14 July Tuesday

മുറിവുണക്കാൻ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

മനീഷ്‌ പാണ്ഡെ, ശ്രേയസ്‌ അയ്യർ


മുംബൈ
ലോകകപ്പിലേറ്റ മുറിവുമായാണ‌് ഇന്ത്യ വെസ്റ്റിൻഡീസ‌ിൽ പരമ്പര കളിക്കാനിറങ്ങുന്നത‌്. ചെറുപ്പത്തിനും പരിചയസമ്പത്തിനും ഊന്നൽ നൽകിയ ടീം കരീബിയൻ ദ്വീപിൽ മികവുകാട്ടുമെന്നാണ‌് പ്രതീക്ഷ. ലോകകപ്പിൽ ആശങ്ക ഉയർത്തിയ  പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടിയാണ‌് ടീം തെരഞ്ഞെടുപ്പ്‌. മുന്നിലുള്ളത‌് 2020ലെ  ട്വന്റി–-20 ലോകകപ്പ‌്.

വിൻഡീസിൽ ആധികാരിക പ്രകടനത്തോടെ സമ്പൂർണ ജയമാണ‌് ലക്ഷ്യം. ആഗസ‌്ത‌് മൂന്നിന‌ാണ‌് ഒരുമാസത്തെ പരമ്പരയ‌്ക്ക‌് തുടക്കമാകുന്നത‌്. 
ലോകകപ്പിൽ മുൻനിര കുതിച്ചപ്പോൾ കിതച്ചത്‌ മധ്യനിരയിലാണ്‌. കേദാർ ജാദവ്‌, മഹേന്ദ്രസിങ്‌ ധോണി, ദിനേശ്‌ കാർത്തിക്‌, വിജയ്‌ ശങ്കർ എന്നിവർ മങ്ങി. നാലാം നമ്പറിലെ തലവേദന മാറിയില്ല. ഒടുവിൽ ഋഷഭ്‌ പന്തിൽ ആശ്വാസം കണ്ടു. വിൻഡീസിലേക്കുള്ള ടീമിൽ ജാദവൊഴികെ മറ്റാരുമില്ല. പകരം മനീഷ്‌ പാണ്ഡെയും ശ്രേയസ്‌ അയ്യരുമെത്തി.

ഓപ്പണിങ്‌ ബാറ്റ്‌സ്‌മാൻ ശിഖർ ധവാൻ തിരിച്ചെത്തുന്നതോടെ ലോകേഷ്‌ രാഹുൽ നാലാം നമ്പറിലെത്തും. ശ്രേയസിനോ പാണ്ഡെയ്‌ക്കോ ആകും അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അവസരം ലഭിക്കുക. പന്തും പിന്നാലെ എത്തും. ഹാർദിക്‌ പാണ്ഡ്യയുടെ സ്ഥാനം രവീന്ദ്ര ജഡേജയ്‌ക്കാകും. ഇംഗ്ലണ്ടിൽ പ്രതീക്ഷ പുലർത്താത്ത കൈക്കുഴ ബൗളർമാരായ യുശ്‌വേന്ദ്ര ചഹാലിനും കുൽദീപ്‌ യാദവിനുമുള്ള അവസാന അവസാരമാകും വിൻഡീസിലേത്‌.

മഹേന്ദ്രസിങ്‌ ധോണിയുടെ പിൻഗാമി പന്താണെന്ന്‌ ഉറപ്പിക്കുന്നു. ഏകദിനത്തിലും ട്വന്റി–-20യിലും ഇരുപത്തൊന്നുകാരൻ മാത്രമാണ്‌ വിക്കറ്റ്‌ കീപ്പറായുള്ളത്‌. ടെസ്റ്റ്‌ ടീമിലാകട്ടെ വൃദ്ധിമാൻ സാഹയ്‌ക്കൊപ്പവും ഇടം പിടിച്ചു. ഇംഗ്ലണ്ടിൽ പകരക്കാരനായി ടീമിലെത്തിയ പന്ത്‌ നാലാം നമ്പറിൽ ഭേദപ്പെട്ട പ്രകടനം കാട്ടിയിരുന്നു.
ട്വന്റി–-20 ടീമിലേക്കാണ്‌ വലിയ പരീക്ഷണം നടത്തിയിരിക്കുന്നത്‌. ഭൂരിഭാഗവും ചെറുപ്പക്കാരുടെ നിര. ലക്ഷ്യം ഓസ്‌ട്രേലിയയിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി–-20 ലോകകപ്പാണ്‌. വാഷിങ്‌ടൺ സുന്ദർ, രാഹുൽ ചഹാർ, ഖലീൽ അഹമ്മദ്‌, നവ്‌ദീപ്‌ സെയ്‌നി എന്നിവർക്കെല്ലാം കൂടുതൽ മത്സരപരിചയം ഒരുക്കുക എന്നതിലാണ്‌ ശ്രദ്ധ.
ഓസ്‌ട്രേലിയയിൽ ബോർഡർ‐ഗവാസ്‌കർ പരമ്പര കളിച്ച ടീമിൽനിന്ന്‌ വലിയ മാറ്റങ്ങളൊന്നും ടെസ്റ്റ്‌ ടീമിൽ ഇല്ല. ഓപ്പണർ മുരളി വിജയിയും പൃഥ്വി ഷായും ഒഴിവാക്കപ്പെട്ടു. കൗമാരക്കാരനായ പൃഥ്വിക്ക്‌ പരിക്കാണ്‌ വിനയായത്‌.

മായങ്ക്‌ അഗർവാളും ലോകേഷ്‌ രാഹുലുമാകും ഓപ്പണർമാർ. ചേതേശ്വർ പൂജാര, വൈസ്‌ ക്യാപ്‌റ്റൻ അജിൻക്യ രഹാനെ എന്നിവരെല്ലാം അടങ്ങുന്ന ബാറ്റിങ്‌ നിരയ്‌ക്ക്‌ കരുത്തിന്‌ കുറവില്ല. വിശ്രമം അവസാനിപ്പിച്ച്‌ പേസർ ജസ്‌പ്രീത്‌ ബുമ്രയും മടങ്ങിയെത്തുന്നതോടെ ടീം സമ്പൂർണമാകും.


പ്രധാന വാർത്തകൾ
 Top