07 April Tuesday

ടോക്യോ 2021

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജപ്പാനിൽ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ

ടോക്യോ
124 വർഷത്തെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ്‌ മാറ്റിവച്ചു. മുമ്പ്‌ പലതവണ റദ്ദാക്കിയിട്ടുണ്ടെങ്കിലും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടില്ല. കോവിഡ്‌–-19 പടർന്ന പിടിക്കുന്ന സാഹചര്യത്തിൽ ഐഒസിക്കും ടോക്യോ ഒളിമ്പിക്‌സ്‌ സംഘാടകസമിതിക്കും മറ്റ്‌ വഴിയുണ്ടായില്ല. കഴിഞ്ഞയാഴ്‌ചവരെ നിശ്‌ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്നായിരുന്നു ഐഒസിയും ജപ്പാനും പ്രതികരിച്ചിരുന്നത്‌. എന്നാൽ, കായികതാരങ്ങളുടെ ജീവൻ അപകടത്തിലാക്കി മേള നടത്തുന്നതിനെതിരെ വിവിധ രാജ്യങ്ങൾ രംഗത്തെത്തി. കനഡയും ഓസ്‌ട്രേലിയയും പിന്മാറുമെന്ന്‌ അറിയിച്ചു. അമേരിക്കയും ബ്രിട്ടനുംകൂടി രംഗത്തെത്തിയതോടെ ഐഒസി ഉടൻ തീരുമാനത്തിലെത്തുകയായിരുന്നു.

നാലാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു രണ്ടുദിവസംമുമ്പ്‌ ഐഒസി തലവൻ തോമസ്‌ ബാക്ക്‌ പ്രതികരിച്ചത്‌. പിന്നാലെ ഒളിമ്പിക്‌സ്‌ നീട്ടിവയ്‌ക്കാനുള്ള സാധ്യതകൾ തേടി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ബാക്കുമായി ചർച്ച നടത്തി. തുടർന്നായിരുന്നു മാറ്റിവയ്‌ക്കാൻ ധാരണയായത്‌. 2021ലേക്ക്‌ മേള മാറ്റുന്നതായി ടോക്യോ 2020 സംഘാടകസമിതിയും ഐഒസിയും സംയുക്തമായി പ്രസ്‌താവന ഇറക്കി. പാരാലിമ്പിക്‌സും 2021ലേക്ക്‌ മാറ്റി. അടുത്ത വർഷത്തേക്ക്‌ നീട്ടിയെങ്കിലും ടോക്യോ 2020 എന്ന പേരിൽ തന്നെയാകും ഈ മേള അറിയപ്പെടുക.

കോവിഡ്‌–-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഐഒസിക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 1916, 1940, 1944 വർഷങ്ങളിൽ ഒളിമ്പിക്‌സ്‌ റദ്ദാക്കിയിരുന്നു. ലോക മഹായുദ്ധങ്ങളെ തുടർന്നായിരുന്നു റദ്ദാക്കിയത്‌.

ഫെബ്രുവരി 29
കോവിഡ്‌–-19 പരക്കുന്ന സാഹചര്യത്തിൽ ഒളിമ്പിക്‌സ്‌ മാറ്റാനുള്ള വാദങ്ങൾ ഉയരുന്നു. സ്വിറ്റ്‌സർലൻഡിൽ രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ജപ്പാൻ അധികൃതരും തമ്മിൽ ചർച്ച. ഒളിമ്പിക്‌സ്‌ മാറ്റില്ലെന്ന്‌ അറിയിക്കുന്നു.
മാർച്ച്‌ 3
ആവശ്യമായ സാഹചര്യമാണെങ്കിൽ നീട്ടിവയ്‌ക്കാമെന്ന സൂചന നൽകി ജപ്പാൻ കായികമന്ത്രി സീകോ ഹാഷിമോട്ടോ.
മാർച്ച്‌ 4
തീരുമാനം മേയിലെന്ന്‌ ഐഒസി.
മാർച്ച്‌ 9
ഗ്രീസിൽ ദീപശിഖ തെളിക്കേണ്ട ചടങ്ങിൽനിന്ന്‌ കാണികൾക്ക്‌ വിലക്ക്‌.
മാർച്ച്‌ 12
ഗ്രീസിലെ ഒളിമ്പിക്‌സ്‌ പുരാതന ഗ്രാമത്തിൽനിന്ന്‌ ദീപശിഖ തെളിച്ചു.
മാർച്ച്‌ 13
ഭാവി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) തീരുമാനിക്കുമെന്ന്‌ ഐഒസി തലവൻ തോമസ്‌ ബാക്‌. ഗ്രീസിലെ ദീപശിഖാപ്രയാണം നിർത്തിവച്ചു.
മാർച്ച്‌ 14
മുന്നോട്ടെന്ന്‌ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. എന്തുവില നൽകിയും നടത്തും.
മാർച്ച്‌ 15
ദീപശിഖ കൈമാറ്റച്ചടങ്ങിലും കർശന നിയന്ത്രണം എർപ്പെടുത്തി.
മാർച്ച്‌ 17
നിശ്ചയിച്ചപ്രകാരം ഒളിമ്പിക്‌സ്‌ നടക്കുമെന്ന്‌ ഐഒസി. അത്‌ലീറ്റുകളോട്‌ ഒരുങ്ങാനും നിർദേശം.
മാർച്ച്‌ 18
ഐഒസി തീരുമാനത്തിനെതിരെ അത്‌ലീറ്റുകൾ രംഗത്ത്‌. ഒളിമ്പിക്‌സിനേക്കാൾ വലുത്‌ ജീവനെന്ന്‌ വിവിധ രാജ്യങ്ങളിലെ താരങ്ങൾ.
മാർച്ച്‌ 19
ആശങ്കകൾക്കിടെ ജപ്പാൻ ദീപശിഖ ഏറ്റുവാങ്ങി. ഒളിമ്പിക്‌സ്‌ വൈകിയേക്കുമെന്ന്‌ ലോക അത്‌ലറ്റിക്‌സ്‌ തലവൻ സെബാസ്റ്റ്യൻ കോ.
മാർച്ച്‌ 21
നാലുമാസം ബാക്കിയിരിക്കെ തീരുമാനം ഇപ്പോൾ കൈക്കൊള്ളേണ്ടതില്ലെന്ന്‌ ഐഒസി തലവൻ തോമസ്‌ ബാക്‌ വ്യക്തമാക്കി. എതിർപ്പുമായി കായികതാരങ്ങളുടെ സംഘടന.
മാർച്ച്‌ 22
നീട്ടാനുള്ള സാധ്യത തേടി ജപ്പാൻ. ഒളിമ്പിക്‌സ്‌ മാറ്റണമെന്ന്‌ അമേരിക്ക. നോർവേ, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും രംഗത്ത്‌.
മാർച്ച്‌ 23
കനഡ പിന്മാറി. ഓസ്‌ട്രേലിയയും പിന്മാറ്റം സൂചിപ്പിച്ചു. ഐഒസിയും ജപ്പാനും അയഞ്ഞു. തീരുമാനം നാലാഴ്‌ചയ്‌ക്കുള്ളിലെന്ന്‌ അറിയിക്കുന്നു. റദ്ദാക്കില്ല.
മാർച്ച്‌ 24
ഒളിമ്പിക്‌സ്‌ മാറ്റിവച്ചു. അടുത്തവർഷത്തേക്ക്‌ നടത്താൻ ജപ്പാനും ഐഒസിയും തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top