ആന്റിഗ്വ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം ഇന്ത്യക്ക് മികച്ചതായില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ മങ്ങി. മഴകാരണം വൈകിയാണ് കളി തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റണ്ണെടുത്തു. 40 റണ്ണോടെ ലോകേഷ് രാഹുലും 24 റണ്ണുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), ക്യാപ്റ്റൻ വിരാട് കോഹ്ലി (9) എന്നിവർ പുറത്തായി.വിൻഡീസിനുവേണ്ടി കെമർ റോച്ച് രണ്ടും ഷാനൺ ഗബ്രിയേൽ ഒരു വിക്കറ്റും നേടി.ആന്റിഗ്വയിലെ ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആന്റിഗ്വയിൽ വിൻഡീസ് പേസർമാർ ഉശിരോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിരണ്ടു. മായങ്കിനെ റോച്ചും ഗബ്രിയേലും കാര്യമായി പരീക്ഷിച്ചു. രാഹുൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്.അഞ്ചാമത്തെ ഓവറിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റോച്ച് വിക്കറ്റ് കീപ്പർ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. അമ്പയർ ഔട്ട് കൊടുത്തില്ല. വിൻഡീസ് റിവ്യൂ നൽകി. പരിശോധനയിൽ പന്ത് മായങ്കിന്റെ ബാറ്റിൽതൊട്ടെന്ന് തെളിഞ്ഞു. അതേ ഓവറിൽ മറ്റൊരു കനത്ത തിരിച്ചടിയും കിട്ടി. പൂജാരയും പുറത്ത്. റോച്ചിന്റെ പന്ത് പൂജാരയുടെ ബാറ്റിനരികിൽ തൊട്ട് ഹോപിന്റെ കൈകളിൽ. സ്കോർ 2–-7. ക്യാപ്റ്റൻ കോഹ്ലി വേഗത്തിൽ കളിക്കാനാണ് ശ്രമിച്ചത്. രണ്ട് ബൗണ്ടറികൾ പായിച്ച കോഹ്ലിക്ക് അമിതാവേശം വിനയായി. ഗബ്രിയേലിന്റെ ഷോർട്ട് പിച്ച് പന്തുകളിൽ ഏകാഗ്രത നഷ്ടമായ കോഹ്ലി ഒടുവിൽ വീണു. ഷമർ ബ്രൂക്സാണ് കോഹ്ലിയെ പിടികൂടിയത്.
തുടർന്ന് രാഹുലും രഹാനെയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രഹാനെ പതർച്ചയോടെയാണ് കളിച്ചത്. വിൻഡീസ് ക്യാപ്റ്റൻ ഹോൾഡർ തുടർച്ചയായി മെയ്ഡനുകൾ എറിഞ്ഞു. ഇടയ്ക്ക് ബാറ്റിനരികിൽ തട്ടി പന്ത് സ്ലിപ്പ് ഫീൽഡർമാർക്കിടയിലൂടെ പറന്നു. എങ്കിലും ഉച്ചഭക്ഷണംവരെ ഇരുവരും പിടിച്ചുനിന്നു. 60 റണ്ണാണ് നാലാം വിക്കറ്റിൽ പിറന്നത്.
ആറ് ബാറ്റ്സ്മാൻമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശർമയ്ക്ക് ഇടംകിട്ടിയില്ല. ഹനുമ വിഹാരി ഉൾപ്പെട്ടു. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്താണ് ഇടംനേടിയത്. രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറായി. ആർ അശ്വിനെ പരിഗണിച്ചില്ല. പേസ് നിരയിൽ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇശാന്ത് ശർമയും ഉൾപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..