21 February Thursday

കിവികളും കരയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 24, 2019

ന്യൂസിലൻഡിന്റെ മൂന്ന്‌ വിക്കറ്റെടുത്ത മുഹമ്മദ്‌ ഷമി സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ


നേപ്പിയർ
കങ്കാരുക്കളെ കീഴ‌്പ്പെടുത്തിയ ഇന്ത്യയുടെ ജൈത്രയാത്ര ന്യുസിലൻഡിലും തുടങ്ങി. . നേപ്പിയറിൽ ന്യൂസിലൻഡിനെതിരായ  ആദ്യ ഏകദിനമത്സരം ഇന്ത്യ എട്ട‌് വിക്കറ്റ‌ിന‌് സ്വന്തമാക്കി. മുഹമ്മദ‌് ഷമി  എന്ന പേസറുടെ പന്തിൽ തുടങ്ങി കുൽദീപ‌് യാദവ‌്‌ എന്ന സ‌്പിന്നറിൽ അവസാനിച്ചപ്പോൾ കിവീസ‌് 157ൽ തകർന്നു. കിവീസ‌് ബാറ്റിങ് നിര കൂടാരത്തിലേക്ക‌് മടങ്ങിയപ്പോൾ 12 ഓവർ പിന്നെയും ശേഷിക്കുന്നുണ്ടായിരുന്നു. ശിഖർ ധവാനും (75*) നായകൻ വിരാട‌് കോഹ‌്‌ലിയും (45) അനായാസം വിജയത്തിലേക്ക‌്‌ ബാറ്റ‌് വീശി. ഓസീസിനെതിരായി പ്രകടിപ്പിച്ച ഒത്തിണക്കവും മികവും നേപ്പിയറിലെ മൈതാനത്തും ആവർത്തിച്ചാണ‌് കോഹ‌്‌ലിയും സംഘവും കളിച്ചത‌്. ‌സുര്യപ്രകാശം തടസ്സമുണ്ടാക്കിയതിനാൽ  നിർത്തിവച്ച മത്സരത്തിൽ ഡക്ക‌്‌വർത്ത‌് ലൂയിസ‌് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 49 ഓവറിൽ 156 റണ്ണായി നിശ്ചയിച്ചു. ആറോവറിൽ 19 റൺ വഴങ്ങി മൂന്ന‌് വിക്കറ്റുകൾ നേടിയ മുഹമ്മദ‌് ഷമിയാണ‌് ക‌ളിയിലെ താരം. കുൽദീപ‌് നാലു വിക്കറ്റും നേടി. 2009ന‌് ശേഷം ആദ്യമായാണ‌് ന്യൂസിലൻഡിൽ ജയത്തോടെ ഒരു പരമ്പര ഇന്ത്യ ആരംഭിക്കുന്നത‌്.

സ‌്പിന്നർമാരായി കുൽദീപിനെയും ചഹാലിനെയും പേസർമാരായി ഭുവനേശ്വർ കുമാറിനെയും ഷമിയേയും ഇറക്കിയാണ‌് ഇന്ത്യ കളി തുടങ്ങിയത‌്.  പാർട്ട‌് ടൈം സ‌്പിന്നറായി കേദാർ ജാദവും മീഡിയം പേസറായി വിജയ‌് ശങ്കറും ടീമിലിടം പിടിച്ചു. ന്യൂസിലൻഡ‌് ടീമിലാകട്ടെ നാല‌് പേസർമാർ. സാന്റ‌്നർ ഏക സ‌്പിന്നറുമായി. 

തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു ന്യൂസിലൻഡിന‌്. റണ്ണൊഴുകുമെന്ന‌് പ്രവചിച്ച പിച്ചിൽ ടോസ‌് നേടിയ കിവീസ‌് നായകൻ കെയ‌്ൻ വില്യംസണ‌് ബാറ്റിങ‌് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന‌് ആലോചിക്കേണ്ടിയിരുന്നില്ല. ഇന്നിങ‌്സിലെ രണ്ടാം ഓവർ എറിയാനെത്തിയ ഷമി ഓപ്പണറായ മാർട്ടിൻ ഗുപ്റ്റിലിന്റെ (5) കുറ്റി പിഴുതു. അവിടെ തുടങ്ങി ആതിഥേയരുടെ അന്ത്യം. സ‌്കോർ ന്യൂസിലൻഡ‌് 5–- 1. അച്ചടക്കത്തോടെയും കണിശതയോടെയും  പന്തെറിഞ്ഞ ഷമി തന്റെ രണ്ടാം ഓവറിൽ ഗുപ‌്റ്റിലിന്റെ പങ്കാളി കോളിൻ മൺറോയുടെ (8) കുറ്റി തെറിപ്പിച്ചു. ഷമിക്കു ശേഷം കുൽദീപിന്റെയും യുശ‌്‌വേന്ദ്ര ചഹാലിന്റെയും ഊഴമായിരുന്നു. റോസ‌് ടെയ‌്‌ലറെ കൂട്ടുപിടിച്ച‌് ടീമിനെ കരകയറ്റാനുള്ള നായകൻ കെയ‌്ൻ വില്യംസണിന്റെ ശ്രമം ടെയ‌്‌ലറെ (24) സ്വന്തം ബൗളിങ്ങിൽ പിടികൂടി ചഹാൽ തടഞ്ഞു. പന്ത‌് കൈക്കുഴ ബൗളർമാർക്ക‌് തന്നെ നൽകിയ കോഹ‌്‌ലിയുടെ തന്ത്രം വിജയിച്ചു. വില്യംസണൊഴികെ മറ്റെല്ലാവരെയും നിലയുറപ്പിക്കുന്നതിനു മുമ്പായി കുൽദീപ‌്–-ചഹാൽ സഖ്യം മടക്കി. കേദാർ ജാദവും ഒരു വിക്കറ്റ‌് നേടി.. ഇതിനിടെ വീണ്ടും വന്ന ഷമി സാന്റ‌്‌നറെ പുറത്താക്കി  മൂന്നാം വിക്കറ്റ‌് തികച്ചു.  ക്യപ‌്റ്റൻ   വില്യംസൺ മാത്രം ഏകനായി പൊരുതി. സ‌്കോർ 146ൽ നിൽക്കേ 81 പന്തിൽ 64 റണ്ണെടുത്ത വില്യംസണെ കുൽദീപ‌്‌ മടക്കി. തുടർന്ന‌്  വാലറ്റക്കാരും നിരനിരയായി തിരിച്ചുപോയതോടെ ആതിഥേയർ 38 ഓവറിൽ 157 റൺ. . സ‌്പിന്നർമാരായിരുന്നു ടീമിന്റെ ഭൂരിഭാഗം ഓവറും എറിഞ്ഞത‌്. 15 ഓവർ മാത്രമാണ‌് ഷമി, ഭുവനേശ്വർ, വിജ‌യ‌് ശങ്കർ സഖ്യം എറിഞ്ഞത‌്.

ഇന്ത്യക്ക‌് ഒട്ടും വെല്ലുവിളി ഇല്ലാത്ത സ‌്കോറിലേക്ക‌് സമ്മർദമില്ലാതെ ഓപ്പണർമാർ തുടങ്ങി. അവസാന ഒമ്പത‌് മത്സരങ്ങളിലും തിളങ്ങാതെ പോയ ധവാൻ ക്ഷമയോടെ ബാറ്റേന്തി. രോഹിത‌് ശർമയെ (11) നേരത്തെ നഷ്ടമായെങ്കിലും കോ‌ഹ‌്‌ലി വിജയമുറപ്പിച്ചാണ‌് മടങ്ങിയത‌്.  ഇന്ത്യ 34.5 ഓവറിൽ ലഷ്യം കണ്ടു.
 അഞ്ച്‌ മത്സര പരമ്പരയിലെ  അടുത്ത കളി 26നാണ‌്.


പ്രധാന വാർത്തകൾ
 Top