26 March Tuesday

ബഹിഷ‌്കരണം : ബിസിസിഐ തീരുമാനമായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ന്യൂഡൽഹി
ക്രിക്കറ്റ‌് ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽനിന്ന‌് പിന്മാറുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ആലോചിച്ച‌് അന്തിമതീരുമാനമെടുക്കുമെന്ന‌് ഇന്ത്യൻ ക്രിക്കറ്റ‌് ബോർഡിന്റെ (ബിസിസിഐ) ഇടക്കാല ഭരണസമിതി.

ലോകകപ്പ‌് മത്സരത്തിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്ക‌് കൂടുതൽ സുരക്ഷ വേണമെന്നും ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കില്ലെന്നും അറിയിച്ച‌് ഐസിസിക്ക‌് കത്തയക്കാനും സമിതി യോഗം തീരുമാനിച്ചു. പാകിസ്ഥാന്റെ പേരെടുത്ത‌ുപറയാതെയാണ‌് ബിസിസിഐയുടെ പ്രതികരണം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ‌്ചാത്തലത്തിൽ  പാകിസ്ഥാനുമായുള്ള മത്സരത്തിൽനിന്ന‌് പിന്മാറണമെന്ന‌് ആവശ്യമുയർന്നതിനെ തുടർന്നാണ‌് സമിതി ഡൽഹിയിൽ യോഗം ചേർന്നത‌്.
പാകിസ്ഥാനെതിരായ മത്സരത്തിൽനിന്ന‌് പിന്മാറണോ എന്നതിൽ തീരുമാനമെടുത്തില്ലെന്ന‌് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി ചെയർമാൻ വിനോദ‌് റായ‌് പറഞ്ഞു.

തീവ്രവാദികളുടെ താവളമായ രാജ്യത്തോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന‌് ക്രിക്കറ്റ‌് മത്സരത്തിന്റെ ഭാഗമാകുന്ന രാജ്യങ്ങളോട‌് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈവർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആഘോഷങ്ങൾ ഒഴിവാക്കും. അതിനായുള്ള തുക പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക‌് നൽകുമെന്നും വിനോദ‌് റായ‌് പറഞ്ഞു.

പാകിസ്ഥാനെ ലോകകപ്പിൽ പങ്കെടുപ്പിക്കരുതെന്ന‌് ഐസിസിയോട‌് ബിസിസിഐയും ഭരണസമിതിയും ആവശ്യപ്പെടുമെന്ന‌് അഭ്യൂഹമുണ്ട‌്. എന്നാൽ, ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മറ്റൊരു രാജ്യത്തിന‌് അവകാശമില്ലെന്നതിനാൽ അഭ്യർഥനകൊണ്ട‌് കാര്യമുണ്ടാകില്ല. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ‌്‌ പാകിസ്ഥാനെതിരായ മത്സരം.


പ്രധാന വാർത്തകൾ
 Top