19 August Monday

പ്രോ വോളി ഫൈനലിൽ ചെന്നൈ ‘ഹീറോസ്‌’; കലിക്കറ്റിന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ചെന്നൈ > പ്രഥമ പ്രോ വോളി ലീഗ‌് ഫൈനലിൽ കലിക്കറ്റ‌് ഹീറോസിനെ നേരിട്ടുള്ള സെറ്റുകൾക്ക‌് തകർത്ത‌് ചെന്നൈ സ‌്പാർട്ടൻസ‌് ജേതാക്കളായി. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട ആവേശകരമായ ഫൈനലിൽ 15–-11, 15–-12, 16–-14നായിരുന്നു വിജയം. ടൂർണമെന്റിൽ കലിക്കറ്റിന്റെ ആദ്യ തോൽവിയാണ‌് ഇത‌്.

ആക്രമണത്തിലും പ്രതിരോധത്തിലും ചെന്നൈയായിരുന്നു മുന്നിൽ. ടൂർണമെന്റിലുടനീളം ഗംഭീര ഫോമിലായിരുന്ന കലിക്കറ്റിന‌് നിർണായക കളിയിൽ ശോഭിക്കാനായില്ല. അവരുടെ തുരുപ്പുശീട്ടുകളായ അജിത‌്‌ലാലും വിദേശതാരം പോൾ ലോട്ട‌്മാനും മങ്ങിയപ്പോൾ ചെന്നൈ വർധിതവീര്യത്തോടെ ആഞ്ഞടിച്ചു. ചെന്നൈ നിരയിൽ ജി എസ‌് അഖിനും റൂഡി വെർഹോഫും നിറഞ്ഞുനിന്നു.

നവീൻ ജേക്കബിന്റെ തകർപ്പൻ സ‌്മാഷോടെയാണ‌് ചെന്നൈ തുടങ്ങിയത‌്. തുടക്കത്തിൽ നേടിയ 3–-1 ലീഡ‌് അവർ ഒടുക്കംവരെ തുടർന്നു. ആദ്യ സെറ്റ‌് പൂർണമായും നവീന്റെ ഓൾറൗണ്ട‌് മികവിലായിരുന്നു. ജി എസ‌് അഖിനും റൂഡി വെർഹോഫും മികച്ച പിന്തുണനൽകി. അജിത‌്‌ലാലും പോൾ ലോട്ട‌്മാനും മങ്ങിയപ്പോൾ ജെറൊം വിനീതിലൂടെ തിരിച്ചുവരാൻ കലിക്കറ്റ‌് ശ്രമിച്ചു.  ലീഡ‌് 6–-4ലേക്കും 8–-5ലേക്കും കുതിച്ചു. അഖിനും റൂഡിയും ചേർന്നുള്ള പ്രതിരോധത്തിൽത്തട്ടി കലിക്കറ്റ‌് ചിതറി. ലീഡ‌് 12–-7ലേക്ക‌് ഉയർന്നു.
ജെറൊം വിനീത‌് ഒറ്റയാൾ പ്രകടനത്തിലൂടെ കലിക്കറ്റിനെ കളിയിലേക്ക‌് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ, ചെന്നൈയുടെ സംഘശക്തിക്കു മുന്നിൽ കലിക്കറ്റിന‌് പിടിച്ചുനിൽക്കാനായില്ല. 25 മിനിറ്റിൽ ആദ്യസെറ്റ‌് നേടി കളിയിൽ ആധിപത്യം  ഉറപ്പിച്ചു.

രണ്ടാം സെറ്റിൽ തിരിച്ചുവരുന്ന കലിക്കറ്റിനെയാണ‌് കണ്ടത‌്. അവർ ഓരോ പോയിന്റും പൊരുതി നേടി.  അവസാനതുള്ളി ചോരയും ചിന്തിയാണ‌് പോയിന്റ‌് വിട്ടുകൊടുത്തത‌്. എന്നാൽ, ഒരിക്കൽപ്പോലും ലീഡ‌് നേടാനായില്ല. തുടക്കത്തിൽ നേടിയ മൂന്ന‌് പോയിന്റ‌് ലീഡ‌് ചെന്നൈയ‌്ക്ക‌് ആത്മവിശ്വാസം നൽകി. അജിത‌്‌ലാൽ രണ്ടാം സെറ്റിൽ തിളങ്ങിയത‌് കലിക്കറ്റിന‌് ആശ്വാസമായി. ചെന്നൈയുടെ 4–-1 ലീഡ‌് 6–-6ൽ എത്തിക്കാനായി. എന്നാൽ, ചെന്നൈ 9–-6ലേക്കും 10–-8ലേക്കും എത്തി. ഒരിക്കൽക്കൂടി പ്രതീക്ഷ നൽകി കലിക്കറ്റ‌് ഒപ്പമെത്തി (10–-10). എന്നാൽ, അപാര ഫോമിലായിരുന്ന റൂഡി വെർഹോഫ‌് 20 മിനിറ്റിൽ സെറ്റ‌് ചെന്നൈയ‌്ക്ക‌് സമ്മാനിച്ചു.

  ആദ്യമായി ലീഡ‌് നേടി മൂന്നാം സെറ്റിൽ  കലിക്കറ്റ‌് പ്രതീക്ഷ നൽകി. എന്നാൽ, പ്രതിരോധക്കോട്ട കെട്ടി കലിക്കറ്റിന്റെ കുതിപ്പ‌് തടയാൻ ചെന്നൈ ശ്രമിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ കളിയിൽ 5–-3ലേക്ക‌ും 8–-5ലേക്കും ചെന്നൈ മുന്നേറി. എന്നാൽ, കലിക്കറ്റ‌് വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. അജിത‌്‌ലാലിലൂടെ 8–-8 സമനില പിടിച്ചു. വീണ്ടും കലിക്കറ്റിന‌് ഒരു പോയിന്റ‌്കൂടി. ഒടുവിൽ സൂപ്പർ പോയിന്റിലൂടെ 11–-8 ലീഡ‌്. അത‌് 12–-9, 12–-10, 13–-10ലേക്ക‌് കയറിവന്നു.  എന്നാൽ, അവസാന കുതിപ്പിൽ ചെന്നൈ 13–-13 ഒപ്പമെത്തി. അഖിനും നവീനും ചേർന്ന‌് അസാധ്യമായത‌് സാധ്യമാക്കി. അവർ ഒരു പോയിന്റ‌് ലീഡ‌് നേടി. കലിക്കറ്റ‌് 14–-14 ഒപ്പമെത്തി. വീണ്ടും ചെന്നൈ 15–-14ന‌് മുന്നിൽ. ഒടുവിൽ കലിക്കറ്റിന്റെ പന്ത‌് പുറത്തുപോയതോടെ 16–-14ന‌് സെറ്റും മത്സരവും ചെന്നൈ സ്വന്തമാക്കി.ജേതാക്കൾക്ക്‌ 50 ലക്ഷം രൂപയും റണ്ണറപ്പിന്‌ 20 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.

വനിതാ വോളിയിൽ മലയാളികളുടെ പോര‌്
ചെന്നൈ
പ്രോ വോളി ലീഗിന്റെ ഫൈനലിനുമുമ്പ‌് രാജ്യത്തെ മികച്ച വനിതാ താരങ്ങൾ  ഏറ്റുമുട്ടി. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ടീം ബ്ലൂവും ടീം യെല്ലോയുമാണ് കളിച്ചത‌്.  ഇരുടീമുകളെയും മലയാളി താരങ്ങളാണ് നയിച്ചത‌്. റെയിൽവേയുടെ സെറ്റർ ടെറിൻ ആന്റണിയായിരുന്നു ടീം ബ്ലൂ ക്യാപ്റ്റൻ. കെഎസ്ഇബി സെറ്റർ കെ എസ് ജിനിയാണ് യെല്ലോ ടീം ക്യാപ്റ്റൻ. മത്സരത്തിൽ ടീം ബ്ലൂ 15–-5, 12–-15, 15–-6ന‌് ജയിച്ചു.

പ്രോ വോളി ലീഗിലെ കമന്റേറ്ററും അമേരിക്കൻ താരവുമായ അലക്സ ചിത്ര സ‌്ട്രേഞ്ച‌് ടീം ബ്ലൂവിലും സ്ലൊവേനിയയുടെ മറീന വെന്റനോവ യെല്ലോ ടീമിലും ജേഴ്സിയണിഞ്ഞ‌് അണിനിരന്നു. മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട അലക്സ 13 പോയിന്റ‌് നേടി.

ടീം ബ്ലൂ: ക്യാപ്റ്റൻ-: ടെറിൻ ആന്റണി, എം എസ് പൂർണിമ (റെയിൽവേ),  അലക്സ ചിത്ര സ്ട്രേഞ്ച് (അമേരിക്ക), കെ പി അനുശ്രീ, എസ‌് സൂര്യ , എസ് രേഖ, എം ശ്രുതി, അശ്വതി രവീന്ദ്രൻ (കേരളം).

യെല്ലോ ടീം–- ക്യാപ്റ്റൻ: -െക എസ് ജിനി, അഞ്ജു ബാലകൃഷ്ണൻ (കേരളം), മിനിമോൾ എബ്രഹാം, അനുശ്രീ ഘോഷ്, നിർമൽ (റെയിൽവേ), മറീന വെന്റനോവ (സ്ലൊവേനിയ), സുഖ്വീർ കൗർ (രാജസ്ഥാൻ), അനന്യ ദാസ് (പശ്ചിമബംഗാൾ).

അജിത‌്‌ലാലിന‌് പുരസ‌്കാരം
ചെന്നൈ
കലിക്കറ്റ‌് ഹീറോസിനെ ഫൈനലിൽ എത്തിച്ച മലയാളിതാരം അജിത‌്‌ലാലിന‌് രണ്ട‌ു പുരസ‌്കാരങ്ങൾ ലഭിച്ചു. വിലപിടിപ്പുള്ള താരം, കാണികളുടെ താരം എന്നീ ബഹുമതികളാണ‌് ലഭിച്ചത‌്. ഫൈനലിൽ അജിത‌്‌ലാൽ മങ്ങിയത‌് കലിക്കറ്റിന്റെ വിജയക്കുതിപ്പിന‌ു തടസ്സമായി. ചെന്നൈയുടെ നവീൻ രാജ ജേക്കബാണ‌് ഫൈനലിലെ മികച്ച കളിക്കാരൻ.
മികച്ച സ‌്പൈക്കറായി ചെന്നൈയുടെ വിദേശതാരം റൂഡി വെർഹോഹ‌് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ   ടോപ്‌സ്‌കോററായ ഈ കനഡക്കാരൻ ഫൈനലിൽ 13 പോയിന്റ്‌ നേടി. കൊച്ചി ബ്ലൂ സ‌്പൈക്കേഴ‌്സിന്റെ ഡേവിഡ‌് ലീയാണ‌് മികച്ച ബ്ലോക്കർ. കലിക്കറ്റിന്റെ എ കാർത്തിക‌് ‘സ‌്റ്റൈലിഷ‌് പ്ലെയർ’ ബഹുമതി നേടി.


പ്രധാന വാർത്തകൾ
 Top