13 May Thursday

രാജസ്ഥാനെ 
ദേവ്ദത്ത് തീർത്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


മുംബൈ
മലയാളി ബാറ്റ്‌സ്‌മാൻ ദേവ്‌ദത്ത്‌ പടിക്കൽ സെഞ്ചുറിയുമായി നയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെ തകർത്ത്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌. 10 വിക്കറ്റിനാണ്‌ ബാംഗ്ലൂരിന്റെ ജയം. ദേവ്‌ദത്ത്‌ 52 പന്തിൽ 101 റണ്ണടിച്ചു.

ഈ ഇരുപതുകാരന്റെ ഐപിഎലിലെ ആദ്യ സെഞ്ചുറി. ദേവ്‌ദത്തിന്‌ വിരാട്‌ കോഹ്‌ലി (47 പന്തിൽ 72) മികച്ച കൂട്ടായി. തുടർച്ചയായ നാലാം ജയത്തോടെ ബാംഗ്ലൂർ പട്ടികയിൽ ഒന്നാമതെത്തി. സ്‌കോർ: രാജസ്ഥാൻ 9–-177, ബാംഗ്ലൂർ 0–-181 (16.3).
രാജസ്ഥാൻ ബൗളർമാർക്ക്‌ ഒരവസരവും നൽകാതെ പിഴവുകളില്ലാതെയാണ്‌ ദേവ്‌ദത്ത്‌ ബാറ്റ്‌ വീശിയത്‌. തുടക്കത്തിലേ ഈ ഇടംകൈയൻ അനായാസം റൺ കണ്ടെത്തി.  ആറ്‌ സിക്‌സറും 11 ബൗണ്ടറിയും സഹിതമാണ്‌ ദേവ്‌ദത്ത്‌ 100  കടന്നത്‌. കോഹ്‌ലിയുടെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സും ആറ്‌ ഫോറും ഉൾപ്പെട്ടു. 21 പന്തുകൾ ബാക്കിനിൽക്കേയാണ്‌ ബാംഗ്ലൂർ ലക്ഷ്യത്തിലെത്തിയത്‌. ഈ സീസണിൽ ഒരു ടീം നേടുന്ന മികച്ച ജയമാണിത്‌. ‌

നേരത്തേ മുൻനിര ബാറ്റ്‌സ്‌മാൻമാർ പതറിയ കളിയിൽ ശിവം ദുബെയും (32 പന്തിൽ 46) രാഹുൽ തെവാട്ടിയയുമാണ് ( 23 പന്തിൽ 40)‌ രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്‌. സഞ്ജു സാംസൺ (18 പന്തിൽ 21) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നുവീതം വിക്കറ്റ്‌ വീഴ്‌ത്തിയ മുഹമ്മദ്‌ സിറാജും ഹർഷൽ പട്ടേലും ബാംഗ്ലൂർ നിരയിൽ മിന്നി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top