12 November Tuesday

ഒമ്പത്‌ മിനിറ്റിൽ തീർന്നു ; ദ. ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക്‌ ഇന്നിങ്‌സ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


റാഞ്ചി
ഒമ്പത്‌ മിനിറ്റും രണ്ട്‌ ഓവറും മതിയായിരുന്നു ഇന്ത്യക്ക്‌. എതിർപ്പിന്റെ ചെറുവിരലനക്കാതെ ദക്ഷിണാഫ്രിക്ക തലകുനിച്ചു. മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്നിങ്‌സിനും 202 റണ്ണിനുമാണ്‌ വിരാട്‌ കോഹ്‌ലിയും കൂട്ടരും ജയം കുറിച്ചത്‌.  മൂന്ന്‌ മത്സര പരമ്പരയിൽ സമ്പൂർണ വിജയം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഉശിരൻ കുതിപ്പും. സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ തുടർച്ചയായ പതിനൊന്നാം പരമ്പര വിജയം കൂടിയാണിത്‌. ഇരട്ട സെഞ്ചുറിയടക്കം റൺമല തീർത്ത രോഹിത്‌ ശർമയാണ്‌ പരമ്പരയുടെ താരം.

നാലാം ദിനത്തിലെ രണ്ടാം ഓവറിൽ അരങ്ങേറ്റക്കാരൻ ഷഹബാസ്‌ നദീം ഇന്ത്യക്ക്‌ ജയം സമ്മാനിച്ചു. അവസാന രണ്ട്‌ പന്തുകളിൽ തിയുനിസ്‌ ഡി ബ്രയ്‌നെയും (30), ലുങ്കി എൻഗിഡിയെയും (0) മടക്കി ഇടംകൈയൻ. കന്നി ടെസ്റ്റിൽ നാല്‌ വിക്കറ്റുമായി തിളങ്ങി ബിഹാറുകാരൻ. ട്വന്റി 20 പരമ്പരയിൽ (1–-1) ഒപ്പമെത്തി വമ്പുകാട്ടിയ ദക്ഷിണാഫ്രിക്കയെ ടെസ്റ്റിൽ ഇന്ത്യ തകർത്തു.

മൂന്ന്‌ കളികളിൽ ഒരിക്കൽപ്പോലും ആധിപത്യം കൈവിട്ടില്ല കോഹ്‌ലിപ്പട. ബാറ്റിങ്‌നിര സെഞ്ചുറികളാൽ വിസ്‌മയം തീർത്തപ്പോൾ ബൗളർമാരും വിട്ടുകൊടുത്തില്ല. അവസാന രണ്ട്‌ മത്സരങ്ങളിലെയും ഇന്നിങ്‌സ്‌ ജയം ബൗളർമാരുടെ മികവിന്‌ അടിവരയിടുന്നു.

മൂന്ന്‌ കളികളിലും ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ഇരട്ടസെഞ്ചുറി കുറിച്ചു. മായങ്ക്‌ അഗർവാൾ, കോഹ്‌ലി, രോഹിത്‌ ശർമ എന്നിവർ. അജിൻക്യ രഹാനെയും മോശമാക്കിയില്ല. മൂന്ന്‌ കളികളിലായി 60 വിക്കറ്റുകളാണ്‌ ഇന്ത്യൻ ബൗളർമാർ വീഴ്‌ത്തിയത്‌. ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 25 വിക്കറ്റുകളേ നേടാൻ സാധിച്ചുള്ളു. നാട്ടിൽ നടക്കുന്ന പരമ്പരകളിൽ സ്‌പിന്നർമാരെ അണിനിരത്തിയാണ്‌ ഇന്ത്യ ജയം പിടിക്കാറ്‌‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പേസർമാരുടെ മികവ്‌ നിർണായകമായി. 

മുഹമ്മദ്‌ ഷമി മൂന്ന്‌ കളികളിലായി നേടിയത്‌ 13 വിക്കറ്റാണ്‌. ഉമേഷ്‌ യാദവ്‌ രണ്ട്‌ ടെസ്റ്റിൽ 11 വിക്കറ്റ്‌ നേടി. സ്‌പിന്നർ ആർ അശ്വിനാണ്‌ വിക്കറ്റ്‌ വേട്ടക്കാരിൽ മുന്നിൽ–- 15 വിക്കറ്റ്‌. രവീന്ദ്ര ജഡേജ 13 വിക്കറ്റ്‌ സ്വന്തം പേരിലാക്കി. നാല്‌ ഇന്നിങ്‌സുകളിലായി 212 റണ്ണടിച്ച്‌ ബാറ്റിങ്ങിലും ഈ ഓൾറൗണ്ടർ നിർണായക പങ്കുവഹിച്ചു.
ഇനി ബംഗ്ലാദേശാണ്‌ ഇന്ത്യക്ക്‌ മുന്നിൽ. നവംബർ 14ന്‌ ഇൻഡോറിലാണ്‌ രണ്ട്‌ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ കളി.


പ്രധാന വാർത്തകൾ
 Top