20 November Wednesday

ചാമ്പ്യൻസ്‌ ലീഗ്‌ : ഇന്ററും ഡോർട്ട്‌മുണ്ടും മിലാനിൽ മുഖാമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ലിവർപൂളിന്റെ വിർജിൽ വാൻഡിക്ക്‌ (ഇടത്ത്‌) സഹതാരത്തിനൊപ്പം പരിശീലനത്തിൽ


മിലാൻ
ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന്‌ ഇന്റർ മിലാനും ബൊറൂസിയ ഡോർട്ട്‌മുണ്ടും നേർക്കുനേർ. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‌ ബൽജിയം ക്ലബ്ബായ ഗെൻക്കാണ്‌ എതിരാളി. ചെൽസി‐അയാക്‌സ്‌ മത്സരവും ഇന്നരങ്ങേറും. ബാഴ്‌സലോണ സ്ലാവിയ പ്രാഗുമായും നപ്പോളി  ആർബി സാൽസ്‌ബർഗുമായും ഏറ്റുമുട്ടും. ബെൻഫിക്കയും ല്യോണും തമ്മിലാണ്‌ മറ്റൊരു പോരാട്ടം. രാത്രി 12.30നാണ്‌ മത്സരങ്ങൾ.

മരണ ഗ്രൂപ്പായ എഫിൽ നിർണായക പോരട്ടത്തിനാണ്‌ ഇന്ററും ഡോർട്ട്‌മുണ്ടും ഇറങ്ങുന്നത്‌. ഇന്ററിന്റെ തട്ടകത്തിലാണ്‌ കളി. ബാഴ്‌സലോണയ്‌ക്കെതിരെ തോൽക്കുകയും സ്ലാവിയ പ്രാഗിനെതിരെ അപ്രതീക്ഷിത സമനിലയും വഴങ്ങേണ്ടിവന്ന ഇന്റർ ലീഗിലെ ആദ്യ ജയമാണ്‌ ലക്ഷ്യമിടുന്നത്‌.

ബാഴ്‌സയ്‌ക്കെതിരെ പരിക്കുകാരണം കളിക്കാതിരുന്ന മുന്നേറ്റക്കാരൻ റൊമേലു ലുക്കാക്കു തിരിച്ചെത്തുന്നത്‌ ഇറ്റാലിയൻ വമ്പൻമാർക്ക്‌ കരുത്ത്‌ നൽകും. നാല്‌ പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്‌ ഡോർട്ട്‌മുണ്ട്‌. ബാഴ്‌സയെ തളച്ച ടീം സ്ലാവിയയെ കീഴടക്കി. എതിർതട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ അനായാസ ജയമാണ്‌ ബാഴ്‌സ ലക്ഷ്യമിടുന്നത്‌. ലയണൽ മെസി, ലൂയിസ്‌ സുവാരസ്‌, ഒൺട്വോയ്‌ൻ ഗ്രീസ്‌മാൻ എന്നിവരുടെ മികവിൽ കുതിക്കാമെന്നാണ്‌ കണക്കുകൂട്ടൽ.

ആദ്യ കളിയിൽ നപ്പോളിയോട്‌ തോൽവി വഴങ്ങിയ ലിവർപൂൾ തിരിച്ചുവരവിന്റെ പാതയിലാണ്‌. കഴിഞ്ഞ കളിയിൽ സാൽസ്‌ബർഗിന്റെ വീര്യത്തെ മറികടന്ന്‌ ജയം പിടിച്ച യുർഗൻ ക്ലോപ്പും സംഘവും ഗെൻക്കിനെതിരെ ജയിച്ച്‌ മുന്നേറാനാണ്‌ ലക്ഷ്യമിടുന്നത്‌.  ഗ്രൂപ്പ്‌ ഇയിൽ മൂന്നാമതാണ്‌ ചാമ്പ്യൻമാർ. അയാക്‌സിന്റെ തട്ടകമായ ആംസ്റ്റർഡാമിലാണ്‌ ചെൽസി‐അയാക്‌സ്‌ മത്സരം. ഗ്രൂപ്പ്‌ എച്ചിൽ കളിച്ച രണ്ടിലും ജയിച്ച്‌ ഒന്നാമതായാണ്‌ അയാക്‌സിന്റെ വരവ്‌. ചെൽസി രണ്ടാമതാണ്‌.


പ്രധാന വാർത്തകൾ
 Top