31 March Tuesday

വീണ്ടും തകർച്ച ; ആദ്യ ടെസ്റ്റിൽ ഇന്ത്യ പരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

ട്രെന്റ്‌ ബോൾട്ടിന്റെ പന്തിൽ പുറത്തായ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി നിരാശയോടെ മൈതാനം വിടുന്നു


വെല്ലിങ്‌ടൺ
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ പരുങ്ങുന്നു. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ നാലിന്‌ 144 റണ്ണെന്ന നിലയിലാണ്. 39 റൺ പിന്നിൽ. രണ്ട്‌ ദിനം ശേഷിക്കെ അത്ഭുതങ്ങൾ സംഭവിച്ചാലേ ഇന്ത്യക്ക്‌ തോൽവി ഒഴിവാക്കാൻ കഴിയുകയുള്ളൂ. ന്യൂസിലൻഡ്‌ രണ്ടാം ഇന്നിങ്‌സിൽ 348 റണ്ണാണ്‌ എടുത്തത്‌. വാലറ്റക്കാരുടെ ചെറുത്തുനിൽപ്പ്‌ അവർക്ക്‌ ഒന്നാം ഇന്നിങ്‌സിൽ 183 റൺ ലീഡ്‌ നൽകി. സ്‌കോർ: ഇന്ത്യ 165, 4–-144; ന്യൂസിലൻഡ്‌ 348.

കൂറ്റൻ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിങ്‌സ്‌ തുടങ്ങിയ ഇന്ത്യക്ക്‌ അച്ചടക്കമില്ലാത്ത ബാറ്റിങ്‌ പ്രകടനമാണ്‌ വിനയായത്‌. പൃഥ്വി ഷാ (14), മായങ്ക്‌ അഗർവാൾ (59), ചേതേശ്വർ പൂജാര (11), ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (19) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. അജിൻക്യ രഹാനെയും (25) ഹനുമ വിഹാരിയും (15) ആണ്‌ ക്രീസിൽ. ന്യൂസിലൻഡിനുവേണ്ടി ട്രെന്റ്‌ ബോൾട്ട്‌ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ഒരെണ്ണം ടിം സൗത്തിക്കാണ്‌.

ബാറ്റ്‌സ്‌മാൻമാർക്ക്‌ അനുകൂലമായി മാറിയ പിച്ചിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർക്ക്‌ റൺ കണ്ടെത്താനായില്ല. പൊരുതിയത്‌ മായങ്ക്‌ മാത്രം. ഒരുവശത്ത്‌ നല്ല രീതിയിൽ മുന്നേറുകയായിരുന്ന മായങ്കിനെ ടിം സൗത്തിയാണ്‌ മടക്കിയത്‌. പൃഥ്വി രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാറുള്ള പൂജാര അമിത പ്രതിരോധത്തിലാണ്‌ വീണുപോയത്‌. 81 പന്തിൽ ഒരു ബൗണ്ടറിപോലും ഈ വലംകൈയന്റെ ഇന്നിങ്‌സിലുണ്ടായില്ല. ഒടുവിൽ ബോൾട്ടിന്റെ പന്തിൽ കുറ്റിതെറിച്ച്‌ മടങ്ങി. ക്യാപ്‌റ്റൻ കോഹ്‌ലി ന്യൂസിലൻഡ്‌ പര്യടനത്തിലെ മോശം പ്രകടനം ആവർത്തിച്ചു. നേരിട്ട രണ്ടാം പന്ത്‌ തന്നെ ബാറ്റിനരിക്‌ തട്ടി ബൗണ്ടറിയിലേക്ക്‌ പോകുകയായിരുന്നു. പിന്നാലെ മോശം ഷോട്ടിൽ ബോൾട്ടിന്‌ ഇരയായി. രഹാനെയും വിഹാരിയും അവസാന മണിക്കൂറുകൾ അതിജീവിച്ചു. 31 റൺ ഈ സഖ്യം കൂട്ടിച്ചേർത്തു.

കിവികൾക്ക്‌ മൂന്നാംദിനം തുടക്കം നന്നായില്ല. 5–-216 റണ്ണെന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ കിവികളെ ജസ്‌പ്രീത്‌ ബുമ്ര ആദ്യ പന്തിൽത്തന്നെ ഞെട്ടിച്ചു. 14 റണ്ണെടുത്ത ബി ജെ വാറ്റ്‌ലിങ്ങിനെ ബുമ്ര വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ കൈകളിലെത്തിച്ചു. സ്‌കോർ 225ൽവച്ച്‌ സൗത്തിയും (6) പുറത്തായി. ഇശാന്ത്‌ ശർമയ്‌ക്കായിരുന്നു വിക്കറ്റ്‌.

ഇന്ത്യ ആശ്വസിച്ചു. പക്ഷേ, അവസാന മൂന്ന്‌ വിക്കറ്റിൽ 123 റൺ കിവികൾ അടിച്ചുകൂട്ടിയതോടെ കോഹ്‌ലിയുടെ മുഖം മങ്ങി. ഒന്നാം ഇന്നിങ്‌സിൽ നാല്‌ വിക്കറ്റെടുത്ത കൈൽ ജാമിസൺ ബാറ്റിലും ഇന്ത്യയെ ആഞ്ഞുകൊത്തി. 45 പന്തിൽ 44 റണ്ണാണ്‌ ജാമിസൺ അടിച്ചെടുത്തത്‌. നാല്‌ സിക്‌സറും ഒരു ഫോറും. കോളിൻ ഡി ഗ്രാൻഡ്‌ഹോം (43), ബോൾട്ട്‌ (38) എന്നിവരും ചേർന്ന്‌ കിവികൾക്ക്‌ മികച്ച ലീഡൊരുക്കി.

ഇശാന്ത്‌ അഞ്ച്‌ വിക്കറ്റ്‌ നേടി. സ്‌പിന്നർ ആർ അശ്വിൻ മൂന്നെണ്ണം സ്വന്തമാക്കി.


പ്രധാന വാർത്തകൾ
 Top