21 July Sunday

ചെന്നൈ–-ബാംഗ്ലൂർ മുഖാമുഖം ;ഐപിഎൽ 12–-ാം പതിപ്പിന‌് ഇന്ന‌ു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019


ചെന്നൈ
ഐപിഎൽ ക്രിക്കറ്റിന്റെ 12–-ാം പതിപ്പിന‌് ഇന്ന‌് തുടക്കം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ‌്സും റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂരും ഏറ്റുമുട്ടും. രാത്രി എട്ടിന‌് ചെന്നൈയിലാണ‌് കളി.മഹേന്ദ്രസിങ‌് ധോണിയും വിരാട‌് കോഹ‌്‌ലിയും തമ്മിലുള്ള മുഖാമുഖം കൂടിയാണിത‌്. ധോണിയുടെ കീഴിൽ ചെന്നൈ മൂന്ന‌ുതവണ ചാമ്പ്യൻമാരായി. നാല‌ുതവണ രണ്ടാം സ്ഥാനക്കാരായി. ഐപിഎലിൽ ഏറ്റവും സ്ഥിരത പുലർത്തിയ സംഘവും ചെന്നൈതന്നെ. വാതുവയ‌്പ‌് വിവാദത്തിൽ രണ്ട‌ുവർഷം വിലക്കുകിട്ടിയ ചെന്നൈ കഴിഞ്ഞ സീസണിൽ കിരീടത്തോടെ തിരിച്ചുവന്നു. ധോണിതന്നെയാണ‌് ടീമിന്റെ കുന്തമുന.

വൻ താരനിരയുണ്ടായിട്ടും അതിനൊത്ത പ്രകടനം പുറത്തെടുക്കാത്ത സംഘമാണ‌് ബാംഗ്ലൂരിന്റേത‌്. ഇതുവരെ കിരീടം നേടാനായിട്ടില്ല. രണ്ട‌ുതവണ ഫൈനലിൽ കടന്നതാണ‌് പ്രധാന നേട്ടം. കോഹ‌്‌ലിയും മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡി വില്ലിയേഴ‌്സുമാണ‌് പ്രധാന കളിക്കാർ.

ചെന്നൈ ടീമിൽ ഏറെയും മുതിർന്ന കളിക്കാരാണ‌്. ക്യാപ‌്റ്റൻ ധോണിക്ക‌് 37 വയസ്സായി. മുൻ ഓസ‌്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ‌്ൻ വാട‌്സനും ഇതേ പ്രായം. ഡ്വെയ‌്ൻ ബ്രാവോ (35), ഫാഫ‌് ഡു പ്ലെസിസ‌് (34), അമ്പാട്ടി റായുഡു, കേദാർ ജാദവ‌് (33), സുരേഷ‌് റെയ‌്ന (32) എന്നിവരാണ‌് ചെന്നൈയുടെ പ്രധാന താരങ്ങൾ. ബൗളർമാരിലും പരിചയസമ്പന്നർ. സ‌്പിന്നർമാരായ ഇമ്രാൻ താഹിറിനും ഹർഭജൻ സിങ്ങിനും പ്രായം 38 കഴിഞ്ഞു. യുവതാരങ്ങളിൽ ബൗളർ ദീപക‌് ചഹാറാണ‌് പ്രധാനി. മലയാളി പേസർ കെ എം ആസിഫും ചെന്നൈ നിരയിലുണ്ട‌്. കഴിഞ്ഞ സീസണിൽ ആസിഫിന്റേത‌് ഭേദപ്പെട്ട പ്രകടനമായിരുന്നു. ശ്രീലങ്കയ‌്ക്കെതിരായ ട്വന്റി–-20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയ‌്ക്കായി കളിക്കുന്ന താഹിർ ഇന്ന‌് ചെന്നൈയ‌്ക്കുവേണ്ടി ഇറങ്ങില്ല. ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡി പരിക്കുമൂലം പിന്മാറിയതും ചെന്നൈക്ക‌് തിരിച്ചടിയാണ‌്.

മറുവശത്ത‌് ബാംഗ്ലൂരിന്റേത‌് വമ്പൻ താരനിരയാണ‌്. കോഹ‌്‌ലി, ഡി വില്ലിയേഴ‌്സ‌് എന്നിവരെ കൂടാതെ കോളിൻ ഡി ഗ്രാൻഡ‌് ഹോം, ഷിംറോൺ ഹെറ്റ‌്മെയർ, ഹെൻറിച്ച‌് ക്ലാസെൻ, മാർകസ‌് സ‌്റ്റോയിനിസ‌് തുടങ്ങിയവരാണ‌് ബാംഗ്ലൂർ നിരയിൽ. ഇതിൽ വിൻഡീസ‌് ബാറ്റ‌്സ‌്മാൻ ഹെ‌റ്റ‌്മെയറിലാണ‌് ബാംഗ്ലൂരിന്റെ പ്രതീക്ഷ.

ബൗളർമാരിൽ ബാംഗ്ലൂരിന‌് വലിയ മികവില്ല. ഉമേഷ‌് യാദവ‌്, ടിം സൗത്തി, മുഹമ്മദ‌് സിറാജ‌് എന്നിവരാണ‌് പ്രധാന പേസർമാർ. സ‌്പിന്നർ  യുശ‌്‌വേന്ദ്ര ചഹാൽ മികവുകാട്ടും. മലയാളി താരം ദേവ‌്ദത്ത‌് പടിക്കലും ബാംഗ്ലൂർ ടീമിലുണ്ട‌്.

ഏകദിന ലോകകപ്പ‌് പടിവാതിൽക്കൽ എത്തിനിൽക്കെ പല കളിക്കാർക്കും നിർണായകമാണ‌് ഈ ഐപിഎൽ. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജയ‌്ക്കും റായുഡുവിനും മികവുകാട്ടിയാൽ ലോകകപ്പിലേക്കുള്ള സാധ്യത തെളിയും. റെയ‌്ന, ശർദുൾ താക്കൂർ, മുഹമ്മദ‌് സിറാജ‌്, ഉമേഷ‌് യാദവ‌് എന്നിവർക്കും നിർണായകമാണ‌് ഈ ഐപിഎൽ.മെയ‌് അഞ്ചിന‌് പ്രാഥമികറൗണ്ട‌് മത്സരങ്ങൾ അവസാനിക്കും. 19നാണ‌് ഫൈനൽ.


പ്രധാന വാർത്തകൾ
 Top