24 October Thursday

ന്യൂസിലൻഡ്‌‐ശ്രീലങ്ക രണ്ടാം ടെസ്റ്റ്‌ : ലങ്ക 2–-85

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കരുണരത്‌നെ ബൗണ്ടറി പായിക്കുന്നു


കൊളംബോ
മഴയിൽ കുതിർന്ന്‌ ശ്രീലങ്ക–-ന്യൂസിലൻഡ്‌ രണ്ടാം ടെസ്റ്റ്‌. ആദ്യ ദിനം 36.3 ഓവർ മാത്രം പന്തെറിഞ്ഞപ്പോൾ ലങ്ക രണ്ടിന്‌ 85 റണ്ണെന്ന നിലയിലാണ്‌. ക്യാപ്‌റ്റൻ ദിമുത്‌ കരുണരത്‌നെയും (100 പന്തിൽ 49) റണ്ണൊന്നും എടുക്കാതെ ഓൾറൗണ്ടർ ഏഞ്ചലോ മാത്യൂസുമാണ്‌ ക്രീസിൽ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ രണ്ട്‌ മത്സര പരമ്പരയിൽ ആദ്യ കളി ജയിച്ച്‌ ലങ്ക മുന്നിലാണ്‌.

മഴ മാറാതെ പെയ്‌തപ്പോൾ കളി നീണ്ടു. ഉച്ചയ്‌ക്ക്‌ കളി തുടങ്ങുമ്പോൾ പാതിദിനം പിന്നിട്ടിരുന്നു. ടോസ്‌ നേടിയ ലങ്കൻ നായകൻ കരുണരത്‌നെ മഴയെ വകവയ്‌ക്കാതെ ബാറ്റിങ്‌ തെരഞ്ഞെടുത്തു. ഈ മാസത്തിൽ രണ്ടു തവണ സംശയകരമായ ബൗളിങ്‌ രീതി കണ്ടെത്തിയ സ്‌പിന്നർ അകില ധനഞ്ജയയെ മാറ്റിനിർത്തിയാണ്‌ ലങ്ക ടീമിനെ അണിയിച്ചത്‌. ഓൾറൗണ്ടർ ദിൽറുവാൻ പെരേരയാണ്‌ പകരക്കാരനായി ഇടംപിടിച്ചത്‌. കിവീസ്‌ നിരയിലാകട്ടെ മിച്ചെൽ സന്റ്‌നെറിന്‌ പകരം കോളിൻ ഡി ഗ്രാൻഡ്‌ഹോമും എത്തി.

നനവുള്ള പിച്ചിൽ ആനുകൂല്യം മുതലെടുത്തു പന്തെറിഞ്ഞു ന്യൂസിലൻഡ്‌. റൺ കണ്ടെത്താൻ ലങ്കൻ ഓപ്പണർമാർ പതറി. ലാഹിരു തിരിമണ്ണെയായിരുന്നു കൂടുതൽ വിഷമിച്ചത്‌. 35 പന്തിൽനിന്ന്‌ രണ്ട്‌ റണ്ണുമായി വില്യം സോമർവില്ലിക്ക്‌ മുന്നിൽ വീണു ഇടംകൈയൻ.

മൂന്നാമനായെത്തിയ കുശാൽ മെൻഡിസ്‌ (70 പന്തിൽ 32) കരുണരത്‌നെയ്‌ക്കൊപ്പം പതിയെ ലങ്കയെ മുന്നോട്ട്‌ നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 50 റൺ കൂട്ടിച്ചേർത്തു. ഇതിനിടയിൽ മഴ വീണ്ടുമെത്തിയെങ്കിലും വൈകാതെ കളി തുടർന്നു. പിന്നാലെ കുശാലിനെ മടക്കി ഗ്രാൻഡ്‌ഹോം കൂട്ടുകെട്ട്‌ പൊളിച്ചു. ആദ്യ കളിയിൽ രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറി കുറിച്ച്‌ ടീമിന്‌ ജയം സമ്മാനിച്ച കരുണരത്‌നെ കൊളംബോയിലും മികവ്‌ ആവർത്തിച്ചു. കരുതലോടെയാണ്‌ ഇടംകൈയൻ കിവി ബൗളർമാരെ നേരിട്ടത്‌. ആറ്‌ ബൗണ്ടറികൾ ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. വെളിച്ചക്കുറവുമൂലം മത്സരം 36.3 ഓവറിൽ ആദ്യ ദിനം പിരിയുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top