05 April Sunday

സദാനന്ദന്റെ സമയം

ജിജോ ജോർജ്‌Updated: Sunday Feb 23, 2020


മലപ്പുറം
തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഡോ. സി എസ് സദാനന്ദൻ. അദ്ദേഹം പരിശീലന ചുമതലയേറ്റശേഷം കേരളത്തിന്റെ വനിതാ വോളിബോൾ ടീം തോൽവി അറിഞ്ഞിട്ടില്ല. 13 മാസത്തിനിടയിൽ നാല് ദേശീയ കിരീടങ്ങളാണ് സദാനന്ദന്റെ കീഴിൽ കേരള പെൺകുട്ടികൾ നേടിയത് (രണ്ട് ദേശീയ സീനിയർ ചാമ്പ്യൻഷിപ്പും രണ്ട് ഫെഡറേഷൻ കപ്പും).

പത്തുതവണത്തെ തുടർച്ചയായ തോൽവിക്കുശേഷം 2019 ചെന്നൈ ദേശീയ വോളിയിൽ കേരളം കിരീടം ഉയർത്തിയത്‌ സദാനന്ദന്റെ തന്ത്രങ്ങളിലായിരുന്നു. മികച്ച താരങ്ങളുണ്ടായിട്ടും  കടുത്ത പോരാട്ടത്തിൽ ആത്മധൈര്യം ചോരുന്നത്‌ പതിവായിരുന്നു. ഇതിന്‌  മാറ്റമുണ്ടാക്കിയത്‌ തിരുവനന്തപുരം എൽഎൻസിപിഇയിലെ ഈ അസോസിയേറ്റ് പ്രൊഫസറായിരുന്നു. കളിക്കാരനും പരിശീലകനുമപ്പുറം  സദാനന്ദനിലെ അധ്യാപകന്റെ ഇടപെടൽ നിർണായകമായി. 

ഫെഡറേഷൻ കപ്പ്‌ ഫൈനലിലെ അവസാന സെറ്റിൽ റെയിൽവേസ് 9–-9, 12-–-12, 14-–-14 എന്നിങ്ങനെ ഒപ്പം പിടിച്ചിട്ടും 16-–-14ന്‌ ജയിച്ചുകയറിയതിനു പിന്നിൽ ഈ പരിശീലകൻ നൽകിയിട്ടുള്ള ആത്മവിശ്വാസവും ഊർജവുമാണ്‌.‘ഫൈറ്റിങ് സ്പിരിറ്റാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്' ഡോ. സദാനന്ദൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് ചാമ്പ്യൻഷിപ്പിലും വിജയത്തിൽ നിർണായക പങ്കുവഹിച്ച സെറ്റർ കെ എസ് ജിനി ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും പിന്നിൽനിന്നു പൊരുതിക്കയറാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ജിനിക്ക് പകരം കളിച്ച ഇ അശ്വതി മികച്ച പ്രകടനം നടത്തി. മോശം പാസുപോലും നന്നായി സെറ്റ് ചെയ്തു. റെയിൽവേസിന്റെ മികവിനെ മറികടന്ന് മാനസിക മുൻതൂക്കം നേടാൻ കഴിഞ്ഞു. പറഞ്ഞുകൊടുക്കുന്ന തന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പാക്കാൻ താരങ്ങൾക്കാവുന്നു. കളിയിൽ സ്ഥിരത പുലർത്താൻ കഴിയുന്നതും നേട്ടമായി'–- സദാനന്ദൻ പറഞ്ഞു.

തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയായ സദാനന്ദൻ കളിക്കളത്തിൽ സെറ്ററായി തിളങ്ങിയാണ് വോളിബോൾ രംഗത്തേക്ക് വരുന്നത്. പിന്നീട് ഗ്വാളിയറിലെ ജി വാജി സർവകലാശാലയിലെ പഠനകാലത്ത് സർവകലാശാല ടീമംഗമായി. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ഉന്നത റാങ്കോടെ ദേശീയ പരിശീലക കോഴ്സ് പാസായി. രണ്ടുവർഷം പട്യാല ഇൻസ്റ്റിറ്റ്യൂട്ടിൽ കായിക അധ്യാപകരെ പഠിപ്പിക്കാനും അവസരം ലഭിച്ചു. വോളിബോളിലെ സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് 1997ൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. 1995 മുതൽ തിരുവനന്തപുരം എൽഎൻസിപിഇയിൽ ജോലി ചെയ്യുന്ന അമ്പത്തിമൂന്നുകാരൻ വോളിയുമായി ബന്ധപ്പെട്ട പഠനങ്ങൾ തുടരുകയാണ്. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ ലെവൽ വൺ, ലെവൽ ടു കോഴ്സുകളും പാസായി.

കേരളത്തിന് കിരീടം സമ്മാനിച്ച പരിശീലകൻ ടീമിനൊപ്പം മടങ്ങാതെ ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ  സെലക്‌ഷനായി വിമാനം കയറി.


പ്രധാന വാർത്തകൾ
 Top