23 May Thursday

സർവീസസിന്റെ മലയാളിബൂട്ടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


ലുധിയാന
പട്ടാളക്കാർ ദേശീയ ഫുട‌്ബോൾ കിരീടം നേടുമ്പോൾ ആ ടീമിലും കേരളത്തിന‌് അഭിമാനിക്കാം. മുഖ്യപരിശീലകൻ വി എസ‌് അഭിലാഷ‌് അടക്കം ‌എട്ട‌ു മലയാളികൾ അടങ്ങിയതാണ‌് ആറാം സന്തോഷ‌് ട്രോഫി കിരീടം നേടിയ സർവീസസ‌് ടീം. തിരുവനന്തപുരം സ്വദേശിയായ അഭിലാഷ‌് ഇന്ത്യൻ നേവിയുടെ പരിശീലകനാണ‌്. 2015–-16ൽ കിരീടം നേടുമ്പോൾ സഹപരിശീലകനായിരുന്നു. ടൂർണമെന്റിൽ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്ത വി കെ വിഷ‌്ണു, മുന്നേറ്റനിരയിലെ ബെനൊ ബേസിൽ, മധ്യനിരയിലെ എ യു ഹരികൃഷ‌്ണ,  അനൂപ‌് പോളി, പ്രതിരോധനിരയിലെ ജിജോ ജെറോം, സി എം പ്രതീഷ‌്, എൻ വി അഭിഷേക‌് എന്നിവരാണ‌് കളിക്കാർ.

ഗോകുലം കേരള എഫ‌്സിയുടെ ജഴ‌്സിയണിഞ്ഞ വിഷ‌്ണു കണ്ണൂർ സ്വദേശിയാണ‌്. ഇന്ത്യൻ അണ്ടർ 23 ക്യാമ്പിലുണ്ടായിരുന്ന തൃശൂരുകാരൻ ഹരികൃ‌ഷ‌്ണ രണ്ട‌് ഗോളടിച്ചു. ബെനോയും പ്രതീഷും തിരുവനന്തപുരം പൊഴിയൂർ സ്വദേശികളാണ‌്. ജിജോ പുല്ലുവിളക്കാരനും അനൂപ‌് തൃശൂരുകാരനുമാണ‌്. അഭിഷേകിന്റെ സ്വദേശം എറണാകുളമാണ‌്.

സർവീസസിന്റെ ആറാംകിരീടമാണിത‌്.  2016ലാണ‌് അവസാനകിരീടം. അഞ്ചുതവണ റണ്ണറപ്പായി. 2008ൽ ശ്രീനഗറിൽ സർവീസസിനെ തോൽപ്പിച്ച‌് പഞ്ചാബ‌് കിരീടം നേടിയിരുന്നു. 2015ൽ സർവീസസ‌് ലുധിയാനയിൽ പകരംവീട്ടി. ഷൂട്ടൗട്ടിലായിരുന്നു വിജയം. ഇക്കുറിയും ലുധിയാന പട്ടാളക്കാർക്ക‌് ഭാഗ്യവേദിയായി.
ദക്ഷിണമേഖലയിൽ കേരളത്തെ തോൽപ്പിച്ചാണ‌് സർവീസസ‌് അവസാനറൗണ്ടിന‌് യോഗ്യത നേടിയത‌്. അവസാനറൗണ്ടിൽ ഗോവ, ഡൽഹി, മേഘാലയ, ഒഡിഷ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്നു.  മൂന്ന‌ു ജയവും ഒരു സമനിലയുമടക്കം പത്ത‌് പോയിന്റോടെയാണ‌് സെമിയിലെത്തിയത‌്. ഗോവയെ ഗോൾ ശരാശരിയിൽ പിന്തള്ളി ഗ്രൂപ്പ‌് ജേതാക്കളായി. സെമിയിൽ കർണാടകയെ ഷൂട്ടൗട്ടിൽ പിന്തള്ളി.

1960–-61ലാണ‌് പട്ടാളക്കാരുടെ ടീം ആദ്യമായി ജേതാക്കളാകുന്നത‌്. അടുത്ത കിരീടത്തിന‌് 2012 വരെ കാത്തിരിക്കേണ്ടിവന്നു. തുടർന്ന‌് 2013, 2015, 2016 വർഷങ്ങളിലും സർവീസസ‌് പെരുമ കാത്തു.
 


പ്രധാന വാർത്തകൾ
 Top