26 August Monday

ക്രിക്കറ്റ‌് = കോഹ‌്‌ലി ; 3 ഐസിസി പുരസ്‌കാരം: മികച്ച താരം, ടെസ്‌റ്റ്‌ താരം, ഏകദിനതാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019


ദുബായ‌്
ലോക ക്രിക്കറ്റ‌് വേദിയിൽ വിരാട‌് കോഹ‌്‌ലി മാത്രം. ഐസിസിയുടെ കഴിഞ്ഞവർഷത്തെ വലിയ പുരസ‌്കാരങ്ങളെല്ലാം കോഹ‌്‌ലിയുടെ പേരിലായി. 2018ലെ മികച്ച ക്രിക്കറ്റ‌്താരം കോഹ‌്‌ലിയാണ‌്. മികച്ച ഏകദിന--–-ടെസ്റ്റ‌് താരവും ഇന്ത്യൻ ക്യാപ‌്റ്റൻതന്നെ. മൂന്ന‌ു പ്രധാന നേട്ടങ്ങളും ഒന്നിച്ച‌ു നേടുന്ന ആദ്യ കളിക്കാരനാണ‌്. ഐസിസിയുടെ ടെസ‌്റ്റ‌്–-ഏകദിന ടീമുകളുടെ ക്യാപ‌്റ്റനും കോഹ‌്‌ലിയാണ‌്.

വിക്കറ്റ‌്കീപ്പർ ഋഷഭ‌് പന്ത‌് നവാഗതതാരത്തിനുള്ള പുരസ്കാരവും നേടി. ടെസ‌്റ്റ‌് ടീമിൽ കോഹ‌്‌ലിക്കൊപ്പം ഋഷഭ‌് പന്തും ജസ‌്പ്രീത‌് ബുമ്രയും ഉൾപ്പെട്ടു. ഏകദിനടീമിൽ രോഹിത‌് ശർമ, ബുമ്ര, കുൽദീപ‌് യാദവ‌് എന്നിവരും ഇടംനേടി. കോഹ‌്‌ലിക്കൊപ്പം രണ്ട‌ു ടീമിലും ഇടംനേടിയ ഇന്ത്യൻ താരമായി ബുമ്ര.

ഐസിസി വോട്ടിങ‌് അക്കാദമി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട മുൻ കളിക്കാരും മാധ്യമപ്രവർത്തകരും വോട്ടെടുപ്പിലൂടെയാണ‌് ലോകക്രിക്കറ്റിലെ പോയവർഷത്തെ മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നത‌്.  തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. 2012ലും മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 കലണ്ടർ വർഷത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യൻ നായകനാണ്. ടെസ്റ്റിൽ 55.08 ശരാശരിയിൽ 1322 റൺസ് നേടിയ കോഹ്‌ലി, അഞ്ച‌് സെഞ്ചുറികളും സ്വന്തമാക്കി. ഏകദിനത്തിൽ 133.5 ശരാശരിയിൽ 1202 റൺസ് നേടി. ആറ‌് സെഞ്ചുറികളും കോഹ്‍ലി സ്വന്തം പേരിൽ കുറിച്ചു.

ഓസ്ട്രേലിയൻ താരം ആരോണ്‍  ഫിഞ്ചാണ് മികച്ച ട്വന്റി–- 20 താരം. സ്പിരിറ്റ് ഓഫ് ദ ഇയർ പുരസ്കാരം ന്യൂസിലൻഡ‌് നായകൻ കെയ്ൻ വില്യംസണ്‍ സ്വന്തമാക്കി. അസോസിയേറ്റ‌് രാജ്യങ്ങളിലെ മികച്ചതാരം സ‌്കോട‌്‌ലൻഡിന്റെ കലും മക‌്‌ലിയോദ‌ാണ‌്. ഐസിസി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ രണ്ടാം സ്ഥാനത്തുമാണ്‌.

ടെസ്റ്റ‌് ടീം
ടോം ലാതം (ന്യൂസിലൻഡ‌്)‌, ദിമുത‌് കരുണരത‌്‌നെ (ശ്രീലങ്ക)‌‌‌, കെയ‌്ൻ വില്യംസൺ (ന്യൂസിലൻഡ‌്), വിരാട‌് കോഹ‌്‌ലി (-ക്യാപ‌്റ്റൻ–-ഇന്ത്യ), ഹെൻറി നിക്കോളാസ‌് (ന്യൂസിലൻഡ‌്), ഋഷഭ‌് പന്ത‌് (വിക്കറ്റ‌് കീപ്പർ, ഇന്ത്യ), ജാസൺ ഹോൾഡർ (വെസ‌്റ്റിൻഡീസ‌്)‌, കഗീസോ റബാദ (ദക്ഷിണാഫ്രിക്ക), നതാൻ ല്യോൺ (ഓസ‌്ട്രേലിയ), ജസ‌്പ്രീത‌് ബുമ്ര (ഇന്ത്യ),‌ മുഹമ്മദ‌് അബ്ബാസ‌് (പാകിസ്ഥാൻ).

ഏകദിന ടീം
രോഹിത‌് ശർമ (ഇന്ത്യ), ജോണി ബെയർസ‌്റ്റോ (ഇഗ്ലണ്ട‌്)‌, വിരാട‌് കോഹ‌്‌ലി (ക്യാപ‌്റ്റൻ–-ഇന്ത്യ), ജോ റൂട്ട‌് (ഇഗ്ലണ്ട‌്)‌, റോസ‌് ടെയ‌്‌ലർ  (ന്യൂസിലൻഡ‌്)‌, ജോസ‌് ബട‌്‌ലർ (വിക്കറ്റ‌് കീപ്പർ, ഇഗ്ലണ്ട‌്), ബെൻ സ‌്റ്റോക‌്സ‌് (ഇഗ്ലണ്ട‌്)‌,‌ മുസ‌്താഫിസുർ റഹ‌്മാൻ (ബംഗ്ലാദേശ‌്)‌, റഷീദ‌് ഖാൻ (അഫ‌്ഗാനിസ്ഥാൻ)‌‌, കുൽദീപ‌് യാദവ‌് (ഇന്ത്യ), ജസ‌്പ്രീത‌് ബുമ്ര (ഇന്ത്യ).


പ്രധാന വാർത്തകൾ
 Top