22 October Thursday

സൂപ്പർ സഞ്ജു ; 32 പന്തിൽ 74, 9 സിക്‌സർ, 1 ബൗണ്ടറി രണ്ട്‌ ക്യാച്ച്‌, രണ്ട്‌ സ്റ്റമ്പിങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

പിയൂഷ്‌ ചൗളയുടെ പന്തിൽ സഞ്ജു സാംസൺ സിക്‌സർ നേടുന്നു. പിന്നിൽ മഹേന്ദ്രസിങ്‌ ധോണി

ഷാർജ
ഒമ്പത്‌ സിക്‌സർ, ഒരു ബൗണ്ടറി 32 പന്തിൽ 74 റൺ. ഷാർജ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ സഞ്ജു സാംസൺ സിക്‌സറുകളുടെ വിരുന്നൊരുക്കി. മൈതാനത്തിന്റെ എല്ലാ വശങ്ങളെയും ആ ബാറ്റിൽനിന്ന്‌ തൊടുത്ത പന്തുകൾ ഉമ്മ വച്ചു. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബൗളർമാർ എരിഞ്ഞടങ്ങി. സഞ്ജുവിന്റെ ഉജ്വല പ്രകടനത്തിൽ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈയെ 16 റണ്ണിന്‌ വീഴ്‌ത്തി രാജസ്ഥാൻ റോയൽസ്‌ ഐപിഎലിൽ ജയത്തോടെ അരങ്ങേറി. രാജസ്ഥാൻ 7–-216, ചെന്നൈ 6‐200. മലയാളി താരത്തിന്റെ വെടിക്കെട്ടിന്‌ പുറമേ ക്യാപ്‌റ്റൻ സ്‌റ്റീവ്‌ സ്‌മിത്തും (47 പന്തിൽ 69),  അവസാന ഓവറിൽ കൊടുങ്കാറ്റായ ജോഫ്ര ആർച്ചെറും (8 പന്തിൽ 27) രാജസ്ഥാനെ ഈ സീസണിൽ ഇരുന്നൂറ്‌ കടക്കുന്ന ആദ്യ ടീമാക്കി. രണ്ട്‌ സ്റ്റമ്പിങ്ങും രണ്ട്‌ ക്യാച്ചുമെടുത്ത്‌‌ വിക്കറ്റിന്‌ പിറകിലും സഞ്ജു മിന്നി.

ടോസ്‌ നേടിയ ധോണി രാജസ്ഥാനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. സ്‌മിത്തിനൊപ്പം ഓപ്പണറായെത്തിയ അരങ്ങേറ്റക്കാരൻ യശ്വസി ജയ്‌സ്വാളിനെ (6) മടക്കി ദീപക്‌ ചഹാർ ക്യാപ്‌റ്റന്റെ വിശ്വാസം കാത്തു. സ്‌കോർ 2.2 ഓവറിൽ രാജസ്ഥാൻ ഒന്നിന്‌ 11. സഞ്ജു എത്തി. ആദ്യ പന്തുകൾ ക്ഷമയോടെ നേരിട്ടു. എന്നാൽ, അധികം കാത്തിരുന്നില്ല. ചഹാറിനെ സിക്‌സർ പറത്തി തുടക്കമിട്ടു. ധോണി പന്ത്‌ സ്‌പിന്നർമാരെ ഏൽപ്പിച്ചു. ആദ്യമെത്തിയ രവീന്ദ്ര ജഡേജയെ സഞ്ജു വെറുതെ വിട്ടില്ല. തുടർച്ചയായി രണ്ടുതവണ പന്ത്‌ പറന്നു. പിന്നാലെ പിയൂഷ്‌ ചൗള എത്തി. സഞ്ജുവിന്റെ ചൂടറിഞ്ഞു ഈ സ്‌പിന്നറും. സഞ്ജു മൂന്നും സ്‌മിത്ത്‌ ഒരു സിക്‌സറും കുറിച്ചു. ഈ ഓവറിൽ രാജസ്ഥാൻ നേടിയത്‌ 28 റൺ. ഇതിനിടെ, 19 പന്തിൽ സഞ്ജു അരസെഞ്ചുറി തികച്ചു. കളിജീവിതത്തിലെ ഏറ്റവും വേഗതയേറിയത്‌. ഐപിഎലിലെ 11–-ാമത്‌. നേരിട്ടവരെയെല്ലാം സഞ്ജു തലങ്ങും വിലങ്ങും പായിച്ചു. രാജസ്ഥാൻ 10 ഓവറിൽ 100 കടന്നു. ലുങ്കി എൻഗിഡിയുടെ പന്തിൽ സിക്‌സറിന്‌ ശ്രമിക്കവെ ചഹാറിന്റെ കൈകളിലായി സഞ്ജു മടങ്ങി.

പിന്നാലെ എത്തിയവരെല്ലാം വീണെങ്കിലും സ്‌മിത്ത്‌ രാജസ്ഥാനെ നയിച്ചു. എൻഗിഡിയുടെ അവസാന ഓവറിൽ നാല്‌ സിക്‌സർ ഉൾപ്പെടെ 30 റണ്ണടിച്ച്‌ ആർച്ചെർ രാജസ്ഥാനെ 200 കടത്തി. ചെന്നൈ നിരയിൽ 72 റണ്ണടിച്ച ഫാഫ്‌ ഡു പ്ലെസിസാണ്‌ ടോപ്‌ സ്‌കോറർ. രാജസ്ഥാനായി രാഹുൽ തെവാട്ടിയ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top