29 February Saturday

തോറ്റ് തോറ്റ്‌ യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ തോൽവി തന്നെ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം കളിയിലും പരാജയമറിഞ്ഞു. സ്വന്തം തട്ടകത്തിൽ പട്ടികയിൽ 13–-ാമതുള്ള ബേൺലിയോട്‌ രണ്ട്‌ ഗോളിനാണ്‌ യുണൈറ്റഡ്‌ കീഴടങ്ങിയത്‌. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഓൾഡ്‌ ട്രാഫോഡിൽ മാഞ്ചസ്റ്ററുകാർ ബേൺലിയോട്‌ തോൽക്കുന്നത്‌. ക്രിസ്‌ വൂഡും ജെ റോഡ്രിഗസമുമാണ്‌ വിജയഗോൾ കുറിച്ചത്‌.

ലിവർപൂളിനോട്‌ തോറ്റ ക്ഷീണവുമായാണ്‌ യുണൈറ്റഡ്‌ എത്തിയത്‌. ജയം കണക്കുകൂട്ടിയിറങ്ങിയ ഒലേ ഗുണ്ണാർ സോൾചെയറിന്റെ സംഘത്തിന്‌ പിഴച്ചു. മുന്നേറ്റക്കാരൻ മാർകസ്‌ റാഷ്‌ഫഡിന്റെ അഭാവം അവരെ തളർത്തി. പകരക്കാരനായ ആന്തണി മാർഷ്യലിന്‌ ശോഭിക്കാനായില്ല. ഹാരി മഗ്വയറിന്റെ കീഴിലുള്ള പ്രതിരോധത്തിനും പിടിവിട്ടതോടെ ബേൺലി മുതലെടുത്തു. ഇടവേളയ്‌ക്ക്‌ മുമ്പേ വൂഡും രണ്ടാംപകുതി റോഡ്രിഗസും വലതൊട്ടു. തോൽവിയോടെ 34 പോയിന്റുമായി അഞ്ചാമത്‌ തുടർന്നു യുണൈറ്റഡ്‌.

മറ്റ്‌ മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിയും ടോട്ടനം ഹോട്‌സ്‌പറും ജയം പിടിച്ചു. അയോസെ പെരസിന്റെ ഇരട്ടഗോളിൽ ലെസ്റ്റർ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ 4–-1ന്‌ തോൽപ്പിച്ചു. 24 കളികളിൽ 48 പോയിന്റോടെ മൂന്നാമതാണവർ. പുതുവർഷത്തിലെ ആദ്യ ജയമാണ്‌ ടോട്ടനം കുറിച്ചത്‌. നോർവിച്ച്‌ സിറ്റിയെ കീഴടക്കി (2–-1).


പ്രധാന വാർത്തകൾ
 Top