05 April Sunday

റയലിന്‌ അടിതെറ്റി

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

പരിക്കേറ്റ ഹസാർഡ്‌ റയൽ പരിശീലകൻ സിനദിൻ സിദാനൊപ്പം


മാഡ്രിഡ്‌
സ്‌പാനിഷ്‌ ലീഗിൽ മുന്നേറാനുള്ള അവസരം റയൽ മാഡ്രിഡ്‌ പാഴാക്കി. ബാഴ്‌സലോണ ഐബറിനെതിരെ ആധികാരിക ജയം കുറിച്ച രാത്രിയിൽ റയൽ ലെവന്റെയോട്‌ ഒരു ഗോളിന്‌ തോറ്റു. ഒക്‌ടോബറിനുശേഷം ലീഗിലെ ആദ്യ തോൽവിയാണ്‌ റയലിന്‌.

25 കളിയിൽ 53 പോയിന്റുമായി രണ്ടാമതാണ്‌ റയൽ. ബാഴ്‌സ 55 പോയിന്റുമായി ഒന്നാംസ്ഥാനത്ത്‌. അടുത്തയാഴ്‌ച നടക്കുന്ന എൽ ക്ലാസികോയ്‌ക്ക്‌ ഇതോടെ ചൂടുപിടിക്കും. റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ മാർച്ച്‌ ഒന്നിനാണ്‌ കളി. നൗകാമ്പിൽ നടന്ന ആദ്യപാദം ഗോളില്ലാതെ അവസാനിച്ചിരുന്നു. ലെവന്റെയ്‌ക്കെതിരെ ജീവനില്ലാത്ത പ്രകടനമായിരുന്നു റയലിന്റേത്‌. രണ്ടാംപകുതിയിൽ ലെവന്റെ താരം ഹൊസെ മൊറാലെസിന്റെ വോളിയിൽ റയൽ തളർന്നു.

പരിക്കുകാരണം ഗാരെത്‌ ബെയ്‌ലും ലൂക്കാ ജോവിച്ചും റയൽ നിരയിലുണ്ടായില്ല. കളിയുടെ ആദ്യ നിമിഷങ്ങളിൽ റയൽ മുന്നേറ്റത്തിന്‌ അവസരങ്ങളേറെ കിട്ടി. കാസെമിറോയുടെ ഹെഡർ പുറത്തേക്കാണ്‌ പോയത്‌. ഇസ്‌കോയുടെയും കരിം ബെൻസെമയുടെയും ശ്രമങ്ങളെ ലെവന്റെ ഗോൾ കീപ്പർ എയ്‌റ്റർ ഫെർണ്ടാണ്ടസ്‌ നിഷ്‌പ്രഭമാക്കി. പകരക്കാരനായെത്തിയ ലൂകാസ്‌ വാസ്‌കേസിനും ഫെർണാണ്ടസിനെ കീഴടക്കാനായില്ല. ഇതിനിടെ ഏദെൻ ഹസാർഡ്‌ പരിക്കേറ്റ്‌ പിന്മാറി. വിനീഷ്യസ്‌ ജൂനിയർ പകരക്കാരനായി കളത്തിലെത്തി.

കളിയുടെ അവസാനഘട്ടത്തിലായിരുന്നു ലെവന്റെയുടെ വിജയഗോൾ. നിക്കോള വുക്‌സെവിച്ചിന്റെ നീക്കത്തിൽ മൊറാലെസ്‌ വലകുലുക്കി.
ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ പ്രീ ക്വാർട്ടറിൽ മാഞ്ചസ്‌റ്റർ സിറ്റിയുമായിട്ടാണ്‌ റയലിന്റെ അടുത്ത കളി. ബുധനാഴ്‌ച ബെർണബ്യൂവിലാണ്‌ മുഖാമുഖം.


പ്രധാന വാർത്തകൾ
 Top