27 May Monday

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക്‌ എട്ടുവിക്കറ്റിന്റെ അനായാസ ജയം; മുഹമ്മദ് ഷമി കളിയിലെ താരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

നേപ്പിയര്‍> ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക്‌ എട്ട് വിക്കറ്റ് വിജയം. ന്യൂസിലൻഡ് 38 ഓവറിൽ 157 റൺസിനു പുറത്തായപ്പോൾ, 34.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യംകണ്ടു. ഇന്ത്യയ്‌ക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവ്‌ നേടിയ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.

രോഹിത് ശര്‍മ (11), വിരാട് കോഹ്‌ലി (45) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ധവാനും അമ്പാട്ടി റായുഡു (13)വും പുറത്താവാതെ നിന്നു. രോഹിത് ശര്‍മയെ ഡഗ് ബ്രേസ്‌വെല്‍ സ്ലിപ്പില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ കൈകളിലെത്തിച്ചപ്പോള്‍ കോഹ്‌ലി  ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് വിക്കറ്റ്‌ നഷ്‌ടമില്ലാതെ ഇന്ത്യ വിജയ തീരമണിഞ്ഞു.

നേരത്തെ ടോസ് നേടി ബാറ്റിങ്‌  തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റിൽ (5)നെയും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമിയാണ് ന്യൂസിലന്‍ഡിന് ആദ്യ പ്രഹരം നൽകിയത്‌. പിന്നാലെ റോസ് ടെയ്ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ കോദാര്‍ ജാദവും പുറത്താക്കി. കെയ‌്ൻ വില്യംസൺ(64), ബ്രെസ്‌വെൽ(7), ലോക്കി ഫെർഗൂസൻ(0),ട്രെന്റ‌് ബോൾട്ട‌്(1) എന്നിവരെ കുൽദീപ്‌ യാദവ്‌ മടക്കി.

അതിനിടെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ്‌ ഷമി ഈ നേട്ടത്തിലെത്തിയത്.  56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത  ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. ജയത്തോടെ അഞ്ച‌ു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന്‌ മുന്നിലെത്തി.


പ്രധാന വാർത്തകൾ
 Top