17 September Tuesday

ആഷസിൽ മഴ കളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

മഴയെ തുടർന്ന്‌ മൈതാനം വിടുന്ന ഓസീസ്‌ ബാറ്റ്‌സ്‌മാൻമാരായ വാർണറും ലബുഷെയ്‌നും


ലിഡ്‌സ്‌
ആഷസിന്റെ ആവേശം കെടുത്തി ലീഡ്‌സിൽ മഴ. ആഷസ്‌ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യദിനം മഴകാരണം കളി വൈകി.  ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഡേവിഡ്‌ വാർണറുടെ അർധ സെഞ്ചുറി മികവിൽ  രണ്ടിന്‌ 126 എന്ന നിലയിലാണ്‌. വർണർ 84 പന്തിൽ 59 റണ്ണുമായി ക്രീസിലുണ്ട്‌.
അഞ്ച്‌ മത്സര പരമ്പരയിൽ ഓസീസ്‌ 1–-0ന്‌ മുന്നിലാണ്‌.

ലീഡ്‌സിൽ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ഓസീസിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ഓസീസ്‌ നിരയിൽ ഓപ്പണർ കാമറൂൺ ബാൻക്രോഫ്‌റ്റിന്‌ പകരം മാർകസ്‌ ഹാരിസ്‌ എത്തി. പീറ്റർ സിഡിലിന്‌ പകരം ജയിംസ്‌ പാറ്റിൻസണും തിരിച്ചെത്തി. സ്‌റ്റീവ്‌ സ്‌മിത്തിന്‌ പകരക്കാരനായി രണ്ടാം ടെസ്‌റ്റിൽ ഇറങ്ങിയ മാർണസ്‌ ലബുഷെയ്‌ൻ സ്ഥാനം നിലനിർത്തി.

രണ്ടാം ടെസ്‌റ്റിൽ ഓസീസ്‌ ബാറ്റിങ്‌ നിരയിൽ നാശംവിതച്ച ഇംഗ്ലീഷ്‌ പേസർ ജോഫ്ര ആർച്ചെർ മൂന്നാം ടെസ്‌റ്റിലും ഒന്നാന്തരമായി പന്തെറിഞ്ഞു. എട്ട്‌ റണ്ണെടുത്ത ഹാരിസിനെ ആർച്ചെർ വിക്കറ്റ്‌ കീപ്പർ ജോണി ബെയർസ്‌റ്റോയുടെ കൈകളിലെത്തിച്ചു. ഉസ്‌മാൻ ഖവാജയെ (8) സ്‌റ്റുവർട്ട്‌ ബ്രോഡും പുറത്താക്കി.
തുടക്കത്തിൽ പതറിയ ഓസീസിനെ വാർണറും ലബുഷെയ്‌നും (66 പന്തിൽ 45) കരകയറ്റുകയായിരുന്നു. ടൂർണമെന്റിലെ വാർണറുടെ ആദ്യ അരസെഞ്ചുറിയാണിത്‌.


പ്രധാന വാർത്തകൾ
 Top