റാഞ്ചി > ഇന്ത്യക്ക് സമ്പൂർണ പരമ്പര വിജയം രണ്ട് വിക്കറ്റുകൾ അകലെ. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ടിന് 132 എന്ന നിലയിലാണ്. 203 റൺ പിന്നിൽ. രണ്ടുദിനം ബാക്കിനിൽക്കെ സമനില സ്വപ്നം കാണാൻ പോലുമാവില്ല. മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി. ഒന്നാം ഇന്നിങ്സിൽ 162 റണ്ണിനാണ് സന്ദർശകർ മടങ്ങിയത്. മൂന്നാംദിനം ഇന്ത്യ 16 വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 497 റൺ കുറിച്ചിരുന്നു.
റാഞ്ചിയിൽ ആദ്യ രണ്ടുദിനം രോഹിത് ശർമയുടെ നേതൃത്വത്തിൽ ബാറ്റ്സ്മാൻമാർ വാണപ്പോൾ മൂന്നാം ദിനം ബൗളർമാരുടേതായിരുന്നു. രണ്ടു വിക്കറ്റിന് ഒമ്പത് എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ നിലയുറപ്പിക്കാൻ വിട്ടില്ല ഇന്ത്യ. സുബൈർ ഹംസ (62), ടെംബ ബവുമ (32), ജോർജ് ലിൻഡെ (37) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാം വിക്കറ്റിൽ ലിൻഡെയും ആൻറിച്ച് നോർത്യെയും ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും നീണ്ടുപോയില്ല. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ഷഹബാസ് നദീം രാജ്യാന്തര ക്രിക്കറ്റിലെ കന്നി വിക്കറ്റ് കുറിച്ചു. ബവുമയെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചാണ് വലംകൈയൻ സ്പിന്നർ ആദ്യ വിക്കറ്റ് നേടിയത്.
335 റണ്ണിന് പിന്നിലായ ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിന് സമാനമായി വിരാട് കോഹ്ലി ഫോളോ ഓൺ ചെയ്യിച്ചു. പേസർമാർക്കനുകൂലമായി മാറിയ പിച്ചിൽ ഷമിയും ഉമേഷും താണ്ഡവമാടി. 36 റണ്ണെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറി. ഓപ്പണർ ഡീൻ എൽഗർ (16) പരിക്കേറ്റ് മടങ്ങിയതും അവർക്ക് തിരിച്ചടിയായി. ഒമ്പത് ഓവർ എറിഞ്ഞ ഷമി പത്തു റൺ വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. ഉമേഷ് രണ്ടും. രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യൻ പേസ് സഖ്യം അഞ്ച് വീതം വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി എൽഗറിന്റെ പകരക്കാരൻ തിയുനിസ് ഡി ബ്രയ്നും (30) നോർത്യെയുമാണ് (5) ക്രീസിൽ. കളിയുടെ അവസാനം അശ്വിന്റെ പന്ത് വിരലിന് കൊണ്ട് സാഹ മടങ്ങി. ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ പകരക്കാരനായെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..