05 April Sunday

ജയത്തോടെ തീർക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

ബ്ലാസ്‌റ്റേഴ്‌സ്‌ താരം മെസി ബൗളി പരിശീലനത്തിൽ


ഭുവനേശ്വർ
സെമി സാധ്യത അവസാനിച്ചു. പോയിന്റ്‌ നിലയിൽ മുന്നേറാനുമാകില്ല. ജയിച്ചാലും തോറ്റാലും ഏഴാംസ്ഥാനം. എങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ എൽകോ ഷട്ടോരി ഇന്ന്‌ ഒഡിഷ എഫ്‌സിയുമായുള്ള കളി നിസാരമായി കാണുന്നില്ല. ഏറ്റവും മികച്ച നിരയെത്തന്നെ ഇറക്കുമെന്ന്‌ ഷട്ടോരി പറഞ്ഞു.

സീസണിലെ അവസാന മത്സരമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ്‌ കാണാതെ മടങ്ങുന്നു. കളിക്കാരുടെ പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവുംകൊണ്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇക്കുറി മങ്ങിയത്‌.

ഒഡിഷയും സെമി കാണാതെ പുറത്തായി. ബ്ലാസ്‌റ്റേഴ്‌സിനെക്കാൾ ഒരുപടി മുന്നിൽ. 24 പോയിന്റ്‌. ബ്ലാസ്‌റ്റേഴ്‌സിന്‌ 18 പോയിന്റ്‌.അവസാന കളിയിൽ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയെ മുട്ടുകുത്തിച്ചതിന്റെ മിടുക്കുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഭുവനേശ്വറിലെത്തിയത്‌. കഴിഞ്ഞ രണ്ട്‌ സീസൺപോലെ തീർത്തും നിറംമങ്ങിയില്ല ബ്ലാസ്‌റ്റേഴ്‌സ്‌. ഗോളടിയിൽ മികവുകാട്ടി. അവസാന അഞ്ച്‌ ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച സംഘമാണ്‌. മൂന്നാമതുള്ള ബംഗളൂരുവിനെക്കാൾ കൂടുതൽ ഗോളടിച്ചു. 25 ഗോളാണ്‌ ആകെ നേടിയത്‌. അതിൽ 20ഉം ബർതലോമേവ്‌ ഒഗ്‌ബെച്ചെ–-റാഫേൽ മെസി ബൗളി സഖ്യത്തിന്റേതാണ്‌. ഇതിൽ ഒഗ്‌ബെച്ചെയുടെ സമ്പാദ്യം 13 ഗോൾ.

പ്രതിരോധമാണ്‌ മങ്ങിയത്‌. 28 ഗോൾ വഴങ്ങി. ‘കഴിഞ്ഞ രണ്ട്‌ സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ ഒന്നും ചെയ്യാനായില്ല. നിരവധി പരിശീലകരെ പുറത്താക്കി. ഈ സീസണിൽ ഞങ്ങൾ 18–-ാമത്തെ മത്സരം കളിക്കാൻ പോകുകയാണ്‌. 17 തവണയും എനിക്ക്‌ ഒരേ കളിക്കാരെ വച്ച്‌ കളിക്കാനായില്ല. ഈ സീസണിൽ ടീമിന്‌ മുന്നേറാനാകാത്തതിന്റെ കാരണം ഇതാണ്‌–- ഷട്ടോരി പറഞ്ഞു. പരിക്കുകാരണമാണ്‌ ആദ്യ കളികളിൽ പ്രതീക്ഷിച്ച ഫലം കിട്ടാത്തതെന്നും പരിശീലകൻ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top