20 March Wednesday
ലോകകപ്പിന്‌ മുമ്പുള്ള അവസാന പരമ്പര

ഒരുങ്ങിത്തുടങ്ങാം ; ഇന്ത്യ‐ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20 ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

ഇന്ത്യൻ നായകൻ വിരാട്‌ കോഹ്‌‌ലിയുടെ നേതൃത്വത്തിൽ ടീം പരിശീലനം നടത്തുന്നു

വിശാഖപട്ടണം> ലോകകപ്പ് ടീമിനെ വാർത്തെടുക്കാനുള്ള അവസാന പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നു. ഓസ്ട്രേലിയയുമായി ആദ്യം രണ്ട് ട്വന്റി 20, ശേഷം അഞ്ച് ഏകദിനങ്ങൾ. ഈ  പരമ്പരയിൽ ഒറ്റ ലക്ഷ്യം മാത്രമാണ‌്  ഇരു ടീമുകൾക്കും; മെയ് അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന  ലോകകപ്പ്. ഇന്ന‌് രാത്രി ഏഴിന‌് വിശാഖപട്ടണത്താണ‌് മത്സരം.

അവസാന പതിനഞ്ചംഗ ടീമിനെ കണ്ടെത്താൻ സെലക്ടർമാരുടെ കണ്ണുകൾ കളിക്കാരുടെ മേലേയുണ്ടാകും. ചെറിയ പിഴവ് ഇംഗ്ലണ്ടിലേക്കുള്ള വിസ നിഷേധിക്കും. ന്യൂസിലൻഡിൽ അവസാന മത്സരങ്ങളിൽ വിശ്രമത്തിനു ശേഷം നായകൻ വിരാട് കോഹ്‌ലി തിരിച്ചെത്തുന്നതാണ് സവിശേഷത.

ഋഷഭ് പന്തിനും വിജയ് ശങ്കറിനും ലോകകപ്പ് ടീമിലേക്ക് കടക്കാൻ ഓ‌സ‌്ട്രേലിയൻ പരമ്പര നിർണായകമാകും. സെലക്ടർമാരുടെ മാറിമാറിയുള്ള പരീക്ഷണങ്ങൾക്കൊടുവിൽ ഇരുവരുമാണ് ഇംഗ്ലണ്ടിലേക്ക‌് പരിഗണിക്കുന്ന അവസാന പട്ടികയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ. ജസ‌്പ്രീത് ബുമ്രയുടെ മടങ്ങിവരവ് ബൗളിങ്  കരുത്തുറ്റതാക്കും. ഓസ‌്ട്രേലിയയാകട്ടെ ഏഴ‌് മത്സരങ്ങളിലേക്കും ഒരേ ടീമുമായാണ‌് എത്തുന്നത‌്.

ട്വന്റി 20 യിൽ ന്യൂസിലൻഡിനോട് മൂന്ന‌് മത്സര പരമ്പര 2‐1ന് അടിയറവ് വച്ചാണ് ഇന്ത്യ രണ്ട് മത്സര പരമ്പരയ്ക്കിറങ്ങുന്നത്. കംഗാരുക്കൾക്കെതിരെ കളിച്ച 17 ട്വന്റി 20യിൽ പതിനൊന്നിലും ജയിച്ചത് നീലപ്പടയാണ്. എന്നാൽ അവസാനമായി കളിച്ച രണ്ട് പരമ്പരകളും  സമനിലയിലായി. 2016ൽ മഹേന്ദ്രസിങ് ധോണിക്ക് കീഴിലാണ് അവസാനമായി ഇന്ത്യ ഓസീസിനെതിരെ പരിമിത ഓവർ പരമ്പര നേടുന്നത്. 3‐0ന് ആയിരുന്നു അന്ന് ജയം.

ഉജ്ജ്വലമായി ബാറ്റ് വീശുന്ന കോഹ‌്‌ലി തന്നെയാണ് ഇന്ത്യയുടെ ആയുധം. കലണ്ടർ വർഷം 38 മത്സരങ്ങളിൽനിന്ന‌് 2735 റണ്ണാണ് എല്ലാ ഫോർമാറ്റുകളിലുമായി ഇന്ത്യയുടെ നായകൻ നേടിയത്.  യൂസ‌്‌വേന്ദ്ര ചഹാലിനെയാകും ബൗളിങ്ങിൽ ഓസീസ‌് ഏറ്റവും ഭയക്കുന്നത‌്. കംഗാരുക്കൾക്കെതിരെ മികച്ച റെക്കോഡാണ‌് ചഹാലിനുള്ളത‌്.

ദിനേശ‌് കാർത്തിക്കോ കെഎൽ രാഹുലോ നാലാമനായി ഇറങ്ങു‌ം. ക്രുണാൽ പാണ്ഡ്യയ‌്ക്ക‌് ഇടം ഉറപ്പാണ‌്. മായങ്ക‌് മാർകണ്ഡേ കന്നി മത്സരം കളിക്കാനിടയില്ല. ഇന്ത്യയ്ക്കെതിരെ കളിച്ചതിനുശേഷം ആദ്യമായാണ് ആരോൺ ഫിഞ്ചും സംഘവും ട്വന്റി 20ക്കിറങ്ങുന്നത്. എന്നാൽ ഐപി‌എലിനു സമാനമായ ഓ‌സ‌്ട്രേലിയൻ ലീഗായ ബിഗ് ബാഷ് കഴിഞ്ഞയുടനെയാണ് ടീം ഇന്ത്യയിലെത്തുന്നത്.

ലീഗിൽ മികച്ച സ‌്കോററായ  ഡി ആർച്ചി ഷോട്ടും വിക്കറ്റ‌് വേട്ടക്കാരനായ കെയ്ൻ റിച്ചാർഡ്സണുമാണ് ലീഗിൽ തിളങ്ങിയത്. ഇരുവരും ഓസീസ‌് നിരയിൽ അവസാനമായി സ്ഥാനം പിടിച്ചതാണ‌്. ഷോൺ മാർഷിന‌് പകരക്കാരനായാണ‌് ഷോട്ട‌് എത്തിയത‌്. പരിക്കേറ്റ മിച്ചൽ സ്റ്റാർക്കിന‌് പകരം റിച്ചാർഡ‌്സണും. സ്റ്റാർക്കില്ലാത്തത‌് ഓസീസിന‌് തിരിച്ചടിയാണ‌്. അലക‌്സ‌് കാരി, ഉസ‌്മാൻ ഖവാജ, ഫിഞ്ച‌്, ഗ്ലെൻ മാക‌്സ‌്‌വൽ എന്നിവരടങ്ങിയ ഓസീസ‌് കരുത്തരാണ‌്.


പ്രധാന വാർത്തകൾ
 Top