എകതെറിൻബർഗ്
സ്വർണത്തോളം തിളക്കമുള്ള വെള്ളിയുമായി അമിത് പംഗൽ ഇടിക്കൂട്ടിൽനിന്ന് മടങ്ങി. ലോക ബോക്സിങ് ചാമ്പ്യൻഷിപ് 52 കിലോഗ്രാം വിഭാഗം ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ ഷാകോബിദിൻ സോയ്റോവിനാട് പംഗൽ കീഴടങ്ങി (5–-0). ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളി നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടത്തോടെയാണ് ഇരുപത്തിമൂന്നുകാരൻ കൈയുറ അഴിച്ചത്. ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യത നേരത്തേ ഉറപ്പാക്കിയിരുന്നു ഹരിയാനക്കാരൻ.
ഒളിമ്പിക് ചാമ്പ്യനെതിരെ കരുതലേടെയായിരുന്നു പംഗലിന്റെ തുടക്കം. സോയ്റോവിൽനിന്ന് അകലം പാലിച്ച് പ്രതിരോധത്തിലൂന്നി കളിച്ചു. ഇടയ്ക്ക് എതിരാളിയെ വിറപ്പിച്ചുള്ള കടന്നുകയറ്റവും. പക്ഷേ ഉസ്ബെക്കുകാരന്റെ പരിചയസമ്പന്നതയ്ക്കു മുന്നിൽ പംഗലിന് പലപ്പോഴായും പതറി. കൃത്യമായ ഇടവേളകളിൽ സോയ്റോവിന്റെ പഞ്ചുകൾ പംഗലിന്റെ മുഖം കുലുക്കി. രണ്ടും മൂന്നും റൗണ്ടിൽ ഇന്ത്യക്കാരന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ റഫറിമാർ ഏകാഭിപ്രായത്തോടെ ഉസ്ബെക്കിസ്ഥാൻകാരനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സെമിയിൽ കസാഖ്സ്ഥാന്റെ സകേൻ ബിബോസിനോവിനെ കീഴടക്കിയാണ് ഏഷ്യൻ ചാമ്പ്യൻ ഫൈനലിലെത്തിയത്. ലോക ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആറാം മെഡലാണിത്. ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ടാം മെഡലാണ് പംഗൽ നേടിയത്. 63 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക്ക് വെങ്കലം നേടിയിരുന്നു.
ഹരിയാനയിലെ റോത്തക്കിൽ കർഷക കുടുംബത്തിൽ ജനിച്ച പംഗൽ, സഹോദരൻ അജയ് പംഗലിൽ നിന്നാണ് ബോക്സിങ്ങിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കിയത്. 2016ൽ അരങ്ങേറ്റത്തിൽ തന്നെ 49 കിലോയിൽ സ്വർണവുമായി വരവറിയിച്ച പംഗലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..