌്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.

രോഹിത‌് ശർമയും വിരാട‌് കോഹ‌്‌ലിയും മടങ്ങിയാൽ തളരുന്നതാണ‌് ബാറ്റിങ‌് നിര. അഞ്ച‌ു കളിയും തോറ്റ അഫ‌്ഗാന്റെ ബൗളിങ‌് നിരയ‌്ക്ക‌ു മുന്നിലാണ‌് കോഹ‌്‌ലിയൊഴികെയുള്ള ഇന്ത്യൻ ബാറ്റ‌്സ‌്മാൻമാർ പരുങ്ങിയത‌്. അഫ‌്ഗാൻ നന്നായി പന്തെറിഞ്ഞു. പക്ഷേ, 224ന‌് മുകളിൽ റണ്ണെടുക്കാനുള്ള കരുത്ത‌് ഇന്ത്യൻ ബാറ്റിങ‌് നിരയ‌്ക്കുണ്ടായിരുന്നു.  എന്നാൽ, അവസാന ഓവറുകളിൽപ്പോലും റണ്ണടിക്കാൻ വിഷമിക്കുകയായിരുന്നു ധോണിയും കേദാർ ജാദവും.

ഇരുപത്തേഴാമത്തെ ഓവറിലാണ‌് ധോണി ക്രീസിലെത്തിയത‌്. 294 റണ്ണായിരുന്നു അപ്പോൾ പ്രതീക്ഷിത സ‌്കോർ. കോഹ‌്‌ലി ഒരുവശത്ത‌് ഒഴുക്കോടെ കളിക്കുന്നുണ്ട‌്. സിംഗിളുകൾ എടുത്ത‌് സ്ട്രൈക്ക‌് കൈമാറുക മാത്രമാണ‌് ധോണിക്ക് ചെയ്യാനുണ്ടായിരുന്നത‌്. പക്ഷേ, മുൻ ക്യാപ‌്റ്റൻ പതറി. അവസാന മത്സരത്തിൽ ഇംഗ്ലണ്ട‌് ബാറ്റ‌്സ‌്മാൻമാർ സിക‌്സറുകൾ പറത്തിയ റഷീദ‌് ഖാനാണ‌് ധോണിയെ കൂടുതൽ വിഷമിപ്പിച്ചത‌്. റഷീദിന്റെ പന്തുകൾക്ക‌് മാറ്റമൊന്നുമുണ്ടായില്ല. കവർ ഫീൽഡറിലേക്ക‌് നിരന്തരം പന്തടിച്ച‌് ധോണി ക്രീസിൽനിന്നു. കയറിയടിക്കാനുള്ള ശ്രമവും ലക്ഷ്യം കണ്ടില്ല. റഷീദിന്റെ ആ ഓവർ മെയ‌്ഡനായി.

ഇരുപത്തൊമ്പത‌് ഓവർ അവസാനിക്കുമ്പോൾ ധോണി നേരിട്ടത‌് 13 പന്തുകൾ. 11 എണ്ണത്തിൽ റണ്ണെടുക്കാനായില്ല. കോഹ‌്‌ലി പുറത്തായശേഷം വാലറ്റത്തെ കൂട്ടുപിടിച്ച‌് സ‌്കോറുയർത്താനുള്ള ഉത്തരവാദിത്തം ധോണിക്കായിരുന്നു. ധോണിയും ജാദവും പതുക്കെ കളിച്ചുകൊണ്ടിരുന്നു. 31 ഓവറിനുശേഷം 37–-ാമത്തെ ഓവറിലാണ‌് ഒരു ബൗണ്ടറി പിറന്നത‌്. 40–-ാമത്തെ ഓവറിലും 45–-ാമത്തെ ഓവറിലും കിട്ടിയത‌് വെറും രണ്ട‌ു റൺ. പതുക്കെ തുടങ്ങി അവസാനം ആഞ്ഞടിക്കാനുള്ള ധോണിയുടെ തന്ത്രവും പരാജയപ്പെട്ടു. റഷീദിനെ കയറിയടിക്കാനുള്ള ശ്രമം പാളി. ഹാർദിക‌് പാണ്ഡ്യക്കും ഒന്നും ചെയ്യാനായില്ല. ജാദവ‌് 68 പന്തിൽ 52 റണ്ണെടുത്ത‌് മടങ്ങി.

അഫ‌്ഗാനെതിരെ ധോണിയുടെ പതുക്കെയുള്ള ബാറ്റിങ്‌ രീതിയാണ‌് തിരിച്ചടിയായതെങ്കിലും 2015 ലോകകപ്പിനുശേഷം സ്ഥിരമായി ഇന്ത്യൻ മധ്യനിര പ്രശ‌്നത്തിലാണ‌്. രോഹിത‌് ശർമ, ശിഖർ ധവാൻ, കോഹ‌്‌ലി എന്നിവരാണ‌് പ്രധാന റണ്ണടിക്കാർ. ടീം നേടുന്ന റണ്ണിന്റെ മൂന്നിൽ രണ്ട‌ു ഭാഗവും ഇവരുടെ ബാറ്റിൽനിന്നാണ‌്. മധ്യനിരയ‌്ക്ക‌് വെല്ലുവിളി ഏറ്റെടുക്കേണ്ടിവരാറില്ല. എന്നാൽ, കിട്ടിയ അവസരങ്ങളിലെല്ലാം മധ്യനിര ദൗർബല്യം തുറന്നുകാട്ടി. 2015 ലോകകപ്പിനുശേഷം അവസാന 25 ഓവറിൽ 4.6 മാത്രമാണ‌് ഇന്ത്യയുടെ റൺനിരക്ക‌്.

മുൻനിരയിൽ ധവാന്റെ അഭാവം കൃത്യമായി തെളിയിച്ച മത്സരം കൂടിയായി ഇത‌്. ഒരു ഇടംകൈയൻ ബാറ്റ‌്സ‌്മാൻ ഇല്ലാത്തത‌ും ബാധിക്കുന്നുണ്ട‌്. 27ന‌് വെസ‌്റ്റിൻഡീസുമായാണ‌് ഇന്ത്യയുടെ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top