28 November Saturday

ചാമ്പ്യൻസ്‌ ലീഗ്‌ : പാരിസ്‌ കീഴടക്കി യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയ റഷ്‌ഫഡിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ


പാരിസ്‌
മാർകസ്‌ റഷ്‌ഫഡിന്റെ ഉജ്വലഗോളിൽ പിഎസ്‌ജിയെ വീഴ്‌ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ 2–-1നാണ്‌ യുണൈറ്റഡ്‌ നിലവിലെ റണ്ണറപ്പുകളെ മറികടന്നത്‌. പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്‌ യുണൈറ്റഡിനെ മുമ്പിലെത്തിച്ചപ്പോൾ ആന്തണി മാർഷ്യലിന്റെ പിഴവുഗോൾ പിഎസ്‌ജിക്ക്‌ ആശ്വാസമായി. എന്നാൽ, 87–-ാം മിനിറ്റിൽ ഇരുപതുവാരയകലെനിന്ന്‌ റഷ്‌ഫഡ്‌ തൊടുത്ത പന്ത്‌ നെയ്‌മറിനെയും കൂട്ടരെയും അവസാനിപ്പിച്ചു.

സ്വന്തംതട്ടകത്തിൽ പരിക്കായിരുന്നു പിഎസ്‌ജിയെ തളർത്തിയത്‌. മാർക്വീനോസ്‌, യുവാൻ ബെർണാഡ്‌, മൗറോ ഇക്കാർഡി, തിലോ ഖെഹ്‌റർ, മാർകോ വെരാറ്റി, ലിയാൻഡ്രോ പരദെസ്‌, യൂലിയൻ ഡ്രാക്‌സ്‌ലർ തുടങ്ങി ആദ്യ പതിനൊന്നിലെ പതിവുകാരെല്ലാം പുറത്തിരുന്നു. നെയ്‌മറും ഏഞ്ചൽ ഡി മരിയയും കിലിയൻ എംബാപ്പെയും അണിചേർന്ന മുന്നേറ്റത്തിന്‌ ആവശ്യമായ പിന്തുണ സഹതാരങ്ങളിൽനിന്ന്‌ ലഭിച്ചില്ല. യുണൈറ്റഡ്‌ പ്രതിരോധക്കാരുടെ മികവും പിഎസ്‌ജിയെ ചെറുത്തു.

ഡേവിഡ്‌ ഡെഗെയയുടെ തകർപ്പൻ പ്രകടനവും അവരെ ലക്ഷ്യത്തിൽനിന്നകറ്റി. മാർഷ്യലിനെ വീഴ്‌ത്തിയ ആനുകൂല്യത്തിലാണ്‌ യുണൈറ്റഡിന്‌ പെനൽറ്റി ലഭിച്ചത്‌. ഫെർണാണ്ടസിന്റെ കിക്ക്‌ കെയ്‌ലർ നവാസ്‌ തടുത്തു. എന്നാൽ, വാറിൽ നവാസ്‌ കിക്കെടുക്കുംമുമ്പേ വരയ്‌ക്ക്‌ പുറത്തായിരുന്നു എന്ന്‌ തെളിഞ്ഞതോടെ വീണ്ടും ഫെർണാണ്ടസിന്‌ അവസരം നൽകി. ഇത്തവണ യുണൈറ്റഡ്‌ ക്യാപ്‌റ്റന്‌ പിഴച്ചില്ല. ഇടവേള കഴിഞ്ഞ്‌ പിഎസ്‌ജി വേഗം കൂട്ടിയെങ്കിലും പ്രതിരോധം കടുപ്പിച്ച്‌ യുണൈറ്റഡ്‌ അതിജീവിച്ചു.

മറ്റ്‌ കളികളിൽ യുവന്റസ്‌ ഡൈനാമോ കീവിനെ കീഴടക്കി (2–-0). അൽവാരോ മൊറാട്ടയാണ്‌ ഗോളുകൾ നേടിയത്‌. ചെൽസി–-സെവിയ്യ പോരാട്ടം ഗോളില്ലാക്കളിയായി. ബൊറൂസിയ ഡോർട്‌മുണ്ടിനെ ലാസിയോ വീഴ്‌ത്തി (3–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top