22 September Sunday

ഉദിക്കുമോ ഓസീസ‌് വീണ്ടും?

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019


ലണ്ടൻ
മാസങ്ങൾക്ക‌് മുമ്പ‌് തുടർത്തോൽവികളിൽ പതറിയ സംഘമായിരുന്നു ഓസ‌്ട്രേലിയയുടേത‌്. എന്നാൽ ചാമ്പ്യൻമാർ അവരുടെ താളം വീണ്ടെടുത്തിരിക്കുന്നു. ലോകകപ്പിന‌് ദിവസങ്ങൾ മാത്രം ശേഷിക്കെ കിരീടം നിലനിർത്താനുള്ള സാധ്യതകളിലേക്ക‌് അവർ കുതിച്ചെത്തി. അഞ്ച‌് തവണയാണ‌് ഓസീസ‌് ലോകകപ്പിൽ മുത്തമിട്ടത‌്.

പന്ത‌് ചുരുണ്ടൽ വിവാദത്തിൽ ക്യാപ‌്റ്റൻ സ‌്റ്റീവൻ സ‌്മിത്തും ഡേവിഡ‌് വാർണറും വിലക്കിലായത‌് ഓസീസ‌് ക്രിക്കറ്റിനെ സാരമായി ബാധിച്ചിരുന്നു. ഈ വർഷം മാർച്ചുവരെ 26 കളിയിൽ നാല‌് ജയം മാത്രമായിരുന്നു ഓസീസിന‌്. അതിൽ ഒമ്പത‌് തോൽവി ഇംഗ്ലണ്ടിനോട‌്. പരിശീലകൻ ഡാരെൻ ലീമാൻ സ്ഥാനമൊഴിഞ്ഞശേഷം ചുമതലയേറ്റെടുത്ത ജസ‌്റ്റിൻ ലാംഗെർ യുവനിരയുമായി പരീക്ഷണം തുടങ്ങി. അവസാന എട്ട‌് ക‌ളിയിൽ ജയിച്ചാണ‌് ലാംഗെറിന്റെ സംഘം കരുത്തുകാട്ടിയത‌്. അതിൽ കരുത്തരായ ഇന്ത്യയോടു‌ള്ള പരമ്പര ജയവും ഉൾപ്പെടും.
വിലക്കു കഴിഞ്ഞ‌് സ‌്മിത്തും വാർണറും തിരിച്ചെത്തി. ഒരുക്കത്തിന‌് മുമ്പായി സ‌്മിത്ത‌് തിളങ്ങുകയും ചെയ‌്തു. വാർണർ ഐപിഎലിൽ റണ്ണടിച്ചുകൂട്ടിയാണ‌്  ടീമിലേക്ക‌് തിരിച്ചെത്തിയത‌്. ക്യാപ‌്റ്റൻ ആരോൺ ഫിഞ്ച‌് നല്ല രീതിയിൽ നയിക്കുന്നു. കിരീടം നിലനിർത്താമെന്ന വിശ്വാസം ഈ  ടീമിനുണ്ട‌്. പരിചയ സമ്പന്നർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്നു.

വാർണറും സ‌്മിത്തും തിരിച്ചെത്തിയപ്പോൾ രണ്ട‌് മികച്ച കളിക്കാർക്കാണ‌് സ്ഥാനം നഷ്ടമായത‌്. പീറ്റർ ഹാൻഡ‌്സ‌്കോമ്പിനും ആഷ‌്ടൺ ടേണർക്കും. ഇരുവരും ഇന്ത്യൻ പര്യടനത്തിൽ മിന്നിയവരാണ‌്. വാർണറുടെ അഭാവത്തിൽ ടീമിലെത്തിയ ഉസ‌്മാൻ ഖവാജ തകർപ്പൻ പ്രകടനമാണ‌് പുറത്തെടുക്കുന്നത‌്. 104, 109, 98, 91, 88 എന്നിങ്ങനെയായിരുന്നു ഖവാജയുടെ അവസാന സ‌്കോറുകൾ. ലോകകപ്പിൽ വാർണറും ഖവാജയുമായിരിക്കും ഇന്നിങ‌്സ‌് ആരംഭിക്കുക. ക്യാപ‌്റ്റൻ ഫിഞ്ചിന‌് മൂന്നാംസ്ഥാനത്തേക്ക‌് ഇറങ്ങേണ്ടിവരും. സ‌്മിത്ത‌് നാലാം നമ്പറിലും ഷോൺ മാർഷ‌് അഞ്ചാം നമ്പറിലും ഇറങ്ങും.

ഓൾ റൗണ്ടർമാരായ മാർകസ‌് സ‌്റ്റോയിനിസും ഗ്ലെൻ മാക‌്സ‌്‌വെലും ഒരേസമയം ടീമിൽ ഇടംനേടാൻ സാധ്യത കുറവാണ‌്. സ‌്റ്റോയിനിസ‌ിന‌് സമീപകാലത്ത‌് ബാറ്റിങ്ങിൽ തിളങ്ങാനാകുന്നില്ല. മാക‌്സ‌്‌വെൽ ബൗളിങ്ങിൽ കൂടുതൽ നേട്ടമുണ്ടാക്കുന്നുണ്ട‌്. ഇംഗ്ലണ്ടിലെ ബാറ്റിങ‌് വിക്കറ്റിൽ മാക‌്സ‌്‌വെലിന്റെ സ‌്പിൻ ബൗളിങ‌് പ്രയോജനപ്പെടുമെന്നാണ‌്  കണക്കുകൂട്ടൽ. വിക്കറ്റ‌് കീപ്പർ അലെക‌്സ‌് കാരിയും ചേർന്നാൽ ബാറ്റിങ‌്നിര ഭദ്രമാകും.

ബൗളിങ‌് വിഭാഗത്തിൽ പാറ്റ‌് കമ്മിൻസാണ‌് നിലവിൽ ഏറ്റവും മികച്ച ആയുധം. ഇന്ത്യക്കെതിരായ പരമ്പരയിൽ ഉശിരൻ പ്രകടനമായിരുന്നു ഈ പേസറുടേത‌്. കഴിഞ്ഞ വർഷത്തെ ഓസ‌്ട്രേലിയയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത‌് കമ്മിൻസായിരുന്നു. ഏത‌് പ്രതലത്തിലും നേട്ടമുണ്ടാക്കാൻ കമ്മിൻസിന‌് കഴിയും. ബുദ്ധിപരമായി പന്തെറിയുന്ന കമ്മിൻസ‌് ഇംഗ്ലണ്ടിലെ പിച്ചുകളിലും തിളങ്ങും. കഴിഞ്ഞ ലോകകപ്പ‌് കിരീടത്തിൽ സുപ്രധാന പങ്കുവഹിച്ച മിച്ചെൽ സ‌്റ്റാർക്കാണ‌് പേസ‌് നിരയിൽ കമ്മിൻസിന്റെ പങ്കാളി. കെയ‌്ൻ റിച്ചാർഡ‌്സനുമുണ്ട‌്. പരിക്കേറ്റ‌ ജൈ റിച്ചാർഡ‌്സന‌് പകരമാണ‌് കെയ‌്ൻ ഇടംനേടിയത‌്.

ജൂൺ ഒന്നിന‌് അഫ‌്ഗാനിസ്ഥാനുമായിട്ടാണ‌് ആദ്യകളി. സ‌്പിന്നർമാരിൽ ആദം സാമ്പയും നതാൻ ല്യോണുമാണ‌് ആയുധങ്ങൾ.


പ്രധാന വാർത്തകൾ
 Top