05 April Sunday

ഒടുക്കം ആവേശ സമനില

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിലഗോൾ നേടിയ ക്യാപ്‌റ്റൻ ബർതലോമേവ്‌ ഓഗ്‌ബെച്ചെയുടെ ആഹ്ലാദം. മെസി ബൗളി സമീപം


ഭുവനേശ്വർ
കൊണ്ടും കൊടുത്തും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്എൽ സീസൺ അവസാനിപ്പിച്ചു. അവസാന കളിയിൽ ഒഡിഷ എഫ്‌സിയോട്‌ ആവേശ സമനില. അവസാന ഘട്ടംവരെ പിന്നിട്ടുനിന്നശേഷം രണ്ട്‌ ഗോളടിച്ച്‌ 4–-4നാണ്‌ കളി നിർത്തിയത്‌. രണ്ട്‌ പെനൽറ്റി ഗോളുമായി ക്യാപ്‌റ്റൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനിലയൊരുക്കി. ഇതോടെ ഗോളടിക്കാരുടെ പട്ടികയിൽ 15 എണ്ണവുമായി ഒഗ്‌ബെച്ചെ ഒന്നാമതെത്തുകയും ചെയ്‌തു.

ഒഡിഷയ്‌ക്കുവേണ്ടി മാനുവൽ ഒൻവു ഹാട്രിക്‌ നേടി. ഒരു ഗോൾ പെരെസ്‌ ഗുയെദെസ്‌ നേടി. റാഫേൽ മെസി ബൗളിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം തിരിച്ചടിച്ചത്‌. ഒരെണ്ണം ഒഡിഷയുടെ പ്രതിരോധക്കാരൻ നാരായൺ ദാസിന്റെ പിഴവുഗോളായിരുന്നു. 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ സീസൺ അവസാനിപ്പിച്ചത്‌.

പ്രതിരോധത്തിൽ അഞ്ചുപേർ ഇറങ്ങിയിട്ടും ആദ്യ മിനിറ്റിൽത്തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിൽ പന്ത്‌ വീണു. ഒൻവുവിനെ തടയാൻ ആരുമുണ്ടായില്ല. മിനിറ്റുകൾക്കുള്ളിൽ മെസി ബൗളിയുടെ ക്രോസ്‌ ഒഡിഷ ഗോൾമുഖത്ത്‌ നാശമുണ്ടാക്കി. പന്ത്‌ അടിച്ചൊഴിവാക്കാനുള്ള നാരായൺ ദാസിന്റെ ശ്രമം സ്വന്തം വലയ്‌ക്കുള്ളിലാണ്‌ അവസാനിച്ചത്‌. പിന്നാലെ ജെസെൽ കർണെയ്‌റോ സുന്ദരമായ ക്രോസിൽ കൃത്യമായ ഷോട്ട്‌ ഉതിർത്ത്‌ മെസി ബൗളി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയും ചെയ്‌തു.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ രണ്ടുതവണ ഒഡിഷ ലക്ഷ്യംകണ്ടു. ആദ്യത്തേത്‌ ഫ്രീകിക്കിൽ ഒൻവു ഗോളടിച്ചു. പിന്നാലെ രാജു ഗെയ്‌ക്ക്‌വാദിന്റെ ഫൗൾ ഒഡിഷയ്‌ക്ക്‌ പെനൽറ്റിയും നൽകി. പെരെസിന്റെ കിക്ക്‌ നേരെ വലയിലേക്ക്‌.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒൻവുവിന്റെ ഫ്രീകിക്ക്‌ വല കണ്ടു. കളി തീരാൻ എട്ട്‌ മിനിറ്റ്‌ ശേഷിക്കെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ്‌.


പ്രധാന വാർത്തകൾ
 Top