29 May Friday

പിഎസ‌്ജി വാണു ; ഫ്രഞ്ച‌് ലീഗിൽ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


പാരീസ്‌
കളത്തിലിറങ്ങും മുന്നേ ഫ്രഞ്ച്‌ ലീഗ്‌ കിരീടമുറപ്പിച്ച പിഎസ്‌ജി മൊണാക്കോയെ തകർത്ത്‌ നേട്ടം ആഘോഷിച്ചു. പട്ടികയിൽ രണ്ടാംസ്ഥാനക്കാരായ ലില്ലെ ടുലൗസിനോട്‌ സമനില വഴങ്ങിയതാണ്‌ ബൂട്ട്‌ കെട്ടുംമുമ്പ്‌ പിഎസ്‌ജിക്ക്‌ ഫ്രഞ്ച്‌ ലീഗ്‌ ഉറപ്പിച്ചത്‌. സീസണിൽ പിഎസ്‌ജിയെ മുന്നിൽനിന്നു നയിച്ച കിലിയൻ എംബാപ്പെയുടെ ഹാട്രിക്കാണ്‌ ചാമ്പ്യൻ ടീമിന‌് ജയമൊരുക്കിയത്‌ (3–-1). പരിക്കുമൂലം മൂന്നുമാസമായി കളത്തിനു പുറത്തിരിക്കുന്ന നെയ്‌മർ പിഎസ്‌ജിക്കായി കളത്തിലിറങ്ങി.

അഞ്ചു കളികൾ ബാക്കിനിൽക്കെയാണ്‌ ഫ്രാൻസിൽ തോമസ്‌ ടഷലിന്റെയും സംഘത്തിന്റെയും കിരീടധാരണം. 33 കളികളിൽനിന്ന്‌ 84 പോയിന്റാണ്‌ പിഎസ്‌ജിക്ക്‌. രണ്ടാമതുള്ള ലില്ലെയ്‌ക്ക്‌ 65ഉം.

പാരീസിൽ തീപിടിത്തത്തിൽ തകർന്ന‌ നോത്രദാം പള്ളി ഗോപുരത്തെ അനുസ്‌മരിച്ചാണ്‌ പിഎസ്‌ജി കളത്തിലിറങ്ങിയത്‌. ജേഴ്‌സിയിൽ കളിക്കാരുടെ പേരിനുപകരം നോത്രദാം എന്നായിരുന്നു. മുൻവശം പള്ളിഗോപുരത്തിന്റെ ചിത്രവും  ജേഴ്‌സിയിൽ ആലേഖനം ചെയ്‌തിരുന്നു.  നെയ്‌മർ പകരക്കാരുടെ പട്ടികയിലായിരുന്നു. എംബാപ്പെയെ കേന്ദ്രീകരിച്ച്‌ പിഎസ്‌ജി ഇറങ്ങി. ഡാനി ആൽവസും മൗസ ദിയബിയും പിന്നിൽ ഇരുവശങ്ങളിലും ചേർന്നു. നായകനും പ്രതിരോധചുമതലക്കാരനുമായ തിയാഗോ സിൽവ പരിക്കുമാറാതെ ഇത്തവണയും പുറത്തിരുന്നു. മറ്റൊരു ബ്രസീലുകാരനായ മാർകീനോസിനായിരുന്നു സിൽവയുടെ ചുമതല. 

ദിയബിയുമായി ചേർന്നുള്ള പ്രത്യാക്രമണത്തിലാണ്‌ എംബാപ്പെ പിഎസ്‌ജിയുടെ ആദ്യഗോൾ നേടുന്നത്‌. ബോക്‌സിനുള്ളിൽ ദിയബി നൽകിയ പന്ത്‌ എംബാപ്പെ വലയിലേക്ക്‌ തോണ്ടിയിട്ടു. ഇടവേളയ്‌ക്ക്‌ പോകുന്നതിനുമുന്നേ വീണ്ടും എംബാപ്പെയുടെ ഗോൾ. ഡാനി ആൽവസ്‌ ഒരുക്കിയ പന്ത്‌ അനായാസം എംബാപ്പെ മൊണാക്കോ പോസ്റ്റിനകത്താക്കി.

രണ്ടാംപകുതിയിൽ നെയ്‌മറുമായി പിഎസ്‌ജി എത്തി. ലയ്‌വിൻ കുർസാവയെ പിൻവലിച്ചു. ജനുവരി 23നുശേഷം ആദ്യമായി ബ്രസീലുകാരൻ കളത്തിൽ. ദിയബ മൂന്നാമതും എതിർവല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡായി. വൈകാതെ എംബാപ്പെ ഹാട്രിക്‌ തികച്ചു. ആൽവസായിരുന്നു ഇത്തവണയും പന്തൊരുക്കിയത്‌. എംബാപ്പെയുടെ വേഗത്തിനുമുന്നിൽ മൊണാക്കോ പ്രതിരോധം കിതച്ചുവീണു. കളിയവസാനം അലക്‌സാണ്ടർ ഗോലോവിനിലൂടെ മൊണാക്കോ ആശ്വാസഗോൾ നേടി.

ഉജ്വല ഫോമിലാണ്‌ സീസണിൽ പാരീസുകാർ പന്ത്‌ തട്ടിയത്‌. 33ൽ 27ലും ജയം. മൂന്നു കളികൾമാത്രം തോറ്റു. മൂന്നെണ്ണം സമനിലയിലായി. 95 ഗോളുകളാണ്‌ എതിർവലയിലേക്ക്‌ പിഎസ്‌ജി അടിച്ചുവിട്ടത്‌. വഴങ്ങിയത്‌  27 എണ്ണംമാത്രം. 30 ഗോളടിച്ച എംബാപ്പെയാണ്‌ മുമ്പൻ. ലീഗിൽ ടോപ്‌സ്‌കോറർ പട്ടികയിൽ അതിദൂരം മുന്നിലാണ്‌ ഫ്രഞ്ചുകാരൻ. ഏഴ്‌ ഗോളവസരങ്ങളും എംബാപ്പെ ടീമിനായി ഒരുക്കി. സീസണിന്റെ പകുതിവരെ പരിക്കുകാരണം പുറത്തിരുന്ന എഡിൻസൺ കവാനി 17ഉം നെയ്‌മർ 13ഉം ഗോളുകൾ നേടി. പാതിയിൽ മുന്നേറ്റത്തിലെ കരുത്തരെ നഷ്ടമായിട്ടും ടീം കുതിപ്പ്‌ തുടർന്നു. എംബാപ്പെ വിജയത്തേര്‌ തെളിച്ചു. അവസാന ഏഴ്‌ സീസണിലെ ആറാംകിരീടമാണ്‌ പിഎസ്‌ജിയുടേത്‌. ഫ്രഞ്ച്‌ കപ്പ്‌ ഫൈനലിൽ ശനിയാഴ്‌ച റെന്നസിനെ നേരിടുന്ന ടീം ലക്ഷ്യമിടുന്നത്‌ ഇരട്ടക്കിരീടമാണ്‌.


പ്രധാന വാർത്തകൾ
 Top