24 May Friday

ആരാധകരേ, ഈ തോൽവിക്ക‌് മാപ്പ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


ലണ്ടൻ
മാർച്ച്‌ അവസാനമാണ്‌ ഒലേ ഗുണ്ണാർ സോൾചെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകനായി നിയമിച്ചത്‌. ടീമിന്റെ താൽക്കാലിക പരിശീലകനായിരുന്നു മുൻതാരം. മോശം പ്രകടനത്തെത്തുടർന്ന്‌ പുറത്താക്കിയ ഹൊസെ മൊറീന്യോയ്‌ക്ക്‌ പകരക്കാരനായാണ്‌ നൊർവീജിയക്കാരൻ എത്തിയത്‌. താൽക്കാലിക സ്ഥാനത്തിരിക്കേ സോൾചെയറിന്‌ കീഴിൽ യുണൈറ്റഡ്‌ കുതിച്ചു. 19 കളികളിൽ 14ലും ജയിച്ചു. പിഎസ്‌ജിയെ കടന്ന്‌ ചാമ്പ്യൻസ്‌ ലീഗിന്റെ ക്വാർട്ടറിലുമെത്തി.

പരിശീലനകസേരയിൽ ഇരിപ്പുറപ്പിച്ചശേഷം കാര്യങ്ങൾ ഗുണകരമല്ല സോൾചെയറിന്‌. തോൽവി ശീലമാക്കി യുണൈറ്റഡ്‌. കുതിപ്പ്‌ കിതപ്പായി. ടീമിന്റെ പ്രകടനത്തിൽ പരിശീലകൻ ആരാധകരോട്‌ മാപ്പ്‌ പറയുന്നിടംവരെയെത്തി. അവസാനമായി കളിച്ച എട്ട്‌ കളികളിൽ ആറിലും തോറ്റു. ഒടുവിൽ  എവർട്ടണോട്‌ നാല്‌ ഗോളിന്‌ തകർന്നു.

എവർട്ടണുമായുള്ള മത്സരശേഷമാണ്‌ സോൾചെയർ ആരാധകരോട്‌ മാപ്പ്‌ പറഞ്ഞത്‌. ‘‘അവർ തലതാഴ്‌ത്തി നടക്കാൻ ഞങ്ങൾ കാരണക്കാരായി. മാപ്പു പറയുന്നു. ഞങ്ങൾക്കൊന്നും ചെയ്യാനായില്ല’’ സോൾചെയർ പറഞ്ഞു. പ്രീമിയർ ലീഗിൽ മുന്നോട്ടേക്കു കുതിച്ച ടീം ആറാമതായി. ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ ബാഴ്‌സലോണയോട്‌ പൊരുതുകപോലും ചെയ്യാതെ കീഴടങ്ങി. കളിക്കാർ തങ്ങളുടെ പ്രകടനത്തെയും ഉത്തരവാദത്തെയും കുറിച്ച്‌ ചിന്തിക്കണമെന്ന്‌ പരിശീലകൻ തുറന്നടിച്ചു. 40 വർഷത്തിനുശേഷം പ്രീമിയർ ലീഗിൽ കൂടുതൽ ഗോൾവഴങ്ങി യുണൈറ്റഡ്‌. 1998നുശേഷം ആദ്യമായി തുടർച്ചയായി 11 കളികളിൽ ഗോൾവഴങ്ങി.

സോൾചെയറിന്റെ വരവിൽ ഉണർന്ന കളിക്കാർ വീണ്ടും മങ്ങി. പോൾ പോഗ്‌ബയാണ്‌ പ്രധാനി. കഴിഞ്ഞ കളികളിൽ മധ്യനിരയിൽ ഒന്നുംചെയ്യാനായില്ല പോഗ്‌ബയ്‌ക്ക്‌. മാർക്‌സ‌് റഷ്‌ഫോഡും മറിച്ചല്ല. അടുത്ത സീസണിൽ എത്തുമ്പോൾ പലരും ടീമിലുണ്ടാകില്ലെന്ന്‌ ഉറപ്പാണ്‌. വിഖ്യാത പരിശീലകൻ അലക്‌സ്‌ ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞശേഷം യുണൈറ്റഡ്‌ നിയമിക്കുന്ന നാലാം പരിശീലകനാണ്‌ സോൾചെയർ. മുമ്പുള്ള മൂവരെയും മോശം പ്രകടനത്തെ തുടർന്ന്‌ മാനേജ്‌മെന്റ്‌ പുറത്താക്കി. മുൻഗാമികളുടെ അവസ്ഥയാകുമോ സോൾചെയറിനും എന്ന ആശങ്ക യുണൈറ്റഡ്‌ ആരാധകർ പങ്കുവച്ചുതുടങ്ങിയിട്ടുണ്ട്‌.
34 കളികളിൽനിന്ന്‌ 64 പോയിന്റാണ്‌ ടീമിനുള്ളത്‌. ശേഷിക്കുന്ന നാല്‌ മത്സരങ്ങളിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top