29 February Saturday
സച്ചിൻ ബേബിക്ക്‌ പകരം ജലജ്‌ സക്‌സേന കേരള ടീം ക്യാപ്‌റ്റൻ

ക്യാപ്‌റ്റൻ മാറി, കളി മാറുമോ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി > രഞ്‌ജി ട്രോഫി ക്രിക്കറ്റിലെ മോശം പ്രകടനത്തിന്‌ പിന്നാലെ കേരള ടീമിൽ ക്യാപ്‌റ്റന്‌ മാറ്റം. സച്ചിൻ ബേബിയെ മാറ്റി ജലജ്‌ സക്‌സേനയെ ക്യാപ്‌റ്റനായി നിയമിച്ചു. ഒങ്കോളിൽ ആന്ധ്രയ്‌ക്കെതിരെ 27ന്‌ നടക്കുന്ന മത്സരത്തിൽ ജലജ്‌ ടീമിനെ നയിക്കും.കഴിഞ്ഞവർഷം സെമിവരെ കടന്ന്‌ അത്ഭുതംകാട്ടിയ കേരള ടീമിന്‌ ഇക്കുറി നേടാനായത് ഒരുജയംമാത്രം. ഒരു സമനില. നാല്‌ തോൽവി. ഇതിൽ രാജസ്ഥാനെതിരെ ഒന്നര ദിവസത്തിനുള്ളിൽ ഇന്നിങ്‌സ്‌ തോൽവി വഴങ്ങി. സച്ചിൻ ബേബിയുടെ ക്യാപ്‌റ്റൻസി ചോദ്യം ചെയ്യപ്പെട്ടു.

ആദ്യകളിയിൽ ഡൽഹിക്കെതിരെ നല്ല തുടക്കമായിരുന്നു. റോബിൻ ഉത്തപ്പയും സച്ചിൻ ബേബിയും സെഞ്ചുറിയുമായി തകർത്തടിച്ചു. ബൗളർമാർ ഡൽഹിയെ ആദ്യ ഇന്നിങ്‌സിൽ ചെറിയ സ്‌കോറിൽ പുറത്താക്കുകയും ചെയ്‌തു. എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ ബൗളർമാർക്ക്‌ ആ മികവ്‌ ആവർത്തിക്കാനായില്ല. കളി സമനിലയിലാകുകയും ചെയ്‌തു. രണ്ടാമത്തെ കളിയിൽ ബംഗാളിനോട്‌ സഞ്‌ജു സാംസൺ പൊരുതി നേടിയ സെഞ്ചുറിയിൽ സമനില പ്രതീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഗുജറാത്തിനെതിരെയും സഞ്‌ജു ഒറ്റയാൾ പോരാട്ടം നടത്തി. പിന്തുണ കിട്ടിയില്ല. കേരളം തോറ്റു.  ഇന്ത്യൻ ടീമിൽ ഇടംനേടിയ സഞ്‌ജു രഞ്‌ജിയിൽ മറ്റ്‌ മത്സരങ്ങളിൽ ഇറങ്ങിയില്ല.

ഹൈദരാബാദിനോട്‌ ആറ്‌ വിക്കറ്റിനായിരുന്നു തോൽവി. കരുത്തരായ പഞ്ചാബിനെ തോൽപ്പിച്ചതാണ്‌ ഇതിനിടയിലെ ആശ്വാസം. പക്ഷേ, ആഹ്ലാദം നീണ്ടുനിന്നില്ല. രാജസ്ഥാനെതിരെ അപമാനകരമായ തോൽവിയാണ്‌ വഴങ്ങിയത്‌. തരംതാഴ്‌ത്തൽ ഭീഷണിയിലാണ്‌ കേരളം. നിലവിൽ എലൈറ്റ്‌ ഗ്രൂപ്പിൽ പതിനാറാം സ്ഥാനം. ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ്‌ കേരളത്തിന്‌ വിനയായത്‌. ആദ്യ കളിയിലൊഴികെ സച്ചിൻ ബേബിക്ക്‌ തിളങ്ങാനായില്ല. റോബിൻ ഉത്തപ്പയും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. സ്ഥിരത കാട്ടിയത്‌ സൽമാൻ നിസാർമാത്രം. ജലജ്‌ ബാറ്റിൽ പതറിയെങ്കിലും പന്തുകൊണ്ട്‌ തിളങ്ങി. ബാറ്റിങ്‌ നിരയിൽ സഞ്‌ജുവിന്റെയും ബൗളിങ്‌ നിരയിൽ സന്ദീപ്‌ വാര്യരുടെയും അഭാവം കനത്ത തിരിച്ചടിയായി. നിലവിൽ ഇരുവരും ഇന്ത്യൻ എ ടീമിന്‌ കളിക്കുകയാണ്‌.

സീസണിൽ ഇനി രണ്ടു കളി മാത്രമാണ്‌ കേരളത്തിന്‌ ശേഷിക്കുന്നത്‌. ആന്ധ്രയ്‌ക്കു പുറമെ വിദർഭയെയും കേരളം നേരിടും. ടീം: ജലജ്‌ സക്‌സേന (ക്യാപ്‌റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, പി രാഹുൽ, വിഷ്‌ണു വിനോദ്‌, സൽമാൻ നിസാർ, രോഹൻ പ്രേം, ബേസിൽ തമ്പി, എം ഡി നിധീഷ്‌, അഭിഷേക്‌ മോഹൻ, കെ സി അക്ഷയ്‌, അക്ഷയ്‌ ചന്ദ്രൻ, വിനൂപ്‌ എസ്‌ മനോഹരൻ, എസ്‌ മിഥുൻ.


പ്രധാന വാർത്തകൾ
 Top