19 August Monday

ബ്രസീൽ ഉണർന്നു (‌‌5‐0)

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


സാവോ പോളോ
കോപ അമേരിക്കയിൽ മിന്നുന്ന ജയത്തോടെ ബ്രസീൽ ക്വാർട്ടറിൽ.പെറുവിനെ അഞ്ച‌ു ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്രസീലിന്റെ കുതിപ്പ‌്.
ആധികാരികമായിരുന്നു ബ്രസീലിന്റെ ജയം. വെനസ്വേലയ‌്ക്കെതിരെ സമനില വഴങ്ങിയ ബ്രസീലായിരുന്നില്ല. മൂർച്ചയുള്ള നീക്കങ്ങൾ, എതിർ പ്രതിരോധത്തെ കീറിമുറിച്ചുള്ള കുതിപ്പുകൾ, ഒന്നാന്തരം ഗോളുകൾ‌. സാവോപോളോയിൽ ബ്രസീൽ നിറഞ്ഞു.

കാസെമിറോ, റോബർട്ട‌് ഫിർമിനോ, എവർട്ടൺ ഡാനി ആൽവേസ‌്, വില്ലിയൻ എന്നിവരാണ‌് ഗോൾ നേടിയത‌്. മത്സരം തുടങ്ങി 12 മിനിറ്റിനുള്ളിൽ ബ്രസീൽ ഉദ്ദേശ്യം വ്യക‌്തമാക്കി. മാർക്വിന്യോസിന്റെ ഉയർത്തിവിട്ട പന്ത‌് പെറുവിന്റെ പോസ‌്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടെ കാസെമിറോ തട്ടിയകത്ത‌ിട്ടു. അടുത്തത‌് ഫിർമിനോയുടെ വകയായിരുന്നു. പെറു ഗോളി പെഡ്രോ ഗാലെസിന്റെ അബദ്ധത്തിൽനിന്നായിരുന്നു ഗോൾ.  ഗാലെസ‌് എടുത്ത കിക്ക‌് ഫിർമിനോ തടഞ്ഞ‌് പോസ‌്റ്റിലേക്ക‌് അടിച്ചു. അത‌് ക്രോസ‌്ബാറിൽ തട്ടി തിരിച്ചുവന്നെങ്കിലും ഗാലെസിന‌് തെറ്റുതിരുത്താൻ അവസരം നൽകാതെ ഫിർമിനോ വലയിലെത്തിച്ചു. ആദ്യ പകുതി തീരുന്നതിനു മുമ്പ‌് ബ്രസീൽ ലീഡുയർത്തി. ഇടതു പാർശ്വത്തിലൂടെ പന്തുമായെത്തിയ എ‌വർട്ടൺ അത‌് വലയിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനകം ഡാനി ആൽവേസ‌ിന്റെ പന്ത‌് വലത‌ുളച്ചു. ഒത്തിണക്കമുള്ള കളിക്കൊടുവിൽ ഫിർമിനോ നൽകിയ പാസ‌് ഡാനി ആൽവേസ‌് മനോഹരമായി ഫിനിഷ‌് ചെയ്യുകയായിരുന്നു.

പകരക്കാരനായെത്തിയ വില്ലിയന്റേതായിരുന്നു അടുത്ത ഊഴം. ബോക‌്സിനു പുറത്തുനിന്ന‌് വില്ലിയൻ കോരിയിട്ട‌ പന്ത‌് മനോഹരമായി പറന്ന‌് പോസ‌്റ്റിന്റെ വലതുമൂലയിലേക്ക‌് ഇറങ്ങി. അവസാന നിമിഷം കിട്ടിയ പെനൽറ്റി ഗബ്രിയേൽ ജെസ്യൂസ‌് പാഴാക്കി. മത്സരത്തിൽ മഞ്ഞക്കാർഡ‌് കണ്ട‌ കാസെമിറോയ‌്ക്ക‌് വെള്ളിയാഴ‌്ച നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. തുടർച്ചയായ രണ്ടാം മത്സരത്തിലും കാർഡ‌് കണ്ടതാണ‌് കാസെമിറോയ‌്ക്ക‌് തിരിച്ചടിയായത‌്.

ഗ്രൂപ്പ‌് എയിലെ മറ്റൊരു മത്സരത്തിൽ വെനസ്വേല ഒന്നിനെതിരെ മൂന്നു ഗോ‌ളിന‌് ബൊളീവിയയെ തോൽപ്പിച്ചു. രണ്ടു ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പ‌് ‌എയിൽ ഒന്നാമതാകാൻ ബ്രസീലിനായി. അഞ്ച‌് പോയിന്റുമായി വെനസ്വേലയും ക്വാർട്ടറിലെത്തി. നാലു പോയിന്റുമായി പെറു മൂന്നാമതും പോയിന്റില്ലാത്ത ബൊളീവിയ അവസാന സ്ഥാനത്തുമാണ‌്.

നാളെ പുലർച്ചെ 4.30ന‌് ചിലി ഉറുഗ്വേയെയും ഇക്വഡോർ ജപ്പാനെയും നേരിടും. ഇതിൽ ചിലിയും ഉറുഗ്വേയും ക്വാർട്ടർ ഉറപ്പാക്കിയതാണ‌്.


പ്രധാന വാർത്തകൾ
 Top