02 June Tuesday

അഫീൽ മടങ്ങി; മോഹങ്ങൾ ബാക്കി

സിബി ജോർജ്‌Updated: Tuesday Oct 22, 2019

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ അഫീലിനെ ഒരുനോക്ക് കാണുന്ന അച്ഛൻ ജോൺസനും അമ്മ ഡാർളിയും. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സമീപം

കോട്ടയം > കായികമോഹങ്ങൾ ബാക്കിവച്ച്‌ അഫീൽ ജോൺസൺ കളിക്കളത്തോട്‌ വിടചൊല്ലി. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ 18 ദിവസത്തെ ചികിത്സയ്‌ക്ക്‌ ഫലമില്ലാതെയാണ്‌ യാത്ര. ഈ ദിവസങ്ങളത്രയും ഉണ്ണാതെയും ഉറങ്ങാതെയും കൂട്ടിരുന്ന അച്ഛൻ ജോൺസന്റെയും അമ്മ ഡാർളിയുടെയും കാത്തിരിപ്പും വിഫലം.
ഏകമകനെ ഫുട്‌ബോൾ താരമായി കാണുകയായിരുന്നു ഇരുവരുടെയും ജീവിതലക്ഷ്യം. അഫീലിനെ പഠിപ്പിക്കുന്നതിനൊപ്പം ഫുട്‌ബോൾ പരിശീലന ക്യാമ്പുകളിലേക്ക്‌ വിടാനും അവർക്ക്‌ മടിയുണ്ടായില്ല.  തലനാട്‌ ചൊവ്വരൂർ കുറിഞ്ഞാംകുളത്തെ വീട്ടിൽനിന്നുള്ള അഫീലിന്റെ യാത്രകളെല്ലാം കളിക്കളത്തിലേക്കായിരുന്നു. 

മൂന്നിലവ്‌ നവജ്യോതി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലായിരുന്നു അഫീലിന്റെ പത്താംക്ലാസ്‌ വരെയുള്ള പഠനം. ഈ കാലത്തിനിടെയാണ്‌ കാൽപ്പന്തുകളിയെ സ്‌നേഹിച്ചുതുടങ്ങിയത്‌.  സ്‌കൂൾ ടീമിൽനിന്ന്‌ ആദ്യം ഉപജില്ലാ ടീമിലെത്തി. പിന്നീട്‌ അണ്ടർ 16 ജില്ലാ ടീമിലും ഇടംനേടി. മികവുറ്റ താരമാകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പാലാ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള ചുവടുമാറ്റം. പഠിത്തത്തിലും മിടുക്കനായിരുന്നതിനാൽ പ്ലസ്‌വണിന്‌ സയൻസ്‌ ബാച്ചിൽ പ്രവേശനം കിട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌കോർലൈൻ പരിശീലന ക്യാമ്പിലേക്കും അഫീലിനെ തെരഞ്ഞെടുത്തിരുന്നു. 

കായികാധ്യാപകരുടെ നിർദേശപ്രകാരമായിരുന്നു കഴിഞ്ഞ നാലിന്‌ പാലാ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിന്റെ വളന്റിയറായി എത്തിയത്‌.   കായികമേളയുള്ളതിനാൽ മൂന്നുദിവസം പാലാ സ്‌റ്റേഡിയത്തിൽ ചുമതലയുണ്ടെന്ന്‌ അവൻ പറഞ്ഞതായി അമ്മ ഡാർളി പറഞ്ഞു. വളന്റിയറായി തെരഞ്ഞെടുത്ത ബാഡ്‌ജും കിട്ടിയിരുന്നു.   

ഡോക്ടർമാരുടെ സമീപനത്തിലും ചികിത്സയിലും കുടുംബം തൃപ്‌തരാണെങ്കിലും അപകടത്തിൽനിന്ന്‌ എല്ലാവരും കൈകഴുകുന്നതിൽ അഫീലിന്റെ കുടുംബത്തിന്‌ ദുഃഖവും പ്രതിഷേധവുമുണ്ട്‌. അഫീൽ സ്‌റ്റേഡിയത്തിലെത്തിയത്‌ വിളിക്കാതെയാണെന്ന ചിലരുടെ പരാമർശം ഇവരെ വേദനിപ്പിക്കുന്നു.  ‘മത്സരനടത്തിപ്പിലെ പിഴവാണ്‌ അപകടത്തിനിടയാക്കിയത്‌. എന്നാൽ, അതേക്കുറിച്ച്‌ ആരും മിണ്ടുന്നില്ല. കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കാനും തയ്യാറായിട്ടില്ല.  ഇക്കാര്യത്തിൽ ഞങ്ങൾക്ക്‌ നീതി കിട്ടണം.  സമഗ്രമായ അന്വേഷണം നടത്തിയാൽ സത്യമറിയാം’–- അഫീലിന്റെ അച്ഛൻ ജോൺസൺ പറഞ്ഞു.

ഈ കണ്ണീർ പാഠമാകട്ടെ...

ദുരന്തം നടക്കുമ്പോൾ മൈതാനത്തുണ്ടായിരുന്നു. ഈ ഇനങ്ങൾ ഒരുമിച്ചുനടത്താൻ പാടില്ലായിരുന്നു. പക്ഷേ, സംഭവിച്ചുപോയി.
ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല. അതിന്‌ ആവശ്യമായ ജാഗ്രതയും നടപടികളും ഉണ്ടാവണം. എത്രയോ കായികമേളകളിൽ പങ്കെടുത്തിട്ടുണ്ട്‌. പക്ഷേ, ഇത്തരം ഒരു അനുഭവം ആദ്യമാണ്‌. അതാകട്ടെ വല്ലാത്ത നടുക്കമുണ്ടാക്കുന്നതും.
കെ പി തോമസ്‌ 

നമ്മുടെ മത്സരനടത്തിപ്പ്‌ കുറെക്കൂടി പ്രൊഫഷണലാകണം. ഒഫീഷ്യലുകളായാലും സഹായികളായി എത്തുന്നവരായാലും ആവശ്യമായ പരിശീലനം ലഭിച്ചവരാകണം. മത്സരത്തിനിടെ മൈതാനത്തുള്ള നീക്കങ്ങൾ പ്രധാനമാണ്‌. പ്രത്യേകിച്ച്‌ അപകടസാധ്യതയുള്ള ഇനങ്ങൾ നടക്കുമ്പോൾ.
‘സ്‌പോർട്‌സ്‌ സ്‌പെസിഫിക്‌ വളന്റിയേഴ്‌സ്‌’ സംവിധാനം കായികമേളയ്‌ക്ക്‌ അനിവാര്യമാണ്‌. കേരളത്തിൽ നടക്കുന്ന ഒരു കായികമേളയ്‌ക്കും ഇത്തരമൊരു രീതിയില്ല. ഒഫീഷ്യലുകൾക്ക്‌ കൃത്യമായി ക്ലാസ്‌  നൽകണം. ആരെങ്കിലുംവന്ന്‌ എങ്ങനെയെങ്കിലും  മത്സരം സംഘടിപ്പിച്ച്‌ പോയാൽ പോരാ. ഡൽഹിയിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ നടത്തിയപ്പോൾ പരിശീലനം ലഭിച്ച ഒഫീഷ്യലുകളും വളന്റിയർമാരുമാണ്‌ ഉണ്ടായിരുന്നത്‌.
എസ്‌ പഴനിയാപിള്ള അത്‌ലറ്റിക്‌
ഫെഡറേഷൻ ഓഫ്‌ ഇന്ത്യ
ടെക്‌നിക്കൽ കമ്മിറ്റി
മുൻ ചെയർമാൻ

സ്‌കൂൾ കായികമേളകളിൽ കുട്ടികളെ ഒഫീഷ്യലുകളായോ സഹായികളായോ ഉപയോഗിക്കില്ല. സംസ്ഥാനതലത്തിൽമാത്രമല്ല, താഴെത്തട്ടിലും ഇക്കാര്യം ശ്രദ്ധിക്കും. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരനടത്തിപ്പിനും സഹായിക്കാനും ഒഫീഷ്യലുകൾ ഉണ്ടാകും.
ഡോ. ചാക്കോ ജോസഫ്‌
ജോയിന്റ്‌ ഡയറക്‌ടർ (സ്‌പോർട്‌സ്‌) 


പ്രധാന വാർത്തകൾ
 Top